ആവിഷ്കാര സ്വാതന്ത്ര്യം എഴുത്തുകാരൻ്റെ കൊടുവാളല്ല

Thursday 9 August 2018 3:17 am IST
ആവിഷ്‌കാര സ്വാതന്ത്ര്യം എഴുത്തുകാരന് വേണ്ടിയുള്ള സമൂഹത്തിന്റെ പരിചയാണ്. സമൂഹത്തിനെതിരെയുള്ള എഴുത്തുകാരന്റെ കൊടുവാളല്ല. നല്ല കഥ പറയുന്നയാള്‍ക്ക് അത് പറയാന്‍ സാധിക്കാതെപോവുന്നത് ഒഴിവാക്കാന്‍ സമൂഹം വിനിയോഗിക്കേണ്ട അവകാശമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. അല്ലാതെ, തന്റെ കഥ മോശമാണെന്ന് സമൂഹം ഒന്നടങ്കം പറഞ്ഞാലും അത് സമൂഹത്തെ കേള്‍പ്പിക്കാനുള്ള സ്വകാര്യ അവകാശമായി അതിനെ ഉപയോഗിക്കേണ്ടി വരുന്നത് എഴുത്തുകാരന്റെ ഗതികേട് മാത്രമാണ്.

ഒരു മെഗാസ്റ്റാര്‍ സിനിമ. നായകന്‍ വില്ലനെ തല്ലി തോല്‍പ്പിക്കുന്ന ക്‌ളൈമാക്‌സ് സംഘട്ടന രംഗമാണ് വരാനിരിക്കുന്നത്. ആളുകള്‍ ചുറ്റും കൂടിയിട്ടുണ്ട്.പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ക്യാമറക്ക് മുന്നിലേക്ക് കയറി വന്ന്, വില്ലനെ ചൂണ്ടി അയാളുടെ ജാതി സൂചിപ്പിച്ച്  കൊണ്ട്, നായകനോടായി 'അടിച്ചു കൊല്ല് ചേട്ടാ ഈ *ജാതിപ്പേര്*നെ.. ഇവന്റെയൊക്കെ അഹമ്മതി ഇന്നത്തോടെ തീരണം' എന്ന് പറഞ്ഞ ശേഷം ആള്‍ക്കൂട്ടത്തിലേക്ക് മറയുന്നു. അതിന് മുന്‍പും പിന്‍പും അയാളെ കണ്ടവരില്ല. 

ഇത് സിനിമയുടേയോ സംവിധായകന്റെയോ ജാതി വെറി അല്ലെന്ന് നിങ്ങള്‍ വാദിക്കുമോ? സര്‍ഗ്ഗ സൃഷ്ടിയിലെ ഒരു കഥാപാത്രത്തിന്റെ അഭിപ്രായം മാത്രമെന്ന പരിഗണന ഈ വാചകത്തിന് ലഭിക്കുമോ? ആ ഡയലോഗിലെ ജാതീയ സന്ദേശം റദ്ദ് ചെയ്യപ്പെടുമോ? പ്രതിഷേധങ്ങളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിച കൊണ്ട് തടയാന്‍ നിങ്ങള്‍ കൂടുമോ? ഇതൊന്നും ചെയ്യില്ലെങ്കില്‍ തീര്‍ച്ചയായും മീശയുടെ കഥാകാരനു വേണ്ടി നിങ്ങളുയര്‍ത്തുന്ന പ്രതിരോധം നെറികേടും ആത്മവഞ്ചനയുമാണ്. കാരണം രണ്ടിലും സാഹചര്യം സമാനമാണ്. 

പ്രഥമ പുരുഷാഖ്യാനത്തില്‍ ഉള്ള രചനകളുടെ അനുഭവതലം വായനക്കാരനും കഥാനായകനും തമ്മില്‍ താദാത്മ്യം പ്രാപിക്കുന്നതിലാണ്. മധ്യമ പുരുഷാഖ്യാനത്തില്‍ സംഭവിക്കുന്നത് പോലെ മറ്റൊരാളായി നിന്ന് കൊണ്ട് വായനക്കാരന്‍ കഥയുടെ സഞ്ചാരത്തെ പിന്തുടരുകയല്ല അവിടെ. താന്‍ തന്നെയാണ് കഥാനായകന്‍ എന്ന ഭാവേന വായനക്കാരന്‍ കഥയെ നേരില്‍ അനുഭവിക്കുകയാണ്.

