സുരേഷ്ബാബു വധം: വിധി സിപിഎം ക്രൂരതയ്ക്കുളള തിരിച്ചടി

Thursday 9 August 2018 1:21 am IST

 

പാനൂര്‍: തലശേരിയില്‍ നടന്ന സിപിഎം കൂട്ടക്കുരുതിയുടെ ശിക്ഷാവിധി ഏറ്റുവാങ്ങി പ്രവര്‍ത്തകര്‍. ഇന്നലെ ഈങ്ങയില്‍പീടികയിലെ ബിജെപി പ്രവര്‍ത്തകനായ സുരേഷ്ബാബു വധത്തിലെ അഞ്ചു പ്രതികള്‍ കുറ്റക്കാരെന്ന് തലശേരി കോടതി വിധി പ്രസ്താവിച്ചതോടെ, ക്രൂരതക്ക് പാത്രമായ കുടുംബത്തിനു നീതി ലഭിക്കുകയാണ്. 2008 മാര്‍ച്ച് 5ന് ശിവരാത്രി നാളില്‍ തലശേരി നാരങ്ങാപുറത്ത് വെച്ച് ആര്‍എസ്എസ് നഗര്‍ ശാരീരിക് പ്രമുഖായിരുന്ന എം.പി.സുമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചുകൊണ്ട് ആരംഭിച്ച അക്രമ പരമ്പരയില്‍ പൊലിഞ്ഞത് അഞ്ചു ഉശിരരായ ബിജെപി പ്രവര്‍ത്തകരുടെ ജീവനാണ്.

ഇതില്‍ തലശ്ശേരി നിഖില്‍, ചിറ്റാരിപ്പറമ്പ് മഹേഷ് വധങ്ങളില്‍ സിപിഎം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുരേഷ്ബാബു വധത്തില്‍ മൂഴിക്കര അഭി എന്ന അഭിലാഷ്, വേലാണ്ടി ഷിബു, വി.പി.സജീഷ്, കുനിയില്‍ മനോജ്, വി.റിഗേഷ് എന്നിവരെ ഇന്നലെ തലശ്ശേരി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൂത്തുപറമ്പ് സത്യന്‍, തലശ്ശേരി ഈങ്ങയില്‍പീടികയിലെ സുരേന്ദ്രന്‍ വധത്തിലെ വിധിയാണ് ഇനി വരാനുളളത്. കഴുത്തറുത്തുമാറ്റി അതിക്രൂരമായി നടത്തിയ കൊലപാതകമായിരുന്നു സത്യന്റേത്. പഴയനിരത്തിലെ മനോരാജ് എന്ന നാരായണന്റെ നേതൃത്വത്തിലാണ് സത്യനെ ഒരു സംഘം വധിച്ചത്.

ഇതിന്റെ വിചാരണ പൂര്‍ത്തിയായിക്കഴിഞ്ഞു. സുരേന്ദ്രന്റെ കൊലപാതക വിചാരണ നടന്നു വരികയാണ്. കൊലപാതകങ്ങള്‍ക്കു പുറമെ നിരവധി പ്രവര്‍ത്തകരെ ജീവച്ഛവമാക്കുകയും മിണ്ടാപ്രാണികളെ കൊല്ലുകയും ഓഫീസുകളും വീടുകളും തകര്‍ത്ത് ഭീകരവാഴ്ച നടത്തുകയും ചെയ്തിരുന്നു. തലശേരി എംഎല്‍എ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായ സമയത്താണ് തലശേരി കലാപം സിപിഎം ആസൂത്രണം ചെയ്തത്. അന്ന് ഏരിയാസെക്രട്ടറി കാരായി രാജനായിരുന്നു. ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ ചോദ്യം ചെയ്യലില്‍ കൊടി സുനിയും ഷാഫിയും തലശ്ശേരി സംഘര്‍ഷത്തില്‍ പങ്കാളികളാണെന്ന് സമ്മതിച്ചിരുന്നു. ഇതോടെ എം.പി.സുമേഷ് വധോദ്യമത്തില്‍ ഇരുവരും പ്രതികളുമായി. ചെയ്ത ക്രൂരതകള്‍ ഇന്ന് തലശേരി കോടതിയില്‍ നീതിപീഠത്തിനു മുന്നിലെത്തി നില്‍ക്കുകയാണ്. ഇവിടെയും ചോദ്യങ്ങള്‍ ബാക്കി തന്നെയാണ്. 

അധികാരബലത്തില്‍ ഇത്രയും ആസൂത്രിതമായി അഞ്ചുപേരെ കശാപ്പു ചെയ്യുകയും നിരവധിപേരെ അംഗവിഹീനരുമാക്കിയ കലാപത്തില്‍ ഒരു നേതാക്കളും പ്രതിപ്പട്ടികയില്‍ എത്തിയില്ല. കേസുകള്‍ അട്ടിമറിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ച സിപിഎം നേതൃത്വം കശാപ്പുകാരെ മാത്രം കേസില്‍പ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ഓരോ കേസുകളുടെ വിധികളും സിപിഎം നേതൃത്വത്തിനു പാഠമാണ്. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യാനല്ല അധികാരവും, ആള്‍ബലവുമെന്ന് തിരിച്ചറിയാന്‍ വൈകിയെങ്കിലും സിപിഎം നേതൃത്വം തയ്യാറാവുക തന്നെ വേണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.