വീണ്ടുമൊരു ക്വിറ്റിന്ത്യാദിനം; കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ ബാക്കിപത്രം

Thursday 9 August 2018 3:16 am IST
76 വര്‍ഷം മുമ്പുനടന്ന ക്വിറ്റിന്ത്യാ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട അദ്ധ്യായം രചിച്ച കമ്യൂണിസ്റ്റ് സഖാക്കളുടെ ചിത്രമാണ് തെളിഞ്ഞു കാണുന്നത്. പല സ്വാതന്ത്ര്യസമര സേനാനികളേയും ഒറ്റിക്കൊടുക്കുകയും ബ്രീട്ടീഷുകാര്‍ക്ക് പിടിച്ചുകൊടുക്കുകയും ചെയ്തത് സഖാക്കളായിരുന്നു.

1942 ആഗസ്റ്റ് 8ന് മുംബൈയിലെ ഗ്വാളിയടാങ്ക് മൈദാന്‍ എന്ന് പേരുണ്ടായിരുന്ന മൈതാനത്ത് വെച്ചാണ് ''പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക'' എന്ന ശക്തമായ മുദ്രാവാക്യവുമായി ഇന്ത്യയെ മോചിപ്പിക്കാനുള്ള അവസാന സമരം ഗാന്ധിജി ആരംഭിച്ചത്. 1917ല്‍ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹ സമരപരിപാടിക്ക് മൂന്ന് ആരോഹണഘട്ടങ്ങളുണ്ടായിരുന്നു. സമരം അത്യുച്ചത്തില്‍ എത്തുന്ന ഘട്ടമാണ് 'ആരോഹണ ഘട്ടം' എന്ന് ഇവിടെ വിശേഷിപ്പിച്ചത്. ഇവ 1920-22, 1930-34, 1943 എന്നിവയായിരുന്നു. 

ആദ്യത്തെ 1920-22 കാലത്തെ പ്രക്ഷോഭം നിസ്സഹരണ പ്രസ്ഥാനമെന്നപേരിലും രണ്ടാമത്തെ 1930-34 കാലത്തെ പ്രക്ഷോഭം ഉപ്പുസത്യാഗ്രഹം അല്ലെങ്കില്‍ സിവില്‍ ആജ്ഞാ ലംഘന സമരമെന്നും മൂന്നാമത്തെ സമരാരോഹണഘട്ടം ക്വിറ്റിന്ത്യാ പ്രസ്ഥാനമെന്നും അറിയപ്പെടുന്നു. ആദ്യത്തെ രണ്ട് സമരപരിപാടികളും വളരെ ശ്രദ്ധയോടെ സര്‍വ്വരുടേയും പിന്തുണയോടെയാണ് ആവിഷ്‌കരിച്ചിരുന്നത്. വ്യക്തമായ പദ്ധതികള്‍ മുന്‍കൂട്ടി ആവിഷ്‌കരിക്കപ്പെട്ടിരുന്നു. സമരം ആരംഭിച്ചതും പിന്‍വലിച്ചതും ശ്രദ്ധാപൂര്‍വ്വമായ നേതൃത്വത്തിലായിരുന്നു. എന്നാല്‍ 1942 ലെ സമരത്തില്‍ ഇത്ര ശ്രദ്ധാപൂര്‍വ്വമായ മുന്‍പദ്ധതി രൂപീകരണം നടന്നിരുന്നില്ല. എന്നിരുന്നാലും ഗാന്ധിജി ശക്തമായ സമരാഹ്വാനമാണ് നല്‍കിയത്. സമരം ചെയ്യുക; അല്ലെങ്കില്‍ മരിക്കുക.

ക്വിറ്റിന്ത്യാസമരത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു. മറ്റു സമരങ്ങളേപ്പോലെ സമര തീരുമാനം സര്‍വ്വസമ്മതമായിരുന്നില്ല. രാജഗോപാലാചാരി സമരത്തെ എതിര്‍ക്കുകയും കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തു. എതിര്‍ത്തവരില്‍ നെഹ്‌റുവും ഉള്‍പ്പെട്ടിരുന്നു. 

