കനത്ത മഴ: ഇരിട്ടിയില്‍ ഉരുള്‍പ്പൊട്ടല്‍; മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയില്‍

Wednesday 8 August 2018 11:25 am IST
ഇരിട്ടി ഉളിക്കല്‍ മേഖലയില്‍ പുഴ കരകവിഞ്ഞൊഴുകി മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. ഗതാഗതം മുടങ്ങി. ഉളിക്കല്‍ അറബിക്കുളത്ത് ഉരുള്‍പൊട്ടി കനത്ത നാശം വിതച്ചിട്ടുണ്ട്. കൃഷിഭൂമി നെടുകെ പിളര്‍ന്നാണ് ഉരുള്‍പൊട്ടി വലിയ ഒഴുക്ക് രൂപപ്പെട്ടത്. കനത്ത നിലയില്‍ രൂപപ്പെട്ട തോട് പറമ്ബുകളിലൂടെ കുത്തിയൊലിച്ച് ഒഴുകുകയാണ്.

ഇരിട്ടി: രണ്ട് ദിവസ ഇടവേളക്ക് ശേഷം മഴ വീണ്ടും കനത്തു. ഇരിട്ടി ഉളിക്കല്‍ മേഖലയില്‍ പുഴ കരകവിഞ്ഞൊഴുകി മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. ഗതാഗതം മുടങ്ങി. ഉളിക്കല്‍ അറബിക്കുളത്ത് ഉരുള്‍പൊട്ടി കനത്ത നാശം വിതച്ചിട്ടുണ്ട്. കൃഷിഭൂമി നെടുകെ പിളര്‍ന്നാണ് ഉരുള്‍പൊട്ടി വലിയ ഒഴുക്ക് രൂപപ്പെട്ടത്. കനത്ത നിലയില്‍ രൂപപ്പെട്ട തോട് പറമ്ബുകളിലൂടെ കുത്തിയൊലിച്ച് ഒഴുകുകയാണ്.

മാട്ടറ, വട്യാംതോട്, മണിക്കടവ് പാലങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. വയത്തൂര്‍ പാലവും വെള്ളത്തിനടിയിലായി. സമീപപ്രദേശങ്ങളിലെ നിരവധി വീടുകളും കടകളും സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായി. 

മേഖലയിലെ ബാവലി, ആറളം, ബാരാപ്പുഴ, ഇരിട്ടി പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കച്ചേരിക്കടവ്, മുടിക്കയം, ആറളം വനമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായ മട്ടിലാണ് പുഴകളില്‍ ആശങ്കാജനകമായ നിലയില്‍ ജലവിതാനവും ഒഴുക്കും കനത്തത്. ജൂണ്‍ 12 ന്റെ മാക്കൂട്ടം, കച്ചേരിക്കടവ് ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ നിന്ന് മലയോരം വിടുതല്‍ നേടിയിട്ടില്ല. കര്‍ണാടകത്തിലേക്കുള്ള മാക്കൂട്ടം പെരമ്പാടി ചുരം പാത ഉരുള്‍പൊട്ടി തകര്‍ന്നു. വലിയ വണ്ടികള്‍ക്ക് ഇതിലൂടെ സര്‍വീസ് നടത്താനാവുന്ന നില ഇത് വരെ ആയിട്ടില്ല. ജീപ്പ് പോലുള്ള ചെറിയ വണ്ടികള്‍ മാത്രമാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. ബസുകള്‍ അടക്കം മണിക്കൂറുകള്‍ അധികം താണ്ടി കൊട്ടിയൂര്‍ മാനന്തവാടി വഴിയാണ് കര്‍ണാടകത്തിലേക്ക് പോവുന്നത്. അന്നത്തെ ഉരുള്‍പൊട്ടലില്‍ 19 വീടുകള്‍ തകര്‍ന്നു. 

സ്ഥലവും വീടും നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വാടക വീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ പദ്ധതിക്ക് കാത്തിരിപ്പിലാണ് അധികൃതര്‍. വീണ്ടും കടുക്കുന്ന കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടല്‍ കെടുതിയുടെ ഭീതിയിലാണ് നാടാകെ. ഇരിട്ടി താലൂക്കാഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.