രാജാജി ഹാളിലേക്ക് പതിനായിരങ്ങള്‍: തിക്കിലും തിരക്കിലും രണ്ട് മരണം

Wednesday 8 August 2018 2:29 pm IST
ബന്ധുക്കള്‍ക്കും ഡിഎംകെ നേതാക്കള്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നതിനേക്കാള്‍ ആളുകള്‍ മൃതദേഹത്തിന്റെ അടുത്തേക്ക് തള്ളിക്കയറുകയായിരുന്നു.

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ഭൗതിക ദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലേക്ക് പതിനായിരങ്ങള്‍ ഇടിച്ചുകയറിയതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.

ബന്ധുക്കള്‍ക്കും ഡിഎംകെ നേതാക്കള്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നതിനേക്കാള്‍ ആളുകള്‍ മൃതദേഹത്തിന്റെ അടുത്തേക്ക് തള്ളിക്കയറുകയായിരുന്നു.  കരുണാനിധിയുടെ മൃതദേഹം ചെന്നൈയിലെ മറീന ബീച്ചില്‍ സംസ്‌കരിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ പൊലീസ് സുരക്ഷ പിന്‍വലിച്ചതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതോടെ പൊതുദര്‍ശനത്തിനിടെ പൊലീസിന് നിയന്ത്രണം നഷ്ടമായി. ബാരിക്കേഡുകള്‍ തകര്‍ത്ത് അണികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. 

തിരക്ക് പരിധി വിട്ടതോടെ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. അധികാരത്തില്‍ ഇരിക്കുന്നവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അതില്‍ പ്രകോപിതരാകരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ് ഡിഎംകെ എന്നും അതിനാല്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജാജി ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച പോയതിന് പിന്നാലെയാണ് പോലീസ് സ്ഥലത്ത് നിന്നും വലിഞ്ഞു തുടങ്ങിയത്. ഇതോടെ രാജാജി ഹാളിന്റെ പരിസരത്ത് കാത്തുനിന്ന പതിനായിരങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ മൃതദേഹത്തിന്റെ സമീപത്തേക്ക് ഇരച്ചെത്തുകയായിരുന്നു. കരുണാനിധിയുടെ സംസ്‌കാരം ആറുമണിക്ക് മറീന ബീച്ചില്‍ ആണ് നടക്കുക. പതിനായിരങ്ങളാണ് പ്രിയനേതാവിനെ കാണാന്‍ പ്രവഹിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.