കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം; വൈദ്യുതി, വെള്ളക്കരങ്ങള്‍ക്ക് സാവകാശം

Thursday 9 August 2018 2:33 am IST

തിരുവനന്തപുരം: വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ വീടുകളുടെ വൈദ്യുതി ചാര്‍ജും വെള്ളക്കരവും അടയ്ക്കുന്നതിന് 2019 ജനുവരി വരെ സാവകാശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് (ആധാര്‍, റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് മുതലായവ) അവ ലഭിക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ആഗസ്റ്റ് 16 മുതല്‍ 31 വരെ ക്യാമ്പുകള്‍ നടത്തും. 

 സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ദുരിതബാധിത പ്രദേശങ്ങളിലെ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം വരെ മൊറട്ടോറിയം അനുവദിക്കും. വെള്ളം കയറിയ വീടുകളിലെ തറകളില്‍ വിരിക്കാന്‍ കയര്‍മാറ്റ് നല്‍കാനും യോഗം തീരുമാനിച്ചു. എല്ലാ വീടുകളിലും ശുചിമുറികളും നിര്‍മിച്ച് നല്‍കും. 

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മുഴുവനായും പത്തനംതിട്ട ജില്ലയില്‍ അഞ്ച് വില്ലേജുകളും ഉള്‍പ്പെടെ 198 വില്ലേജുകള്‍ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ മുറിഞ്ഞ മടകള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കും. ഇതിലേക്കായി അടങ്കല്‍ തുകയുടെ 20 ശതമാനം ഉടന്‍ നല്‍കും.   

ജില്ലയിലൊഴുകിയെത്തുന്ന അഞ്ച് നദികളുടെയും വൃഷ്ടിപ്രദേശങ്ങളിലുണ്ടാവുന്ന മഴയുടെയും നീരൊഴുക്കിന്റെയും അളവ് മുന്‍കൂട്ടി മനസ്സിലാക്കി,  വെള്ളപ്പൊക്ക സാധ്യത പ്രവചിക്കാന്‍ ഒരു 'സമഗ്ര ഫ്‌ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം' രൂപകല്‍പ്പന ചെയ്യും. 

  മടവീഴ്ച മൂലമുള്ള ദുരിതം പരിഹരിക്കാനുളള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. പാമ്പുകളുടെ ശല്യം കൂടാനിടയുള്ളതിനാല്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കും. ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് അടിയന്തരമായി പുനരുദ്ധരിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറായി  ആലപ്പുഴ ജില്ലാ കളക്ടറെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.