കുതിരാന്‍ തുരങ്കത്തില്‍ മണ്ണിടിച്ചില്‍

Thursday 9 August 2018 3:02 am IST

തൃശൂര്‍: കുതിരാന്‍ തുരങ്കമുഖത്ത്  വീണ്ടും മണ്ണിടിച്ചില്‍. സമീപഭാവിയില്‍ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കാനുള്ള സാധ്യത മങ്ങി.കിഴക്കേ തുരങ്കമുഖത്തിന്റെ, തെക്ക് പണി പൂര്‍ത്തിയായിക്കൊണ്ടിരുന്ന ഭാഗത്താണ് മണ്ണിടിച്ചില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചെറിയ തോതിലുള്ള മണ്ണിടിച്ചില്‍ ഇന്നലെയും തുടര്‍ന്നു. പീച്ചി വനമേഖലയിലെ  കനത്ത മഴയാണ് കാരണം. 

തുരങ്കമുഖത്ത് ഉരുക്ക് പാളിക്ക് മുകളില്‍ 20 മീറ്റര്‍ ദൂരം മണ്ണ് നേരത്തെ നീക്കിയിരുന്നതാണ്. അതിനുമുകളില്‍ പാറക്കെട്ടുകള്‍ക്ക ് മുകളില്‍ നിന്നുള്ള മണ്‍തിട്ടയാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. തുരങ്ക മുകള്‍ഭാഗം തുറന്നു കിടക്കുന്നതിനാല്‍ ഉരുക്കുകവചമിട്ട  തുരങ്കത്തിന് മുകളിലേക്കാണിപ്പോള്‍ മണ്ണ് വന്ന് വീഴുന്നത്. റോഡിലേക്കു വീഴുന്നില്ല.  മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ തുരങ്കമുഖം തന്നെ അടഞ്ഞുപോകാം. കൂടുതല്‍ മണ്ണിടിഞ്ഞാല്‍ കുതിരാന്‍മല മുകളിലെ വന്‍മരങ്ങള്‍ ഉള്‍പ്പെടെ പതിച്ചേക്കും.

ദേശീയപാതാ അധികൃതരും തുരങ്ക നിര്‍മാണ കമ്പനിയും  ഗൗരവത്തോടെയാണ് ഇവിടത്തെ മണ്ണിടിച്ചിലിനെ കാണുന്നത്. ദേശീയപാതാ പ്രോജക്ട് ഡയറക്ടര്‍ സുരേഷ് കുമാര്‍ മണ്ണിടിഞ്ഞ സ്ഥലം സന്ദര്‍ശിച്ചു. മണ്ണിടിയാതിരിക്കാന്‍ അധികൃതര്‍ മണ്ണ് തിട്ടയില്‍ ഇരുമ്പ് വലയിട്ട് സിമന്റ് പമ്പിങ്ങ് നടത്തിയതായിരുന്നു. അതെല്ലാം ദുര്‍ബലമായി.

നേരത്തെ തുരങ്കത്തിന്റെ വശങ്ങളില്‍ നിന്ന്  പാറക്കെട്ടുകള്‍ ഇടിഞ്ഞു വീണിരുന്നു. ഇവിടെ ഉരുക്ക് വല സ്ഥാപിച്ച് കോണ്‍ക്രീറ്റിങ് നടത്തി സുരക്ഷിതമാക്കാന്‍ വല  കൊണ്ടിട്ടിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. തുരങ്കത്തിന് മുകളില്‍ മലയില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ കാന പണിത് മലമുകളിലെ മഴവെള്ളം ഒഴുക്കിവിടാന്‍ പദ്ധതിയുണ്ടെങ്കിലും അതിന് വനം വകുപ്പ് അനുമതി ലഭിക്കാത്തതാണ് പ്രശ്നമെന്ന് തുരങ്ക നിര്‍മാതാക്കളായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ് പിആര്‍ഒ ശിവാനന്ദന്‍ പറഞ്ഞു. പത്ത് മാസംമുമ്പ് അപേക്ഷ നല്‍കിയതാണെന്നും ശിവാനന്ദന്‍ പറഞ്ഞു. എന്നാല്‍ അപേക്ഷ നല്‍കിയതല്ലാതെ വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് ഡിഎഫ്ഒ കെ.ഒ. സണ്ണി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.