ശൂദ്രന്റെ ഗുണസ്വഭാവങ്ങളില്‍ നിന്നുണ്ടാകുന്ന കര്‍മങ്ങള്‍ (18-44 ഉത്തരാര്‍ധം)

Thursday 9 August 2018 2:59 am IST

പരിചര്യാത്മകം കര്‍മ- മറ്റുള്ളവരെ ശുശ്രൂഷിക്കുക എന്നതാണ് പരിചര്യ എന്ന പദത്തിന്റെ അര്‍ത്ഥം. അതാണ് ശൂദ്രന്റെ സ്വഭാവസിദ്ധമായ കര്‍മം. ശ്രീമദ്ഭാഗവം 11-ാം സ്‌കന്ധത്തില്‍ 17-ാം അധ്യായത്തില്‍ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെ, ഭക്തോത്തമനായ ഉദ്ധവനോടു പരിചര്യ എന്ന ശൂദ്രകര്‍മത്തെ വ്യാഖ്യാനിക്കുന്നുണ്ട്.

''ശുശ്രൂഷണം ദ്വിജഗവാം

ദേവാനാം ചാപ്യമായ യാ

തത്ര ലബ്‌ധേന സന്തോഷഃ

ശൂദ്രപ്രകൃതയസ്ത്വിമാഃ'' (ശ്ലോ-19)

(=ത്രൈവര്‍ണികര്‍, പശുക്കള്‍, ദേവന്മാര്‍ ഇവരെ ശുശ്രൂഷിക്കുക, ആത്മാര്‍ത്ഥമായി പരിചരിക്കുക, അവരില്‍നിന്നു കിട്ടുന്ന ധനധാന്യാദികള്‍ സ്വീകരിച്ച് സന്തോഷിക്കുക. ഇത് ശൂദ്രന്റെ പ്രകൃതിയാണ് സ്വഭാവമാണ്.) ഈ ശ്ലോകം തെറ്റായി വ്യാഖ്യാനിക്കരുത്. ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും വൈശ്യരുടെയും വീടുകളില്‍ അടിമകളായി ജോലി ചെയ്തു. കൂലിവാങ്ങാതെ എന്നെന്നും കഷ്ടപ്പെട്ട് ജീവിക്കണം ശൂദ്രന്‍ എന്നല്ല അര്‍ത്ഥം. ബ്രാഹ്മണര്‍ യജ്ഞാദികര്‍മങ്ങളും ക്ഷത്രിയര്‍ പ്രജാപരിപാലനം തുടങ്ങിയ കര്‍മങ്ങളും വൈശ്യര്‍, കൃഷി, ഗോസംരക്ഷണം മുതലായ കര്‍മങ്ങളും ഭഗവാന്‍ സന്തോഷിക്കുവാന്‍ വേണ്ടി ഭഗവാന് ആരാധനയായി ചെയ്യുമ്പോള്‍ അവ യജ്ഞങ്ങളായി മാറുന്നു. ആ യജ്ഞകര്‍മങ്ങളില്‍ സഹായിക്കുന്നവരും ആ യജ്ഞങ്ങളില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നത്. അവിടങ്ങളില്‍നിന്ന് കിട്ടുന്ന ഭക്ഷണവും ദ്രവ്യങ്ങളും ധനങ്ങളും വസ്ത്രങ്ങളും യജ്ഞശിഷ്ടങ്ങളാണ്; അവ അമൃതമാണ്. അവ സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്താല്‍ സര്‍വവിധ പാപങ്ങളും നശിക്കും; പുണ്യകര്‍മങ്ങള്‍ ചെയ്യാന്‍ കഴിയും; പരമപദം-ബ്രഹ്മപദം-പ്രാപിക്കാനും സാധിക്കും. ഭഗവാന്‍ തന്നെ മുന്‍പ് ഈ കാര്യം പറഞ്ഞിട്ടുണ്ട്.

''യജ്ഞ ശിഷ്ടാശിനഃ സന്തോ

മുച്യന്തേ സര്‍വകില്ബിഷൈഃ'' (ഗീ-3 ല്‍ ശ്ലോകം.13)

(=യജ്ഞശിഷ്ടം ഭുജിക്കുന്നവര്‍ എല്ലാ പാപങ്ങളില്‍നിന്നും മോചിക്കപ്പെടും)

''യജ്ഞശിഷ്ടാമൃതഭുജോ യാന്തി ബ്രഹ്മസനാതനം''

(ഗീത. 4-31)

(=യജ്ഞശിഷ്ടം അമൃതമാണ്. അതു ഭുജിക്കുന്നവര്‍ ബ്രഹ്മഭാവത്തില്‍ എത്തിച്ചേരും)

ചാതുര്‍വര്‍ണ്യം ജന്മംകൊണ്ടല്ല നിര്‍ണയിക്കേണ്ടത്, മനുഷ്യരുടെ സ്വഭാവത്തില്‍നിന്നുണ്ടായതും നമുക്ക് കണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതുമായ അവരുടെ പ്രവൃത്തികള്‍കൊണ്ടാണ്-വൈദികവും ലൗകികവുമായ കര്‍മങ്ങള്‍കൊണ്ടാണ് എന്ന് ഭഗവദ്ഗീതയില്‍ ഭഗവാന്‍ വ്യക്തമാക്കുന്നു. മനുസ്മൃതിയിലും വിശദീകരിക്കുന്നു. 

യോളനധീത്യ ദ്വിജോ വേദാന്‍

അന്യത്ര കുരുതേ ശ്രമം

സ ജീവന്നേവ ശൂദ്രത്വം

ശുഗച്ഛതി സാന്വയഃ

(മനുസ്മൃതി-2-168)

(=വേദം പഠിക്കാതെ ഏതൊരു ബ്രാഹ്മണനാണോ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നത്, അവന്‍ ജീവിക്കുമ്പോള്‍ തന്നെ കുടുംബസമേതം ഉടന്‍ ശൂദ്രനായിത്തീരുന്നു.)

കാനപ്രം കേശവന്‍ നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.