ലക്ഷ്യം മെഡൽ: സിന്ധു

Thursday 9 August 2018 3:20 am IST

ഹൈദരാബാദ്: തയാറെടുക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെങ്കിലും ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ മെഡല്‍ നേടാനായി പരിശ്രമിക്കുമെന്ന് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധു.

2014 ല്‍ ഇഞ്ചിയോണില്‍ അരങ്ങേറിയ ഏഷ്യാഡില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയിരുന്നു. ഇത്തവണ സുവര്‍ണമെഡല്‍  തന്നെ നേടാനാകുമെന്ന പ്രതീക്ഷയിലാണ് സിന്ധുവും സംഘവും. ഈ മാസം 18 മുതല്‍ ഇന്ത്യോനേഷ്യയിലാണ് ഏഷ്യാഡ് അരങ്ങേറുന്നത്.

കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കും. ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും ഇന്ത്യ മത്സരിക്കുന്നത്. തയാറെടുക്കാന്‍ കുറച്ച സമയമാണ് ലഭിച്ചത്. എന്നിരുന്നാലും കഴിഞ്ഞ തവണ ടീം ഇനത്തില്‍ നേടിയ വെങ്കല മെഡല്‍ ഇത്തവണ സ്വര്‍ണമാക്കാന്‍ ശ്രമിക്കുമെന്ന് സിന്ധു പറഞ്ഞു.

ഇന്ത്യക്ക് ഇതുവരെ ഏഷ്യാഡ് ബാറ്റ്മിന്റണില്‍ വനിതകളുടെ വ്യക്തിഗത ഇനങ്ങളില്‍ മെഡല്‍ നേടാനായിട്ടില്ല. ഏഷ്യാഡ് ബാഡ്മിന്റണില്‍ വ്യക്തിഗത മെഡല്‍ നേടിയ ഇന്ത്യയുടെ ഏക താരം സയ്യദ് മോദിയാണ്. ന്യൂദല്‍ഹിയില്‍ 1982 ല്‍ നടന്ന ഏഷ്യാഡില്‍ മോദി വെങ്കലം സ്വന്തമാക്കിയിരുന്നു. ഇത്തവണ വനിതകളുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യ മെഡല്‍ നേടുമെന്ന് സിന്ധു വെളിപ്പെടുത്തി.

അടുത്തിടെ ചൈനയില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യയിലെ മുന്‍നിര താരങ്ങളായ ജപ്പാന്റെ നൊസോമി ഒകുഹാര, അകരെ യാമാഗൂച്ചി, കൊറിയയുടെ സണ്‍ ജി ഹുണ്‍ എന്നിവരെ മറികടന്ന് സിന്ധു ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ പക്ഷെ സ്‌പെയിനിന്റെ കരോളിന മാരിനോട് തോറ്റു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയതില്‍ സംതൃപ്തയാണ്. ആദ്യ റൗണ്ട് മുതല്‍ കടുത്ത എതിരാളികളെയാണ് നേരിടേണ്ടിവന്നത്. മികച്ച പ്രകടനം തന്നെ നടത്താനായി. സ്വര്‍ണമെഡല്‍ നേടുന്നതു വരെ പോരാട്ടം തുടരും.നിലവിലെ ഫോമില്‍ ഏഷ്യാഡില്‍ സിന്ധുവിന് മെഡല്‍ സാധ്യതയുണ്ടെന്ന് ദേശീയ ബാഡ്മിന്റണ്‍ പരിശീലകന്‍ പുല്ലേല ഗോപീചന്ദ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.