വനയാത്ര തുടങ്ങാറായി

Thursday 9 August 2018 2:54 am IST

തന്നെ വനത്തിലേക്കു കൊണ്ടുപോകാമെന്നു പറഞ്ഞ ജ്യേഷ്ഠന്‍ ഇപ്പോഴെന്തുകൊണ്ടാണതിനു വിപരീതമായി പറയുന്നത് എന്നായിരുന്നു ലക്ഷ്മണന്റെ ചോദ്യം. രാമനന്റെ മറുപടിയാകട്ടെ അത്യന്തം യുക്തിപൂര്‍വമായിരുന്നു. ലക്ഷ്മണന്‍ എല്ലാ വിധത്തിലും രാമനെ അനുഗമിക്കുവാന്‍ യോഗ്യനാണത്രേ. എന്നാല്‍ ലക്ഷ്മണന്‍ വനത്തിലേക്കു പോയാല്‍ പിന്നെ ആരാണ് മാതാക്കള്‍ക്ക് (കൗസല്യാദേവിക്കും സുമിത്രാദേവിക്കും) സേവ ചെയ്യുക? കൈകേയി മാതാവ് രാജ്യം ലഭിച്ചാല്‍ പിന്നെ സപ്തനിമാരോട് നല്ല പെരുമാറ്റം കാഴ്ചവെക്കാനിടയില്ല.  ഭരതന്റെ പെരുമാറ്റവും വ്യത്യസ്തമാകാനിടയില്ല. 

'രാമന്റെ ധാര്‍മിക തേജസ്സിനാല്‍ പ്രചോദിതനായി ഭരതന്‍ കൗസല്യാദേവിയോടും സുമിത്രാദേവിയോടും ആദരവോടെ മാത്രമേ ഇടപെടുകയുള്ളൂ. ഇക്കാര്യത്തില്‍ സംശയം വേണ്ട. ഇതിനു വിപരീതമായി ഭരതന്‍ പെരുമാറിയാല്‍ ഞാന്‍ അവന്റെയും അവന്റെ കൂട്ടാളികളുടേയും കഥ കഴിക്കും. ഏറ്റവും ആദരണീയയായ കൗസല്യാമാതാവിന് ആയിരക്കണക്കിനു ഗ്രാമങ്ങള്‍ സ്വന്തമായി ലഭിച്ചിട്ടുണ്ടല്ലോ. അതിനാല്‍ കൗസല്യാമാതാവിന് എന്നെപ്പോലെയും എന്റെ മാതാവിനേപ്പോലെയുമുള്ള ആശ്രിതരെ സംരക്ഷിക്കുവാനാകും'.

'അതുകൊണ്ട് എന്നെ അങ്ങയുടെ സേവകനാക്കൂ. അതിലൊരു തെറ്റുമില്ല. അതിലൂടെ എന്റെയും ജ്യേഷ്ഠന്റേയും ഉദ്ദേശ്യങ്ങള്‍ നടത്തുവാനാകും. കെട്ടിയ വില്ലും ഒരു മണ്‍വെട്ടിയും കുട്ടയുമായി വഴികാണിച്ചുകൊണ്ട് ഞാന്‍ മുമ്പില്‍ നടക്കും. നിങ്ങള്‍ക്കു വേണ്ട ഫലങ്ങളും കിഴങ്ങുകളും അഗ്‌നിയില്‍ ഹോമിക്കുവാനുള്ളവ കൂടി ഞാന്‍ കൊണ്ടുവരാം. ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും കൂടി മലമുകളില്‍ വിഹരിച്ചുകൊള്ളൂ. ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ജ്യേഷ്ഠനു വേണ്ടതെല്ലാം ഞാന്‍ ചെയ്തുകൊള്ളാം' ലക്ഷ്മണന്‍ തുടര്‍ന്നു.

ലക്ഷ്മണന്റെ വാക്കുകളില്‍ സന്തുഷ്ടനായ രാമന്‍ വേണ്ടപ്പെട്ടവരോട് പോയി അനുവാദം വാങ്ങിവരുവാന്‍ ലക്ഷ്മണനെ ഉപദേശിച്ചു. 'കൂടാതെ രണ്ടു ധനുസ്സുകള്‍ (ഇവ വരുണന്‍ ജനകമഹാരാജാവിനു നല്‍കിയവയാണ്) ഈ രണ്ട് പടച്ചട്ടകളും ആവനാഴികളും (ഒരിക്കലും തീരാത്ത അസ്ത്രങ്ങളുള്ളവ) വാളുകളും കുലഗുരുവായ വസിഷ്ഠന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവയെനിക്ക് ജനകമഹാരാജാവ് നല്‍കിയതാണ്. അവകൂടി എടുത്തുകൊണ്ടുവരിക' രാമന്‍ പറഞ്ഞു.

ലക്ഷ്മണന്‍ മടങ്ങിയെത്തിയപ്പോള്‍ രാമന്‍ പറഞ്ഞു; ഞാനുദ്ദേശിച്ച സമയത്തുതന്നെ നീയെത്തിയിരിക്കുന്നു. എനിക്കുള്ള സമ്പത്തെല്ലാം ഞാന്‍ നല്ലവരായ ബ്രാഹ്മണര്‍ക്കും ആശ്രിതര്‍ക്കുമായി ദാനം ചെയ്യുകയാണ്. ഇതിനിടെ പെട്ടെന്നുപോയി വസിഷ്ഠപുത്രനായ സുയജ്ഞനേയും മറ്റു ബഹുമാന്യരായ ബ്രാഹ്മണരേയും വരുത്തുക. അവരെ ആദരിച്ചുകൊണ്ട് വനത്തിലേക്കു പുറപ്പെടാം.

(തുടരും)

വി.എന്‍.എസ്. പിള്ള

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.