ബോട്ടിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; കപ്പൽ മംഗലാപുരത്ത് അടുപ്പിച്ചു

Thursday 9 August 2018 3:26 am IST

കൊച്ചി: മുനമ്പം പുറംകടലില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന ഒന്‍പതു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ബന്ധുക്കള്‍ അടക്കമുള്ളവര്‍ അവരുടെ ജീവനുവേണ്ടി പ്രാര്‍ഥനയോടെ കരയില്‍ കാത്തിരിപ്പ് തുടരുകയാണ്. കാണാതായ പറവൂര്‍ മാല്യങ്കര സ്വദേശിയും സ്രാങ്കുമായ സിജു (45), കുളച്ചല്‍ സ്വദേശികളും സഹോദരങ്ങളുമായ ജേസുപാലന്‍ (44), ആരോഗ്യ ദിനേശ് (23), രാജേഷ് കുമാര്‍ (32), സഹായരാജ് ശേശയ്യ (38), പോള്‍സണ്‍ (25), ഷാലു (24), അരുണ്‍കുമാര്‍ (24), ബംഗാള്‍ സ്വദേശി ബീപുല്‍ (28) എന്നിവര്‍ക്കായി  നാവികസേനയുടെ ജമുന കപ്പലും കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലുകളായ വിക്രം, സാവിത്രി ഭായ്ഫുലേ, അഭിനവ് കപ്പലുകളും കോസ്റ്റ്ഗാര്‍ഡിന്റെ ഹെലിക്കോപ്റ്ററുമാണ് തെരച്ചില്‍ നടത്തുന്നത്. അപകടത്തില്‍ മൂന്നു പേര്‍ മരണമടഞ്ഞിരുന്നു.

 എം.വി. ദേശ ശക്തി എന്ന കപ്പലിടിച്ച് തകര്‍ന്ന ഓഷ്യാനിക് ബോട്ടിന്റെ അവശിഷ്ടങ്ങള്‍ നാവികസേന കണ്ടെത്തി. ഇടിയുടെ ആഘാതത്തില്‍ രണ്ടായി പിളര്‍ന്ന ബോട്ടിന്റെ മുകള്‍ഭാഗത്തെ പലകകളാണ് നാവികസേന കണ്ടെത്തിയത്. ശേഷിക്കുന്ന ഭാഗങ്ങള്‍  പൂര്‍ണമായും തകര്‍ന്ന് താഴ്ന്നുപോയതായിട്ടാണ്  നാവികസേന കരുതുന്നത്.

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എം.വി. ദേശ ശക്തി കപ്പല്‍ ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ടു. അപകട സമയത്ത് ഇതേഭാഗത്തുകൂടി സഞ്ചരിച്ച മുംബൈ ആസ്ഥാനമായുള്ള രണ്ട് കപ്പല്‍ കൂടി എം.വി. ദേശ ശക്തിക്കൊപ്പം മംഗലാപുരം തുറമുഖത്ത് എത്തിച്ചിട്ടുണ്ട്. നാവികസേന ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടപ്പോള്‍ ബോട്ടില്‍ ഇടിച്ചിട്ടില്ലെന്ന് ദേശ ശക്തി കപ്പലിന്റെ ക്യാപ്റ്റന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ട് കപ്പലുകള്‍ കൂടി അടുപ്പിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.