തമിഴില്‍ ചോദ്യപേപ്പറില്ല: പിഎസ്‌സി പരീക്ഷ എഴുതാന്‍ കഴിയാതെ ഉദ്യോഗാര്‍ഥികള്‍

Thursday 9 August 2018 2:40 am IST

മറയൂര്‍: പിഎസ്‌സി തമിഴ് ചോദ്യപേപ്പര്‍ ലഭിക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതെ ഉദ്യോഗാര്‍ഥികള്‍. കെഎസ്ആര്‍ടിസി റിസര്‍വ് ഡ്രൈവര്‍ (എന്‍സിഎ-എസ്‌സി) ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി എറണാകുളത്ത് 6ന് നടത്തിയ പരീക്ഷയിലാണ് തമിഴ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതെ വന്നത്. എറണാകുളം ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളിലായിരുന്നു പരീക്ഷ. 

പരിക്ഷാഹാളില്‍ തമിഴരുടെ കണക്ക് അധികൃതര്‍ എടുത്തിരുന്നു. മുപ്പതിലധികം പേര്‍ ഉണ്ടെന്ന് കണ്ടെത്തി. എട്ട് മണിക്ക് മലയാളം ചോദ്യപ്പേപ്പര്‍ നല്‍കി. തമിഴ് വിഭാഗത്തില്‍പ്പെട്ടവര്‍ മലയാളം ചോദ്യപേപ്പര്‍ വാങ്ങണ്ട എന്ന് നിര്‍ദേശിച്ചു. എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞ് ഇവര്‍ക്ക് മലയാളം ചോദ്യപേപ്പറുകള്‍ തന്നെ നല്‍കി. തമിഴ് ചോദ്യപേപ്പര്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ചോദ്യപേപ്പര്‍ തീര്‍ന്നു പോയതായി അധികൃതര്‍ അറിയിച്ചു. 10 തമിഴ് ചോദ്യപേപ്പറുകള്‍ മാത്രമാണ് വിതരണം ചെയ്തത്.

ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ മലയാളത്തിലുള്ള ചോദ്യങ്ങള്‍ വായിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. പരിശോധകര്‍ ഇവരെ കളിയാക്കി. ഹാളിന് പുറത്ത് പോകാനും അനുവദിച്ചില്ല. തമിഴ് ചോദ്യപേപ്പറിന്റെ കോപ്പി എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനും കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചിലര്‍ അറിയുന്ന വിധത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി.  ഹാള്‍ വിട്ടിറങ്ങി ഓഫീസറോട് ചോദിച്ചപ്പോള്‍ ആകെ കിട്ടിയത് 10 തമിഴ് ചോദ്യപേപ്പര്‍ മാത്രമാണെന്നും പിഎസ്‌സിക്ക് പരാതി നല്‍കാനും അറിയിച്ചു. തമിഴ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ എറണാകുളം പിഎസ്‌സി ഓഫിസില്‍ പരാതി നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.