കോടതിയില്‍ ജയിച്ചത് ഡിഎംകെ; നേടിയത് അണ്ണാഡിഎംകെ

Thursday 9 August 2018 3:06 am IST

ചെന്നൈ: ചൊവ്വാഴ്ച രാത്രി വൈകിയാണ് മദ്രാസ് ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് എച്ച്. ജി. രമേശിന്റെ വീട്ടില്‍ വിളക്കണഞ്ഞത്. കലൈഞ്ജര്‍ കരുണാനിധിക്ക് മറീന ബീച്ചില്‍ അണ്ണാസമാധിക്കടുത്ത് അന്ത്യവിശ്രമസ്ഥാനം ഒരുക്കാനുള്ള ഡിഎംകെയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ തള്ളിയപ്പോഴാണ് പ്രസ്‌നം കോടതിയില്‍ എത്തിയത്. 

തലേന്നു രാത്രി തുടങ്ങിയ വാദം ഇന്നലെ രാവിലെ എട്ടു മണിക്കു വീണ്ടും തുടങ്ങി. ചീഫ് ജസ്റ്റിസും ജസ്റ്റിസ് എസ്.എസ്. സുന്ദറും ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേട്ടത്. ചൊവ്വാഴ്ച രാത്രി പറഞ്ഞ, തീരദേശ പരിപാലന നിയമം. ചെന്നൈ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് എന്നിവയല്ലാതെ മറ്റെന്തെങ്കിലും നിയമ പ്രശ്‌നങ്ങളുണ്ടോ എന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആരാഞ്ഞു. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍, എംജിആറിന്റെ ഭാര്യ ജാനകിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമത്തിനു സ്ഥലം അനുവദിച്ചില്ല തുടങ്ങിയ വാദങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചു.

മറീന ബീച്ചില്‍ സ്മാരകങ്ങള്‍ ഉയരുന്നതിനെതിരെ സമര്‍പ്പിച്ച അഞ്ചു ഹര്‍ജികള്‍ പിന്‍വലിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികാവിഷ്ടങ്ങള്‍ മറീന ബീച്ചില്‍ നിന്നു നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് എസ്. ദുരൈസ്വാമി, കെ. ബാലു എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളും പിന്‍വലിച്ചു. അതോടെ ഡിഎംകെക്ക് അനുകൂല വിധി എന്ന സൂചന വന്നു. കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമമൊരുക്കാന്‍ വിധിച്ചാല്‍ തനിക്ക് എതിര്‍പ്പില്ലെന്നു മറ്റൊരു പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചിരുന്ന ട്രാഫിക് രാമസ്വാമി എന്ന പൊതുപ്രവര്‍ത്തകനും കോടതിയെ അറിയിച്ചതോടെ തടസങ്ങള്‍ നീങ്ങി. 

ജയലളിതയ്ക്ക് സ്മാരകം നിര്‍മിക്കുന്നതിനെതിരെ സമര്‍പ്പിച്ച അഞ്ചു ഹര്‍ജികളും തള്ളിയ കോടതി, കരുണാനിധിയുടെ ഭൗതിക ദേഹം മറീന ബീച്ചില്‍ സംസ്‌കരിക്കാം എന്നു വിധി പ്രസ്താവിച്ചു.

കോടതിയില്‍ വിജയം, രാഷ്ട്രീയ നേട്ടം എന്നൊക്കെ ഡിഎംകെ അനുകൂല കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ കടിച്ച പാമ്പിനെക്കൊണ്ടു വിഷമിറക്കിക്കുക എന്ന വിജയം അണ്ണാഡിഎംകെക്കു സ്വന്തം. ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലത്ത് സ്മാരകം നിര്‍മിക്കുന്നതിനെതിരെ സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും പിന്‍വലിപ്പിക്കാന്‍ കിട്ടിയ  കൃത്യമായ അവസരം സര്‍ക്കാന്‍ ഫലപ്രദമായി ഉപയോഗിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.