അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കി

Thursday 9 August 2018 2:31 am IST

തിരുവനന്തപുരം: സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കണമെന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കഴുത്തുരത്തി (കൊല്ലം), കൊക്കമുള്ള് (കണ്ണൂര്‍), ഉരുംബിനി (പത്തനംതിട്ട), കുതിരച്ചാട്ടം (കാസര്‍കോട്), മാലോത്തി (കാസര്‍കോട്) എന്നീ പദ്ധതികളുടെ  അനുമതിയാണ് റദ്ദാക്കുന്നത്. കേരളത്തിന്റെ ജലപാതാ വികസനം സമയബന്ധിതമായി നടപ്പാക്കുന്നതിന് രൂപീകരിച്ച കേരളാ വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് ഓഫ് ഇന്ത്യക്കു കൂടി ഓഹരി പങ്കാളിത്തം അനുവദിച്ച് ഓഹരിഘടനയില്‍ മാറ്റം വരുത്തും.

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ രണ്ടു സീനിയര്‍ റസിഡന്റുമാരുടെ തസ്തികകള്‍ സൃഷ്ടിക്കും. കൊച്ചിയിലെ ബ്രഹ്മപുരത്ത് വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കുന്നതിന് 3.44 ഏക്കര്‍ ഭൂമി കൂടി ജി.ജെ. എക്കോ പവര്‍ ലിമിറ്റഡിന് കൈമാറുന്നതിന് കൊച്ചി കോര്‍പ്പറേഷന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിലെ ജീവനക്കാരുടെ നേരിട്ടുളള നിയമനം പിഎസ്‌സി മുഖേന നടത്തും.

കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന ദേവേന്ദ്രകുമാര്‍ സിംഗിനെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാര്‍ഷികോല്‍പ്പാദന കമ്മീഷണറുമായി നിയമിക്കാനും മന്ത്രിസഭാ യോഗം  തീരുമാനിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.