ഭൂരേഖാ നവീകരണ മിഷന്‍: സര്‍വെ വകുപ്പ് അപ്രസക്തമാകുന്നു

Thursday 9 August 2018 2:30 am IST

കൊച്ചി: കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ (ഭൂമി കേരളം പദ്ധതി), കേരള ലാന്‍ഡ് ബോര്‍ഡ് എന്നിവ സംയോജിപ്പിച്ചുള്ള കേരള ഭൂരേഖാ നവീകരണ മിഷന്‍ (കെഎല്‍ആര്‍എം മിഷന്‍) രൂപീകരണം സര്‍വെ വകുപ്പിന് തിരിച്ചടി. ചില ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക താല്‍പര്യം മൂലം കോടികളുടെ ഫണ്ട് ഒഴുകുന്ന പദ്ധതിയില്‍ നിന്നും സര്‍വെ വകുപ്പിനെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

കോടികളുടെ ആസ്തിയുള്ള സര്‍വെ വകുപ്പിന്റെ ഉപകരണങ്ങളും ജീവനക്കാരെ സംബന്ധിച്ച വിഷയങ്ങളും സാമ്പത്തിക ഇടപാടുകളും ഇനി കൈകാര്യം ചെയ്യുക ഇനി കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്ന ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നേരിട്ടായിരിക്കും. ഐഎഎസ് ഉദ്യോഗസ്ഥന്‍ വകുപ്പ് ഡയറക്ടറായ സര്‍വെ വകുപ്പ് ഇനി മുതല്‍ നോക്കുകുത്തിയാക്കും. ഭൂമികേരളം പദ്ധതിയില്‍ വരുന്ന മുഴുവന്‍ ആസ്തി ബാധ്യതകള്‍, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ ഇനി മുതല്‍ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ ഡയറക്ടര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്നും വ്യക്തമാക്കി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവിറക്കി. 

  മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഭൂമി കേരളം പദ്ധതി ആരംഭിച്ചത്. സര്‍വെ വകുപ്പ് ഡയറക്ടറുടെ കീഴില്‍ ആരംഭിച്ച പദ്ധതിക്ക് കീഴില്‍ റീസര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല. നാഷണല്‍ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മോഡണൈസേഷന്‍ പ്രോഗ്രാം വഴി പ്രതിവര്‍ഷം ആറുകോടിയോളം രൂപയും പദ്ധതിക്ക് ലഭിച്ചിരുന്നു. കെഡിഎച്ച് വില്ലേജ് സര്‍വെയും വനാവകാശസര്‍വെയും ഭൂമികേരളം വഴിയാണ് നടപ്പാക്കിയത്. മറുവശത്ത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികള്‍ കണ്ടെത്തി ഡാറ്റാബാങ്ക് ഉണ്ടാക്കാനും ഭവനരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു രൂപീകരിച്ചതായിരുന്നു ലാന്‍ഡ് ബാങ്ക്. എന്നാല്‍ ലക്ഷ്യബോധമില്ലാതെ സംസ്ഥാനത്തെ റോഡുകളും തോടുകളും അടക്കമുള്ള ഡാറ്റാശേഖരണം നടത്തിയതോടെ ലാന്‍ഡ് ബാങ്കിനും ഉദ്ദേശ്യലക്ഷ്യം കൈവരിക്കാനായില്ല.

ഈ സാഹചര്യം നില്‍നില്‍ക്കുമ്പോഴാണ് ഭൂമി സംബന്ധമായ ഡിജിറ്റലൈസേഷന്‍ പദ്ധതികള്‍ക്ക് മോദി സര്‍ക്കാര്‍ കോടികളുടെ കേന്ദ്രസഹായം പ്രഖ്യാപിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കാര്‍ഡ്‌സ് മോഡണൈസേഷന്‍ പ്രോഗ്രാം വഴി ഇപ്പോള്‍ കോടികളുടെ ഫണ്ട് ലഭിക്കും. ഇതു മുന്നില്‍ കണ്ടാണ് കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ രൂപീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഡിജിറ്റലൈസേഷന് വേണ്ടി പ്രഖ്യാപിച്ച കോടികളും മിഷനു കീഴിലാവും കൈകാര്യം ചെയ്യുക. ഈ ഒരു സാഹചര്യത്തിലാണ് സര്‍വെ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ നോക്കുകുത്തിയാക്കി ലാന്‍ഡ് റവന്യു കമ്മീഷണര്‍ എ.ടി. ജെയിംസ് മിഷന്റെ എല്ലാ അധികാരങ്ങളും തന്നില്‍ നിക്ഷിപ്തമാക്കി ഉത്തരവിറക്കിയത്. ഇത്തരമൊരു ഉത്തരവിറക്കണമെങ്കില്‍ മന്ത്രിസഭായോഗത്തിന്റെ അനുമതി വേണം. എന്നാല്‍ മന്ത്രിസഭായോഗത്തിന്റെ മിനിട്‌സില്‍ ഇത്തരമൊരു തീരുമാനമുണ്ടായിട്ടുമില്ല.

  ഉത്തരവ് ഇറങ്ങിയതോടെ കോടികളുടെ ആസ്തിയുള്ള സര്‍വെ ഉപകരണങ്ങളുടെ നിയന്ത്രണവും സര്‍വെ വകുപ്പ് ഡയറക്ടര്‍ക്ക് നഷ്ടമാകും. ഭൂമികേരളം പദ്ധതിയുടെ കീഴില്‍ തന്നെ എട്ടോളം ജിപിഎസ് മെഷീനുകളും 130 ഓളം ഇലക്‌ട്രോണിക്‌സ് ടോട്ടല്‍ സ്റ്റേഷനുകളുമുണ്ടായിരുന്നു. ഒരു ജിപിഎസ് മെഷീന് 40 ലക്ഷത്തിലെറെയും ഒരു ഇലക്‌ട്രോണിക്‌സ് ടോട്ടല്‍ സ്റ്റേഷന് 12 ലക്ഷത്തിലേറെയുമാണ് വില. പദ്ധതിയുടെ കീഴിലുള്ള സര്‍വെവകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യത്തിലും സര്‍വെവകുപ്പ് ഡയറക്ടര്‍ക്ക് നിയന്ത്രണമുണ്ടാവില്ല. കേരളത്തിലെ ഭൂമി റീസര്‍വെ നടപടികള്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് ഈ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.

കെഎല്‍ആര്‍എം മിഷനു കീഴില്‍ സ്വകാര്യഏജന്‍സികള്‍ക്ക് ടെണ്ടര്‍ നല്‍കുന്നതിനു മുന്നോടിയായുള്ള നീക്കവും ഉത്തരവിനു പിന്നിലുണ്ടെന്നാണ് സൂചന. സിപിഎമ്മിനു താല്‍പര്യമില്ലാത്ത ഉദ്യോഗസ്ഥന്‍ കൂടിയാണ സര്‍വെവകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. സ്മാര്‍ട്ട് സിറ്റി സിഇഒ ആയിരുന്ന ഗോപാലകൃഷ്ണന്‍ തിരുവനന്തപുരം മേയര്‍ വി.െക. പ്രശാന്തിന് അപ്രിയനായതോടെയാണ് തെറിച്ചത്. രജിസ്‌ട്രേഷന്‍ വകുപ്പിലും സിപിഎമ്മിന്റെ എതിര്‍പ്പ് ഇദ്ദേഹത്തിന് നേരിടേണ്ടിവന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.