ഇ-പോസ് മെഷീനുകളുടെ സര്‍വര്‍ തകരാറില്‍, റേഷന്‍ വിതരണം നിലച്ചു

Thursday 9 August 2018 3:14 am IST

കോട്ടയം: ഇ-പോസ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ വിതരണം നിലച്ചു. സര്‍വര്‍ തകരാറാണ് കാരണം. ഇ-പോസ് മെഷീന്‍ തകരാറിലായതോടെ റേഷന്‍കടകള്‍ക്ക് മുന്നില്‍ വിതരണമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച ശേഷം ഉടമകള്‍ കടയടച്ചു. ഇതോടെ കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യവിതരണവും തടസ്സപ്പെട്ടു. വൈകിട്ട് 4 മണിയോടെയാണ് സര്‍വറിലെ തകരാര്‍ പരിഹരിക്കാനായത്. 

 കുറച്ച്‌നാളുകളായി ഇ- പോസ് മെഷീനുകളെക്കുറിച്ച് നിരവധി പരാതികളാണ് . റേഷന്‍ വാങ്ങണമെങ്കില്‍ വിരലടയാളം വേണം. എന്നാല്‍ വിരല്‍ പതിച്ചാലും യന്ത്രത്തില്‍ ഒന്നും തെളിയില്ല. ഇത് കടകളില്‍ ഉപഭോക്താക്കളും കട ഉടമകളും തമ്മില്‍  തര്‍ക്കത്തിന് കാരണമാകുന്നുണ്ട്. ഇതിന് പുറമേയാണ് സര്‍വര്‍ തകരാറും. ഒരു കിലോ അരി വാങ്ങാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. 

സംസ്ഥാനത്ത് 14,000 കടകളില്‍ ഇ- പോസ് മെഷീനുണ്ട്. നിലവില്‍ 8,000 യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ശേഷി മാത്രമാണുള്ളത്. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളെയും എഫ്‌സിഐ ഗോഡൗണുകളെയും ബന്ധിപ്പിച്ചാണ് സര്‍വറിന്റെ പ്രവര്‍ത്തനം. സര്‍വറിന് ശേഷിയില്ലെന്ന കാര്യം റേഷന്‍ കടയുടമകള്‍ പല തവണ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ല. ഇ- പോസ് മെഷീനുകള്‍ വാങ്ങിയത് സംബന്ധിച്ചും ആക്ഷേപമുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.