കമ്പകക്കാനം കൂട്ടക്കൊല: മുഖ്യപ്രതിയും അറസ്റ്റില്‍

Wednesday 8 August 2018 10:34 am IST
അനീഷിനെ ഇടുക്കിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ലിബീഷും പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഇരുവര്‍ക്കും എതിരെ പീഡനത്തിനും സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.

അടിമാലി/ തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നാലംഗ കുടുബത്തെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതി അറസ്റ്റില്‍. അടിമാലി കൊരങ്ങാട്ടി വനവാസി കോളനിയിലെ അനീഷിനെയാണ് കഴിഞ്ഞ രാത്രി നാട്ടുകാരുടെ സഹായത്തോടെ പോലീസ് നേര്യമംഗലത്ത് നിന്ന് പിടികൂടിയത്. 

ശുചിമുറിയില്‍ ഒളിച്ച് കഴിയവെയാണ് അറസ്റ്റ്. ഓട്ടോയിലായിരുന്നു ഇയാള്‍ നേര്യമംഗലത്തെത്തിയത്. പ്രദേശത്ത് ചക്കക്കച്ചവടം നടത്തുന്ന ആളിന്റെ വീട് അന്വേഷിച്ചാണ് അനീഷ് എത്തിയത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം സുഹൃത്തുക്കളില്‍ ചിലരെ അറിയിക്കുകയും തുടര്‍ന്ന്  അനീഷ് അന്വേഷിച്ച ആളുടെ വീട്ടിലെത്തുകയുമായിരുന്നു. വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ആളനക്കവും ഉണ്ടായിരുന്നില്ല. വന്നയാള്‍ തിരിച്ചുപോയിട്ടുണ്ടാവാന്‍ സാദ്ധ്യതയില്ലന്ന നിഗമനത്തില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മുറ്റത്തെ ശുചിമുറിയില്‍ ഒളിച്ചിരുന്ന അനീഷിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കാളിയാര്‍ സിഐ യൂനസിന് വിവരം കൈമാറുകയും പൊലീസ് സംഘമെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

കൃഷ്ണന് 300 മൂര്‍ത്തികളുടെ ശക്തിയുണ്ടെന്നു വിശ്വസിച്ച കേസിലെ മുഖ്യപ്രതി അനീഷ്, കൃഷ്ണനെ കൊലപ്പെടുത്തി വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങള്‍ കൈക്കലാക്കാനാണ് കൂട്ടക്കൊല പദ്ധതി തയ്യാറാക്കി നടപ്പിലാക്കിയത്. അനീഷ് മൂന്നു വര്‍ഷം മുന്‍പ് മന്ത്രവാദം പഠിക്കാന്‍ കൃഷ്ണനെ സമീപിച്ചിരുന്നു. പിന്നീട് ചില വിഷയങ്ങളുടെ പേരില്‍ അനീഷും കൃഷ്ണനും അകന്നു. സ്വയം ചെയ്ത മന്ത്രവാദങ്ങള്‍ പരാജയപ്പെട്ടതിനു പിന്നില്‍ കൃഷ്ണന്റെ പൂജകളുടെ ശക്തിയാണെന്ന്‌ അനീഷ് വിശ്വസിച്ചു. തുടര്‍ന്നാണ് കൃഷ്ണനെ കൊലപ്പെടുത്താന്‍ അനീഷ് പദ്ധതി തയാറാക്കിയത്. 

പദ്ധതി നടപ്പാക്കാന്‍ വര്‍ഷങ്ങളായി അടുപ്പമുള്ള ലിബീഷിനെയും ഒപ്പം ചേര്‍ത്തു. ലിബീഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിനെ ഇടുക്കിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ലിബീഷും പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഇരുവര്‍ക്കും എതിരെ പീഡനത്തിനും സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.