ബോട്ടിലിടിച്ച കപ്പല്‍ മംഗലാപുരത്ത് നങ്കൂരമിട്ടു

Wednesday 8 August 2018 12:44 pm IST
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എന്‍.വി.ദേശ് ശക്തിയാണ് ബോട്ടിലിടിച്ചതെന്നാണ് സൂചന. ഇറാക്കിലേക്ക് പോവുകയായിരുന്നു കപ്പല്‍.

മംഗലാപുരം: മുനമ്പം തീരത്ത് മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പലിനോട് യാത്ര നിര്‍ത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് മംഗലാപുരം തീരത്ത് നങ്കൂരമിട്ടു. പരിശോധനകള്‍ക്ക് ശേഷം മാത്രമേ അപകടമുണ്ടാക്കിയത് ഈ കപ്പലാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. 

കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എന്‍.വി.ദേശ് ശക്തിയാണ് ബോട്ടിലിടിച്ചതെന്നാണ് സൂചന. ഇറാക്കിലേക്ക് പോവുകയായിരുന്നു കപ്പല്‍. അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മുനമ്പത്ത് നിന്നും 14 പേരുമായി മത്സ്യ ബന്ധനത്തിനു പോയ ഓഷ്യാനിക്ക് എന്ന ബോട്ടില്‍ ദേശ ശക്തി എന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ ഇടിച്ചത്. അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരെയാണ് കാണാതായത്. കാണാതായവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും.

കാണാതായവര്‍ക്കായി നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ രാത്രി മുഴുവന്‍ നടത്തിയ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ കടലിലേയ്ക്ക് പുറപ്പെട്ട മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘവും തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ മരിച്ച മൂന്നു പേരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ രക്ഷപ്പെടുത്തിയ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് വിവരം.

മോശം കാലാവസ്ഥയെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഇന്നലെ വൈകീട്ട് തിരച്ചില്‍ അവസാനിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ കടലിലേക്ക് പുറപ്പെട്ട സംഘം തെരച്ചില്‍ തുടരുന്നുണ്ട്. കാണാതായവരുടെ ബന്ധുക്കളെ ഒപ്പം ചേര്‍ത്താണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.