ഡിഎംകെ നാളെ: എങ്ങനെ ഇപ്പോള്‍ പറയാനാവും?

Wednesday 8 August 2018 4:59 pm IST
'ഹിന്ദി വിരുദ്ധ'നും 'ഹിന്ദു വിരുദ്ധ'നും ദ്രാവിഡവാദപ്പേരില്‍, 'ആര്യത്വം ആരോപിക്കുന്ന' ബിജെപിക്ക് എതിര്‍ നില്‍ക്കുന്നയാളും ആയിരുന്ന കരുണാനിധിയാണ് ഡിഎംകെയെ ബിജെപിയോടു ചേര്‍ത്തുകെട്ടിയത്. എല്‍ടിടിഇ വിപ്ലവകാരികളുമായുള്ള അടുപ്പവും അനുഭാവവും മൂലം രാജീവ്ഗാന്ധി വധക്കേസ് അന്വേഷിച്ച ജെയിന്‍ കമ്മീഷന്‍ സംശയ നിഴലില്‍ നിര്‍ത്തിയ പാര്‍ട്ടിയായിരുന്നു ഡിഎംകെ.

കരുണാനിധിയുടെ നിര്യാണത്തോടെ തമിഴ്‌നാട്ടിലെ ഡിഎംകെയുടെ ഉദയസൂര്യന്‍ അസ്തമിക്കുമോ? അങ്ങനെയൊന്നും രാഷ്ട്രീയം പറയാനാവില്ല. പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍. എംജിആറിന്റെ മരണാനന്തര വിലാപയാത്രയില്‍, ശവമഞ്ചത്തില്‍നിന്ന് ജാനകി ചവിട്ടിത്താഴെയിട്ട ജയലളിതയെ പില്‍ക്കാലത്ത് മുഖ്യമന്ത്രിയാക്കിയ ചരിത്രമമാണല്ലോ തമിഴ്‌നാടിന്.

പക്ഷേ, ഡിഎംകെയുടെ ഇനിയുള്ള കാലത്തെ രാഷ്ട്രീയം എങ്ങനെയാകും? ഡിഎംകെയുടെ അനുയായികളെ കരുണാനിധി കൊണ്ടുനടന്നതുപോലെ പാര്‍ട്ടിയില്‍ കരുണാനിധിയുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് നയിക്കാന്‍ സാധിക്കുമോ. അനുയായികള്‍ വഴിപിരിയുമോ? കണ്ടറിയണം. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ രാഷ്ട്രീയത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അങ്ങനെ സംശയം ജനിക്കാം.

കരുണാനിധിയുടെ ഡിഎംകെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിട്ടുണ്ട്. മതേതരത്വം പറഞ്ഞ് ജനതാപാര്‍ട്ടിയോടൊപ്പം കൂടിയിട്ടുണ്ട്. സിപിഎമ്മിന്റെ നേതൃത്വവും നിയന്ത്രണവും സമ്മതിച്ച് ഐക്യമുന്നണി സര്‍ക്കാരില്‍ ചേര്‍ന്ന് കേന്ദ്ര ഭരണത്തിലെത്തിയിട്ടുണ്ട്. 1999 മുതല്‍ 2004 വരെയുണ്ടായിരുന്ന വാജ്‌പേയി സര്‍ക്കാരില്‍ ബിജെപിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപി ഭരണത്തോടൊപ്പം ഉണ്ടായിരുന്നു. 'കരുണാനിധി ഇടതുപക്ഷക്കാരനാണ്, ചുകപ്പനാണ്, വിപ്ലവനായകനാണ്, നാസ്തികനാണ്' എന്നെല്ലാം ചിലര്‍ പറയുമ്പോഴാണ് ബിജെപിയോടൊപ്പം കേന്ദ്രത്തില്‍ ഭരണം കൈയാളിയ കാര്യം ഓര്‍മിക്കേണ്ടത്. 

'ഹിന്ദി വിരുദ്ധ'നും 'ഹിന്ദു വിരുദ്ധ'നും ദ്രാവിഡവാദപ്പേരില്‍, 'ആര്യത്വം ആരോപിക്കുന്ന' ബിജെപിക്ക് എതിര്‍ നില്‍ക്കുന്നയാളും ആയിരുന്ന കരുണാനിധിയാണ് ഡിഎംകെയെ ബിജെപിയോടു ചേര്‍ത്തുകെട്ടിയത്. എല്‍ടിടിഇ വിപ്ലവകാരികളുമായുള്ള അടുപ്പവും അനുഭാവവും മൂലം രാജീവ്ഗാന്ധി വധക്കേസ് അന്വേഷിച്ച ജെയിന്‍ കമ്മീഷന്‍ സംശയ നിഴലില്‍ നിര്‍ത്തിയ പാര്‍ട്ടിയായിരുന്നു ഡിഎംകെ.  ഈ ഡിഎംകെയെ വെറുമൊരു പ്രാദേശിക പാര്‍ട്ടിയെന്ന പദവിയില്‍നിന്ന് ദേശീയ തലത്തിനപ്പുറം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയത് ബിജെപിയായിരുന്നു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് വാണിജ്യ വകുപ്പു മന്ത്രിയാക്കി മുരശൊലി മാരനെ അന്താരാഷ്ട്ര വേദികളിലേക്ക് അയച്ചപ്പോള്‍ ഡിഎംകെയ്ക്ക് വലിയ കുതിപ്പാണ് ബിജെപി നല്‍കിയത്.