നന്നായൊരുങ്ങി അമ്പലത്തില്‍ പോവുന്ന സ്ത്രീകളെ കാണുമ്പോള്‍ അവരൊക്കെയും ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നവരാണെന്ന് പറഞ്ഞ സുഹൃത്തിനെ ഓര്‍മ്മിക്കുന്ന കഥാനായകന്‍ ചെയ്യുന്നത് അങ്ങനെയൊരോര്‍മ്മയെ വായനക്കാരന്റെ മനസ്സില്‍ക്കൂടി ഉറപ്പിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അയാളുടെ രചനയെന്ന ആഭാസത്തെ അതിനിശിതമായി വിമര്‍ശിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടാവുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കണക്കില്‍ ഉള്‍ക്കൊള്ളിച്ച് അത്തരം ചിന്താ വൈകൃതങ്ങളോട് ഞാന്‍ ക്ഷമിച്ചാലും, അതുയര്‍ത്തി വിടുന്ന സന്ദേശത്തോട് എന്റെ അമ്മക്കോ സഹോദരിക്കോ ക്ഷമിക്കാനാവില്ല.

ആവിഷ്‌ക്കാരത്തിന്റേതടക്കമുള്ള ഒരു സ്വാതന്ത്ര്യവും അപരിമിതമോ ഉപാധിരഹിതമോ അല്ലെന്ന് നോവലിസ്റ്റിനെ ഓര്‍മിപ്പിക്കേണ്ടി വരുന്നത് അവിടെയാണ്. എല്ലാ മൗലികാവകാശങ്ങളും നല്‍കപ്പെട്ടിരിക്കുന്നത് യുക്തമായ നിയന്ത്രണങ്ങള്‍ കൂടി അടങ്ങുന്ന ഒരു പൊതിയിലാണ്. സാമൂഹികബോധം,മര്യാദ, ധാര്‍മ്മികത തുടങ്ങി ഒട്ടേറെ വിലക്കുകളും ആ പൊതിയിലുണ്ട്. ആക്ഷേപിക്കാനും അസഭ്യം പറയാനും അവമതിപ്പുണ്ടാക്കാനുമുള്ള സ്വാതന്ത്ര്യം ഒരു നാട്ടിലും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി കണക്കാക്കാറില്ല.

വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുകയും സ്വതന്ത്ര അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഭരണകൂടങ്ങളുടെ കാലത്ത് ജനങ്ങള്‍ക്ക് നേരറിയാനുള്ള ഉപാധിയായാണ് ആവിഷ്‌കാര സ്വാതന്ത്ര്യം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അവരറിയാന്‍ ആഗ്രഹിക്കുന്ന സത്യങ്ങള്‍ അവരോട് വിളിച്ചു പറയാന്‍ ഭരണവര്‍ഗ്ഗത്തെയും മര്‍ദ്ദക ശക്തികളെയും ഭയപ്പെടാതെ എഴുത്തുകാരന് സാധിക്കുന്നു എന്നുറപ്പ് വരുത്താനുള്ള സമൂഹത്തിന്റെ സുരക്ഷാ സംവിധാനമാണത്.

ആക്രമണങ്ങളില്‍ നിന്ന് എഴുത്തുകാരനെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കാന്‍ ഒരു കവചം പോലെ അതിനെ സമൂഹമാണ് ഉപയോഗിക്കേണ്ടത്. മറിച്ച്, സമൂഹത്തിന്റെ വിമര്‍ശനങ്ങളില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ എഴുത്തുകാരനതിനെ ഉപയോഗിക്കുമ്പോള്‍ അതിന്റെ അടിസ്ഥാന ലക്ഷ്യം തന്നെ മാറി പോവും. ലളിതമായി പറഞ്ഞാല്‍, നല്ല കഥ പറയുന്നയാള്‍ക്ക് അത് പറയാന്‍ സാധിക്കാതെപോവാതിരിക്കാന്‍ സമൂഹം വിനിയോഗിക്കേണ്ട അവകാശമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം. മറിച്ച്, തന്റെ കഥ മോശമാണെന്ന് സമൂഹം ഒന്നടങ്കം പറഞ്ഞാലും അത് സമൂഹത്തെ കേള്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട് എന്ന നിലയില്‍ ഒരു സ്വകാര്യ അവകാശമായി അതിനെ ഉപയോഗിക്കേണ്ടി വരുന്നത് എഴുത്തുകാരന്റെ ഗതികേട് തന്നെയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം എഴുത്തുകാരന് വേണ്ടിയുള്ള സമൂഹത്തിന്റെ പരിചയാണ്. സമൂഹത്തിനെതിരെയുള്ള എഴുത്തുകാരന്റെ കൊടുവാളല്ല.

അഡ്വ. ശങ്കു.ടി. ദാസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.