ജനങ്ങള്‍ കൈകോര്‍ത്തു; ഇരിക്കൂര്‍ ഗവ. ആശുപത്രിയില്‍ ആധുനിക ലാബ് യാഥാര്‍ത്ഥ്യമായി

Thursday 9 August 2018 1:13 am IST

 

ഇരിക്കൂര്‍: തങ്ങളുടെ സ്വന്തം ആശുപത്രിയാണെന്ന ചിന്തയോടെ ജനങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ഇരിക്കൂര്‍ ഗവ. ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി യാഥാര്‍ത്ഥ്യമായി. ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.വി.എന്‍.യാസിറ ലാബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സഫീറ അധ്യക്ഷയായി. വിവിധ പ്രവാസി സംഘടനകളും സിഎച്ച്‌സിയിലെ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ചേര്‍ന്നാണ് ലാബ് നവീകരണത്തിനുള്ള തുക സ്വരൂപിച്ചത്. 

ബയോകെമിസ്ട്രി അനലൈസര്‍, ഇലക്ട്രോലൈറ്റ് അനലൈസര്‍, യൂറിന്‍ അനലൈസര്‍, ഇഎസ്ആര്‍ അനലൈസര്‍, ഹെമാറ്റോലോഗ്, സെമി ഓട്ടോ അനലൈസര്‍, ബ്ലഡ് മിക്‌സര്‍ തുടങ്ങിയ ഉപകരണങ്ങളാണ് നവീകരിച്ച ലാബില്‍ സജ്ജമാക്കിയിരിക്കുന്നത്. 

ലാബ് നവീകരിക്കുന്നതിനായി 10,25,000 രൂപയാണ് ജനകീയ കൂട്ടായ്മ പിരിച്ചത്. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി.നസീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സി.വി.എന്‍.യാസിറ, മെഡിക്കല്‍ ഓഫീസര്‍ ഡോ.മനു മാത്യു എന്നിവരുടെ നേതൃത്വത്തില്‍ സഹായി സിഎച്ച്‌സി ഇരിക്കൂര്‍ എന്ന പേരില്‍ ഫണ്ട് ശേഖരണത്തിനായി വാട്ട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഇതിലൂടെയാണ് ലാബ് നവീകരണത്തിനാവശ്യമായ തുക സമാഹരിച്ചത്. 

സ്വകാര്യ ലാബുകളിലെ ചെലവിന്റെ 40 ശതമാനം മാത്രം തുകയില്‍ ഇവിടെ ലാബ് പരിശോധനകള്‍ നടത്താന്‍ കഴിയും. ദിവസവും ഏകദേശം 900 രോഗികളാണ് ആശുപത്രിയിലെത്തുന്നത്. പുതിയ സൗകര്യങ്ങള്‍ സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസമാകും. രണ്ട് ഓപ്പറേഷന്‍ തിയേറ്ററുകളും 100 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവും ഉള്‍പ്പെടെ എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ നടന്നുവരികയാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.രാജീവന്‍, വി.അബ്ദുള്‍ ഖാദര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.നസീര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി.ഫാത്തിമ, പഞ്ചായത്ത് അംഗം പി.നസീമ, മെഡിക്കല്‍ ഓഫീസര്‍ ഡോ.മനു മാത്യു, വിവിധ സാമൂഹ്യകൂട്ടായ്മ പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.