കലൈഞ്ജറുടെ കാലം

Thursday 9 August 2018 3:16 am IST

തൊണ്ണൂറ്റിനാല് വര്‍ഷം നീണ്ട സംഭവബഹുലവും ജയപരാജയ സമ്മിശ്രവുമായ ജീവിതത്തിനൊടുവില്‍ മുത്തുവേല്‍ കരുണാനിധി ഈ ലോകത്തുനിന്ന് വിടപറയുമ്പോള്‍ അവസാനിക്കുന്നത് കലൈഞ്ജര്‍ യുഗമാണ്. പതിനാല് തവണ എംഎല്‍എയായും, അഞ്ച് തവണ മുഖ്യമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട കരുണാനിധി തമിഴക രാഷ്ട്രീയം രൂപപ്പെടുത്തുന്നതിലും നയിക്കുന്നതിലും വഹിച്ച പങ്ക് ചരിത്രപരമാണ്. 

ജനാധിപത്യം ശത്രുമിത്ര ഭേദത്തിന് വഴിമാറിയ ദ്രാവിഡ രാഷ്ട്രീയത്തിലെ അവസാന നായകന്‍ എന്ന വിശേഷണമാണ് കരുണാനിധിക്ക് ചേരുക. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവായ അണ്ണാദുരൈയോടൊപ്പം രംഗപ്രവേശം ചെയ്ത് അധികം വൈകാതെ ഡിഎംകെയില്‍ പിടിമുറുക്കിയ കരുണാനിധിയുടെ പില്‍ക്കാല വാഴ്ചയും വീഴ്ചയും തമിഴ് സിനിമാ കഥപോലെ വിസ്മയിപ്പിക്കുന്നതാണ്. മക്കള്‍തിലകം എംജിആറിനൊപ്പം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ഇടയുകയും ചെയ്ത കരുണാനിധി എംജിആറിന്റെ അനന്തരവകാശിയായി മാറിയ ജയലളിതയുമായും ഏറ്റുമുട്ടി. ജയയും കരുണാനിധിയും തമ്മിലെ രാഷ്ട്രീയ ശത്രുത വ്യക്തിപരമായ തലത്തിലേക്കും മാറുകയുണ്ടായി. 

രാഷ്ട്രീയ നേട്ടം മുന്‍നിര്‍ത്തി അവസരത്തിനൊത്ത് കരുക്കള്‍ നീക്കുന്നതില്‍ സമര്‍ത്ഥനായിരുന്ന കരുണാനിധി ഒരുകാലത്ത് കോണ്‍ഗ്രസിന്റെ കടുത്ത ശത്രുവായിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ വീറോടെ പൊരുതുന്നതില്‍ മുന്നില്‍നിന്ന കരുണാനിധി അന്ന് ഒപ്പമുണ്ടായിരുന്ന അടല്‍ബിഹാരി വാജ്‌പേയി രണ്ട് പതിറ്റാണ്ടിനുശേഷം പ്രധാനമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരിനെ പിന്തുണച്ചു. 

രണ്ടായിരത്തിനാലില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്രത്തിലെ സര്‍ക്കാരിന്റെ ഭാഗമാകാനും കരുണാനിധി മടിച്ചില്ല. അധികാര രാഷ്ട്രീയത്തില്‍ വിജയം മാത്രം ലക്ഷ്യമാക്കിയപ്പോള്‍ നൈതികമായും ധാര്‍മികമായും പരാജയപ്പെടുന്നത് കരുണാനിധി പ്രശ്‌നമാക്കിയില്ല. പാര്‍ട്ടിയുടെ അധികാരം കുടുംബാംഗങ്ങളിലേക്ക് ചുരുക്കിക്കൊണ്ടുവന്നതിലൂടെ ജനാധിപത്യം പ്രഹസനമായി. അവസാനകാലത്ത് പാര്‍ട്ടിയുടെ അധികാരം പിടിക്കാന്‍ പരസ്പരം പോരടിച്ച മക്കള്‍ക്കിടയില്‍ നിസ്സഹായനായി നില്‍ക്കാനേ ഒരുകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും തന്ത്രജ്ഞനായ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കരുണാനിധിക്ക് കഴിഞ്ഞുള്ളൂ.

കക്ഷിരാഷ്ട്രീയത്തിനപ്പുറം പ്രതിഭാശാലിയായിരുന്നു കവിയും തിരക്കഥാകൃത്തുമായ കരുണാനിധി. ഹിന്ദിവിരോധം കൈമുതലാക്കി തമിഴിനെ പ്രോത്സാഹിപ്പിച്ചു. രാഷ്ട്രീയമായ കൊടുങ്കാറ്റുകള്‍ക്കിടയിലും പാര്‍ട്ടിയേയും അണികളെയും കൂടെ നിര്‍ത്താന്‍ കരുണാനിധി കാണിച്ച മിടുക്ക് എതിരാളികള്‍പോലും സമ്മതിച്ചുകൊടുക്കും. മൂന്നുതലമുറക്കാലം പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവായി തുടരാന്‍ കഴിഞ്ഞത് അദ്ഭുതകരം തന്നെയാണ്. തമിഴ് ജനതയുടെ ക്ഷേമത്തിനുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. 

മാധ്യമങ്ങള്‍ വിമര്‍ശിച്ചാല്‍ അത് 'ആര്യ ബ്രാഹ്മണ ഗൂഢാലോചന'യായി മുദ്രകുത്തി. കരുണാനിധിയുടെ ആരാധകര്‍ പലരും കടുത്ത ഹിന്ദുവിശ്വാസികളാണെന്നതാണ് ഇതിലെ വിരോധാഭാസം. കരുണാനിധി പരസ്യമായി തള്ളിപ്പറഞ്ഞ ആചാരങ്ങള്‍ പിന്തുടരാന്‍ അനുയായികള്‍ മടിച്ചില്ല. ഇതുകൊണ്ടൊക്കെ വിജയിച്ച നേതാവായി കരുണാനിധിയെ വിലയിരുത്താനാവില്ല. അപ്പോഴും തെന്നിന്ത്യന്‍ രാഷ്ട്രീയത്തില്‍ കരുണാനിധിയോളം തലപ്പൊക്കമുള്ള നേതാക്കള്‍ ഉണ്ടായിട്ടില്ലെന്ന് സമ്മതിക്കേണ്ടിവരും. ഇനി ഉണ്ടാകുമെന്നു കരുതാനുമാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.