കരുണാനിധി: സൈബര്‍ സഖാക്കളെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

Wednesday 8 August 2018 1:55 pm IST
1999-04 കാലത്ത് ബിജെപി മുന്നണിയില്‍ ആയിരുന്നു ഡിഎംകെ. 99ലെ തെരഞ്ഞെടുപ്പില്‍ തമിഴകത്തെ നാലു സീറ്റില്‍ താമര വിരിഞ്ഞു - നീലഗിരി, തിരുച്ചിറപ്പള്ളി, നാഗര്‍കോവില്‍, കോയമ്പത്തൂര്‍. വാജ്‌പേയിയുടെ ക്യാബിനറ്റില്‍ മുരശൊലി മാരന്‍ വ്യവസായ, വാണിജ്യ വകുപ്പുകളും ടി ആര്‍ ബാലു വനം- പരിസ്ഥിതി വകുപ്പും കയ്യാളി.

 
കൊച്ചി: എം. കരുണാനധി കടുത്ത കമ്യൂണിസ്റ്റ് ദര്‍ശനക്കാരനായിരുന്നുവെന്ന സൈബര്‍ സഖാക്കളുടെ പുകഴ്ത്തലിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ ഫേസ്ബുക്കില്‍. ''കരുണാനിധി ഹിന്ദുത്വ ഗോസായി രാഷ്ട്രീയത്തിന് ദ്രാവിഡ ദേശത്തു സൂചി കുത്താനിടം കൊടുത്തില്ല എന്നാണ് സൈബര്‍ സഖാക്കള്‍ മദാറടിക്കുന്ന,''തെന്ന് വിമര്‍ശിക്കുന്ന പോസ്റ്റ് ഇങ്ങനെ:
 
'' മുത്തുവേല്‍ കരുണാനിധി കാലയവനികയ്ക്കു പിന്നില്‍ മറയുന്നു.
 
തമിഴക മുതലമൈച്ചര്‍, ദ്രാവിഡ കച്ചി തലൈവര്‍, കഥ- വചനം എഴുത്താളന്‍ എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ പാടിപ്പുകഴ്ത്തുകയാണ് യക്ഷ കിന്നര ഗന്ധര്‍വ്വന്മാര്‍. കളത്തില്‍ ചേരനേ, കലയില്‍ ചോളനേ, കവിതയില്‍ പാണ്ഡ്യനേ, എങ്കള്‍ കലൈഞ്ജറേ വാഴ്ക വാഴ്ക!
 
അഞ്ചു തവണ മുഖ്യമന്ത്രി ആയപ്പോഴും വിഭവസമാഹരണത്തില്‍ വിരുതു തെളിയിച്ച മഹാനാണ് മു.കരുണാനിധി. 1978ല്‍ നാലു വോള്യമായി പുറത്തുവന്ന ജസ്റ്റിസ് ആര്‍.എസ്. സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് കലൈഞ്ജറുടെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്.
 
പെരിയോര്‍ ഇ.വി രാമസ്വാമിയും കാ.നാ. അണ്ണാദുരൈയും നട്ടുനനച്ചു വളര്‍ത്തിയ ദ്രാവിഡ കക്ഷിയെ തന്റെ കുടുംബസ്വത്താക്കാന്‍ കരുണാനിധിക്കു സാധിച്ചു. സ്റ്റാലിന്‍ ചെന്നൈയില്‍, അഴഗിരി മധുരൈയില്‍, കനിമൊഴി ദല്‍ഹിയില്‍.
 
കരുണാനിധി ഹിന്ദുത്വ ഗോസായി രാഷ്ട്രീയത്തിന് ദ്രാവിഡ ദേശത്തു സൂചി കുത്താനിടം കൊടുത്തില്ല എന്നാണ് സൈബര്‍ സഖാക്കള്‍ മദാറടിക്കുന്നത്.
 
1999-04 കാലത്ത് ബിജെപി മുന്നണിയില്‍ ആയിരുന്നു ഡിഎംകെ. 99ലെ തെരഞ്ഞെടുപ്പില്‍ തമിഴകത്തെ നാലു സീറ്റില്‍ താമര വിരിഞ്ഞു - നീലഗിരി, തിരുച്ചിറപ്പള്ളി, നാഗര്‍കോവില്‍, കോയമ്പത്തൂര്‍. വാജ്‌പേയിയുടെ ക്യാബിനറ്റില്‍ മുരശൊലി മാരന്‍ വ്യവസായ, വാണിജ്യ വകുപ്പുകളും ടി ആര്‍ ബാലു വനം- പരിസ്ഥിതി വകുപ്പും കയ്യാളി.
 
പറയുമ്പോള്‍ എല്ലാം പറയണമല്ലോ, നമ്മുടെ അബ്ദുല്‍ നാസര്‍ മഅദനിയെ 1998ല്‍ ആദ്യം അകത്താക്കിയതും കരുണാനിധി ആയിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅദനി ഒമ്പതു കൊല്ലം വിചാരണ തടവുകാരനായി കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്ന കാര്യം കലൈഞ്ജറുടെ പുതിയ പിന്തുണക്കാര്‍ക്ക് ഓര്‍മയുണ്ടോ എന്തോ?''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.