ബിജെപിയോടൊപ്പം എന്തുകൊണ്ട് ഡിഎംകെ ചേര്‍ന്നു? അവിടെയാണ് കരുണാനിധിയുടെ യുക്തിവാദം വെളിവാകുന്നത്; അല്ലാതെ, 'രാമസേതു പണിഞ്ഞ ശ്രീരാമന്‍ ഏത് എഞ്ചിനീയറിങ് കോളെജില്‍ പഠിച്ചതാണെന്ന' ചോദ്യത്തിലല്ല. വാജ്‌പേയി സര്‍ക്കാര്‍ 1998 -ല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയാണ്. അന്ന് പ്രതിപക്ഷത്തായ ജയലളിത ബിജെപിയോടൊപ്പം ചേര്‍ന്നത് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് കരുണാനിധി സര്‍ക്കാരിനെ പുറത്താക്കിക്കാനായിരുന്നു. ഏറെ സമ്മര്‍ദ്ദം ഉണ്ടായി; സര്‍ക്കാര്‍ വീഴുമെന്നുറപ്പായിട്ടും അടല്‍ബിഹാരി വാജ്‌പേയി സമ്മതിച്ചില്ല. സര്‍ക്കാര്‍ വീണു. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ കരുണാനിധി വാജ്‌പേയിയേയും ബിജെപിയേയും പിന്തുണച്ചു. ഒരു പാര്‍ട്ടിയുടെ ആദര്‍ശത്തിനും നിലപാടിനുമുള്ള വിശ്വാസപ്രകടനമായിരുന്നു അത്. അതിലാണ് കരുണാനിധിയുടെ യുക്തി കൂടുതല്‍ കണ്ടത്. 

അയോധ്യയില്‍ ശ്രീരാമക്ഷേത്രം പണിയാനുള്ള ബിജെപി പിന്തുണയെ പിന്തുണച്ച ജയലളിതയുടെ എഐഎഡിഎംകെയേയും ശ്രീരാമനെ ചോദ്യം ചെയ്യുന്ന കരുണാനിധിയേയും ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നത് രാഷ്ട്രീയത്തിലെ സാധ്യതയാണ്, അത് ഇരു പാര്‍ട്ടികളുടെയും അനുഭാവികളില്‍ ബിജെപി കാണുന്ന ഭാവി സാധ്യതയുമാണ്.

കരുണാനിധിയുടെ രാജ്യതാല്‍പര്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന മരണാനന്തരം നല്ലവാക്കേ പറയാവൂ എന്ന 'ചാക്കാല മര്യാദ' മാത്രമല്ല. ലോകവ്യാപാര സംഘടനയുടെ ദോഹ മീറ്റിങ്ങില്‍, 2001-ല്‍, മാരന്‍ കൈക്കൊണ്ട ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ശക്തി പ്രകടിപ്പിക്കുന്നതായിരുന്നു. മറ്റുപല പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടും പ്രധാനമന്ത്രി വാജ്‌പേയിയുടെ നിര്‍ദ്ദേശം അണുവിട മാറാതെ നടപ്പാക്കാന്‍ അന്ന് മാരനും ഡിഎംകെയും കേന്ദ്രസര്‍ക്കാരിന് ഒപ്പം നിന്നത് ചരിത്രം. 

ശ്രീലങ്കയിലെ തമിഴരോടുള്ള അനുഭാവം തമിഴ് വിപ്ലവ പുലികളോടുള്ള അനുഭാവമായി മാറി, ഡിഎംകെ-എല്‍ടിടിഇ ബന്ധം ഏറെ ചര്‍ച്ചയായപ്പോഴാണ് കരുണാനിധി-ബിജെപി ബന്ധം ഉണ്ടായത്. അതോടെ ആ പാര്‍ട്ടിയുടെ മുഖ്യധാരയിലേക്കുള്ള ആഭിമുഖ്യം തുടങ്ങുകയായിരുന്നു. അന്ധമായ ഹിന്ദി വിരോധവും ഹിന്ദു വിരോധവും പാര്‍ട്ടിക്ക് അപ്പോഴേക്കും അലിഞ്ഞു തുടങ്ങിയിരുന്നു. 

ശരിയാണ്, രാമസേതു വിഷയത്തില്‍ ബിജെപി നിലപാടിനോട് ഡിഎംകെ യോജിച്ചില്ല. അത് അവിടെ പണിയാനുദ്ദേശിച്ച വന്‍ തുറമുഖ പദ്ധതിയലുടെ പേരിലായിരുന്നു. പക്ഷേ, അന്ന് ഡിഎംകെ എന്ന പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ ഒരുപക്ഷത്ത് ബിജെപി  ചേര്‍ന്നില്ല എന്നത് പല ഡിഎംകെ നേതാക്കളുടെയും ബിജെപി ഭക്തിയോ സ്‌നേഹമോ വര്‍ധിപ്പിച്ചതേയുള്ളു. അനുഭാവികളില്‍ പലര്‍ക്കും അക്കഥകളൊക്കെ അറിയുകയും ചെയ്യാം. അതെ, ഡിഎംകെയുടെ ഉദയസൂര്യന്‍ കടല്‍പ്പുറത്ത് മറയുന്നു, പുതിയൊരു ഉദയമായിരിക്കില്ലെന്ന് ആരുകണ്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.