എന്നാല്‍ ഗാന്ധിജിയെ എതിര്‍ക്കാന്‍ തുനിഞ്ഞില്ല. പാക്കിസ്ഥാന്‍ വാദം അംഗീകരിക്കുകയാണെങ്കില്‍ പിന്തുണക്കാമെന്ന നിലപാടിലായിരുന്നു ലീഗ്. അവരും സമരത്തില്‍നിന്നും ഒഴിഞ്ഞുനിന്നു. വിചിത്രമായ നിലപാട് സ്വീകരിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു.

കമ്മ്യൂണിസ്റ്റുകാരും ക്വിറ്റിന്ത്യയും

സ്വാതന്ത്ര്യ സമരവേളയില്‍ ഗാന്ധിയന്‍ തന്ത്രങ്ങളേക്കുറിച്ച് ഏറ്റവും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. 

ഗാന്ധിയന്‍ സമര പരിപാടികള്‍ ബഹുജനപ്രക്ഷോഭത്തെ സന്ധിയില്‍ അവസാനിപ്പിച്ചത് വഞ്ചിക്കുന്ന ബൂര്‍ഷ്വാപരിപാടിയായി കേരളത്തിലെ അക്കാലത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇഎംഎസ് തന്നെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഗാന്ധിയന്‍ പരിപാടി ചര്‍ക്കതിരിക്കാലാണെന്നും ചര്‍ക്ക തിരിച്ച് ആരും ഇതുവരെ സ്വാതന്ത്ര്യം നേടിയിട്ടില്ലെന്നും വാനോളം കൊട്ടി ഘോഷിച്ചിരുന്നു. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല ഗാന്ധിയന്‍ സമരപരിപാടിക്ക് ബദലായി അക്രമോത്സുകമായ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

സ്റ്റാലിന്‍-ഹിറ്റ്‌ലര്‍ സന്ധി

1942 ആഗസ്റ്റ് 8 നാണല്ലോ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിക്കുന്നത്. ഇതിന് രണ്ട് വര്‍ഷം മുമ്പാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 1939 സപ്തംബര്‍ ഒന്നിനാണ് യുദ്ധാരംഭമായി കണക്കാക്കിയിട്ടുള്ളത്. യുദ്ധം ആരംഭിക്കുന്നതിന് 8 ദിവസം മുമ്പ് അതായത് 1939 ആഗസ്റ്റ് 23നാണ് സ്റ്റാലിന്‍-ഹിറ്റ്‌ലര്‍ ഉടമ്പടി ഉണ്ടാവുന്നത്. 

ഈ ഉടമ്പടിയനുസരിച്ച് രണ്ട് പേരുടേയും (റഷ്യയുടെയും ജര്‍മ്മനിയുടെയും) മദ്ധ്യത്തിലുണ്ടായിരുന്ന പോളണ്ടിനെ രണ്ടായി വിഭജിച്ചുകൊണ്ടാണ് യുദ്ധം ആരംഭിക്കുന്നത്. എന്നുവെച്ചാല്‍ ഉടമ്പടിയനുസരിച്ച് രണ്ട്‌പേരും ഒരേസമയം പോളണ്ടിനെ ആക്രമിച്ചു. ഈ സന്ദര്‍ഭത്തില്‍ പോളണ്ടിനെ രക്ഷിക്കാന്‍ ബാധ്യസ്ഥരായ ഫ്രാന്‍സും ഇംഗ്ലണ്ടും ജര്‍മ്മനിയോട് യുദ്ധം പ്രഖ്യാപിച്ചു. ഇതാണ് യുദ്ധത്തിന്റെ ആരംഭം. അതായത് യുദ്ധാരംഭത്തില്‍ അച്ചുതണ്ടു ശക്തികളുടെ കൂടെയായിരുന്നു റഷ്യയും സ്റ്റാലിനും.

ഈ സന്ധിക്ക് ഇവിടെ എന്ത് പ്രസക്തി എന്ന് സംശയിക്കാം. വിചിത്രമായ കാര്യം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനെതിരെ ആഞ്ഞടിക്കാന്‍ തീരുമാനിച്ചത്  ഈ സന്ധിയുടെ പരിണിതഫലമായാണ് എന്നതാണ്. സന്ധി ഉണ്ടാവുന്നതിന് മുമ്പ്- അതായത് 1939 ആഗസ്റ്റ് 23ന് മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം 'ഫാസിസത്തിനെതിരായ ഐക്യമുന്നണി'യായിരുന്നു. എന്നു വച്ചാല്‍  ഹിറ്റ്‌ലര്‍ക്കെതിരായ മുന്നണി. 

