'ലോർഡ്'സേ കാത്തോളണേ

Thursday 9 August 2018 3:18 am IST

ലണ്ടന്‍: വിജയം ലക്ഷ്യമിട്ട് കോഹ്‌ലിപ്പട ലോര്‍ഡ്‌സില്‍ ഇറങ്ങുന്നു. ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ലോര്‍ഡ്‌സില്‍ ആരംഭിക്കും. എഡ്ജ്ബാസ്റ്റണില്‍ തോറ്റ ഇന്ത്യക്ക് വിജയം നേടിയാലേ പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം എത്താനാകൂ. 

വിജയിക്കണമെങ്കില്‍ മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ നിലയുറപ്പിച്ച് പൊരുതണം. ആദ്യ ടെസ്റ്റില്‍ കോഹ് ലി മാത്രമാണ് മിന്നിത്തിളങ്ങിയത്. മുരളി വിജയും ധവാനുമൊക്ക അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് വിജയപ്പടവുകള്‍ കയറാം.

എഡ്ജ്ബാസ്റ്റണിലെ ഒന്നാം ടെസ്റ്റില്‍ മുന്‍ നിരക്കാര്‍ പിടിച്ചുനിന്നിരുന്നെങ്കില്‍ കഥ മറ്റൊന്നായേനേ. കേവലം 31 റണ്‍സിനാണ് ഇന്ത്യക്ക് വിജയം നഷ്ടമായത്. ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളില്‍ ഇംഗ്ലണ്ട് 1- 0 ന് മുന്നില്‍ നില്‍ക്കുകയാണ്.

ലോര്‍ഡ്‌സിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായേക്കുമെന്ന് സൂചനയുണ്ട്. അതിനാല്‍ ഇന്ത്യ ബൗളിങ്ങ് നിരയില്‍ മാറ്റം വരുത്തിയേക്കും. മിക്കവാറും രണ്ട് സ്പിന്നര്‍മാര്‍ക്ക് അവസാന ഇലവനില്‍ അവസരം നല്‍കിയേക്കും. സ്പിന്നറെ ഉള്‍പ്പെടുത്തിയാല്‍ പേസര്‍ ഉമേഷ് യാദവിന് സ്ഥാനം നഷ്ടപ്പെടും. ആദ്യ ടെസ്റ്റില്‍ തകര്‍ത്തെറിഞ്ഞ ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും പേസ് നിരയെ നയിക്കും.

രണ്ടാം സ്പിന്നറായി രവീന്ദ്ര ജഡേജയ്‌ക്കോ കുല്‍ദീപ് യാദവിനൊ അവസരം ലഭിക്കും. 2014 ല്‍ ലോര്‍ഡ്‌സിലെ ടെസ്റ്റില്‍ തകര്‍ത്തുകളിച്ച താരമാണ് ജഡേജ. രണ്ട് ഇന്നിങ്ങ്‌സിലായി 99 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജ അന്ന്  68 റണ്‍സും അടിച്ചെടുത്തു. 

കുല്‍ദീപ് യാദവും മികച്ച് സ്പിന്നറാണ്. ഇംഗ്ലണ്ടിലെ വരണ്ട സാഹചര്യങ്ങളില്‍ റിസ്റ്റ് സപിന്നറായ കുല്‍ദീപിന് തിളങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഇംഗ്ലീഷ് ബാറ്റിങ്ങ് നിരയിലെ ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്ട്‌ലര്‍ എന്നിവരൊഴിച്ചുളളവര്‍ കുല്‍ദീപിന്റെ പന്തുകളെ ഇതുവരെ നേരിട്ടിട്ടില്ല.

ബൗളിങ്ങ്‌നിരയെക്കാള്‍ പ്രശ്‌നം ബാറ്റിങ്ങ് നിരയാണ്. ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന ചിന്തയിലാണ് ക്യാപ്റ്റന്‍ കോഹ്‌ലി. എഡ്ജ്ബാസ്റ്റണില്‍ ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കി ശിഖര്‍ ധവാനും കെ.എല്‍. രാഹുലിനും അവസരം നല്‍കി. പക്ഷെ ധവാനും രാഹുലിനും തിളങ്ങാനായില്ല. ഈ സാഹചര്യത്തില്‍ ചേതേശ്വര്‍ പൂജാരയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.

ഇംഗ്ലണ്ടിന്റെ പുതുമുഖമായ ബാറ്റ്‌സ്മാന്‍ ഒലിവര്‍ പോപ്പ് മിക്കവാറും ലോര്‍ഡ്‌സില്‍ അരങ്ങേറും. ആദ്യ ടെസ്റ്റ് കളിച്ച ഡേവിഡ് മലാനും ബെന്‍സ്‌റ്റോക്ക്‌സും രണ്ടാം ടെസ്റ്റ് ടീമിലില്ല. ഈ സാഹചര്യത്തില്‍ പോപ്പിനും മൊയിന്‍ അലിക്കും അവസരം ലിഭിച്ചേക്കും.

ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ പേസ് ശക്തികള്‍. ഒന്നാം ടെസ്റ്റില്‍ സാം കറന്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഉശിരന്‍ പോരാട്ടം കാഴ്ചവച്ച് ഇംഗ്ലണ്ടിന്റെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.