കാരണം ജര്‍മ്മനി റഷ്യയെ ആക്രമിക്കാനുള്ള സാധ്യത അന്നുണ്ടായിരുന്നു. സന്ധിയോടെ ഈ ഭീതി മാറുകയും ഇന്ത്യയിലെ സമരം  ''സാമ്രാജ്യത്വത്തിനെതിരായ ആക്രമണം'' ആവുകയും ചെയ്തു. ഈ നയത്തിന്റെ ഫലമായിട്ടാണ് 1940 സപ്തംബര്‍ 15-ാം തീയതി കേരളത്തില്‍ തലശ്ശേരി, മൊറാഴ, മട്ടന്നൂര്‍, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമണങ്ങള്‍ അരങ്ങേറിയത്. 'ഗാന്ധിയന്‍ തന്ത്രങ്ങള്‍ക്കെതിരായ മുന്നേറ്റം' എന്നാണ് പാര്‍ട്ടി ഇതിനെ വിളിച്ചിരുന്നത്.

'ഓപ്പറേഷന്‍ ബാര്‍ബറോസ'

'ഓപ്പറേഷന്‍ ബാര്‍ബറോസ' എന്നാണ് ഹിറ്റ്‌ലര്‍ തന്റെ റഷ്യന്‍ ആക്രമണത്തിന് നല്‍കിയ കോഡ്. ഹിറ്റ്‌ലറുടെ റഷ്യന്‍ ആക്രമണം 1941 ജൂണ്‍ 22നാണ് ആരംഭിക്കുന്നത്. 2900 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റഷ്യ- ജര്‍മ്മന്‍ അതിത്തിയില്‍ 6 ലക്ഷം മോട്ടോര്‍ വാഹനങ്ങളാണ് ഹിറ്റ്‌ലര്‍ അണിനിരത്തിയത്. റോഡില്ലാത്ത ഭാഗങ്ങളിലൂടെ ആക്രമിക്കാന്‍ 7 ലക്ഷം കുതിരകളെയും ഉപയോഗിച്ചു. 

വമ്പിച്ച വിജയമാണ് ഹിറ്റ്‌ലറെ എതിരേറ്റത്. ഇന്ത്യയില്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങുന്നകാലത്ത് റഷ്യയുടെ പകുതിയും ഹിറ്റ്‌ലറുടെ കൈയിലായിരുന്നു. ഫ്രാന്‍സ് ജര്‍മ്മനിക്ക് കീഴടങ്ങിക്കഴിഞ്ഞിരുന്നു. പടിഞ്ഞാറന്‍ യൂറോപ്പ് മുഴുവന്‍ ഹിറ്റ്‌ലറുടെ മേല്‍ക്കൊയ്മ അംഗീകരിച്ചുകഴിഞ്ഞിരുന്നു. ബ്രിട്ടനില്‍ ജര്‍മ്മനി നിരന്തരമായ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ജര്‍മ്മന്‍ 'യൂ' ബോട്ടുകള്‍ ബ്രിട്ടീഷ് നാവികപ്പടയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഈ ഘട്ടത്തിലാണ് ഗാന്ധിജി ബ്രിട്ടനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെടുന്നത്. യുദ്ധം കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള ഗാന്ധിജിയുടെ ആവശ്യത്തെ നിരാകരിച്ചതാണ് ക്വിറ്റ് ഇന്ത്യയുടെ പശ്ചാത്തലം.

സഖാക്കള്‍ ബ്രിട്ടന്റെ സഖ്യകക്ഷിയാവുന്നു

യുദ്ധത്തിനു മുമ്പും യുദ്ധം പൊട്ടിപുറപ്പെട്ട ആദ്യഘട്ടത്തിലും വന്‍തോതിലുള്ള ബ്രീട്ടീഷ് വിരുദ്ധ സമരവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാട് തോറും അലമുറയിട്ട് നടന്നു. പക്ഷെ 'ഓപ്പറേഷന്‍ ബാര്‍ബറോസ'ക്ക് ശേഷം ഇവരുടെ നാവിറങ്ങിപ്പോയി. മാത്രമോ, 1941 ഡിസംബറോടുകൂടി സാമ്രാജ്യയുദ്ധം പോയി, പിന്നീടുള്ള യുദ്ധത്തിന്റെ പേര്തന്നെ മാറി- 'ജനകീയ യുദ്ധം'.

ബ്രിട്ടനുമായുള്ള എല്ലാ ഏറ്റുമുട്ടലുകളും സഖാക്കള്‍ ഉപേക്ഷിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി.സി. ജോഷി ബ്രിട്ടീഷ് രഹസ്യപോലീസുമായി ചേര്‍ന്ന് സ്വാതന്ത്ര്യപ്പോരാളികളെ ഒറ്റുകൊടുത്തുതുടങ്ങി. സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് വിളച്ച മുദ്രാവാക്യം 'നമ്മുടെ നേതാവല്ല ആ ചെറ്റ, ജപ്പാന്‍കാരുടെ കാല്‍നക്കി' എന്നായിരുന്നു. എത്ര നികൃഷ്ടമായ മുദ്രാവാക്യം!

ഇന്ത്യയില്‍ മുഴുവന്‍ ക്വിറ്റിന്ത്യാസമരത്തിന്റെ സന്ദേശം വ്യാപിക്കുകയും തുടര്‍ന്ന് ഒരുകൊല്ലത്തോളം ബ്രിട്ടനെതിരായ ചെറുത്തുനില്‍പ് രാജ്യത്താകമാനം നടപ്പിലാക്കപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രത്യേകമായും സജീവമായി. ജയപ്രകാശ് നാരായണനേപ്പോലുള്ളവര്‍ സമരത്തിന് ഉജ്വല നേതൃത്വം നല്‍കി. എല്ലാവിഭാഗത്തില്‍പ്പെട്ട നേതാക്കളും, ഗാന്ധിജി ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു.

കമ്മ്യൂണിസ്റ്റുകാര്‍ ഈ അവസരത്തില്‍ ബ്രിട്ടനെ സഹായിച്ചുകൊണ്ട് നാട്ടില്‍ സൈ്വര്യ വിഹാരം നടത്തുകയായിരുന്നു. ഏറ്റവും ക്രൂരമായ സംഗതി സഖാക്കള്‍ എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും വലിയ രാജ്യദ്രോഹികളായാണ് പ്രവര്‍ത്തിച്ചത് എന്നതാണ്. പല സ്വാതന്ത്ര്യസമര സേനാനികളേയും ഒറ്റിക്കൊടുക്കുകയും ബ്രീട്ടീഷുകാര്‍ക്ക് പിടിച്ചുകൊടുക്കുകയും ചെയ്തത് സഖാക്കളാണ്.

സഖാക്കള്‍ എല്ലാ സമരവും നിര്‍ത്തിവെച്ചു. കൃഷിക്കാരോട് ജന്മിമാരുമായി സഹകരിക്കാനാണ് ആവശ്യപ്പെട്ടത്. ''കൂടുതല്‍ ഉല്പാദിപ്പിക്കുക' എന്നതായി പുതിയ മുദ്രാവാക്യം. വ്യവസായരംഗത്തും അവര്‍ മുതലാളിമാരുമായി സഹകരിക്കാന്‍ തയ്യാറായി. അവിടെയുള്ള മുദ്രാവാക്യം 'സമരത്തിനെതിരായ സമരം' എന്നായിരുന്നു. 

ഈ കാലത്താണ് ദേശാഭിമാനം അല്‍പംപോലുമില്ലാതിരുന്ന ഈ പാര്‍ട്ടി, ഇല്ലാത്ത ഒരു ഗുണത്തിന്റെ പേരില്‍ 'ദേശാഭിമാനി' എന്നൊരു പത്രം ആരംഭിച്ചത്. അന്തര്‍ദേശീയത്വത്തില്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം 'ദേശാഭിമാനി' എന്ന പേര് സ്വീകരിച്ചത് തന്നെ ക്വിറ്റിന്ത്യാകാലത്തെ രാഷ്ട്രവഞ്ചനയെ മറച്ചുവെക്കാന്‍ വേണ്ടി മാത്രമായിരുന്നു. 76 വര്‍ഷം മുമ്പുനടന്ന ഈ ചരിത്രത്തിലേക്ക് ഇന്നു കണ്ണോടിക്കുമ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട അദ്ധ്യായം രചിച്ച സഖാക്കളുടെ ചരിത്രമാണ് തെളിഞ്ഞു കാണുന്നത്.

ഡോ. ഇ. ബാലകൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.