വീട് തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു ഇരിട്ടിയുടെ മലയോര മേഖലകളില്‍ കനത്ത മഴ; പത്തിലേറെ ഇടങ്ങളില്‍ ഉരുള്‍പൊട്ടി; നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Thursday 9 August 2018 1:27 am IST

 

ഇരിട്ടി: ഇരിട്ടിയുടെ മലയോര മേഖലയില്‍ രണ്ട് ദിവസമായി തിമര്‍ത്ത് പെയ്യുന്ന മഴയില്‍ മേഖലയില്‍ പത്തിലേറെ ഇടങ്ങളില്‍ ഉരുള്‍പൊട്ടി വന്‍ നാശനഷ്ടം. അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടിക്കയം, ബാരാപോള്‍, ഉരുപ്പുംകുറ്റി, തുടിമരം, കളിതട്ടുംപാറ, പാറക്കാമല, ആറളം പഞ്ചായത്തിലെ ആറളം വനം, പരിപ്പുതോട്, ഉളിക്കല്‍ പഞ്ചായത്തിലെ കോളിത്തട്ട്, ഉപദേശിക്കുന്ന്, കാഞ്ഞിരക്കൊല്ലി, ഇതിനോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ണ്ണാടക വനമേഖലകള്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 

ഇരിട്ടിക്കടുത്ത് അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ ഉരുള്‍പൊട്ടി വീട് തകര്‍ന്ന് ഒരുകുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു.   

 എടപ്പുഴ സ്വദേശി ഇമ്മുട്ടിയില്‍ തോമസ് (70), ഇദ്ദേഹത്തിന്റെ മകന്‍ ജെയ്‌സന്റെ ഭാര്യ ഷൈനി (40) എന്നിവരാണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് 6 മണിയോടെയായിരുന്നു അപകടം. 

പാറക്കാമലയില്‍ മുപ്പത്തിയഞ്ചോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പലകുടുംബങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. മുടിക്കയത്ത് മൂന്ന് കുടുംബങ്ങളേയും ഉളിക്കല്‍ മേഖലയില്‍ പത്തോളം കുടുംബങ്ങളേയും മാറ്റിപ്പാര്‍പ്പിച്ചു. 

 ആനപ്പന്തി, അങ്ങാടിക്കടവ്, വാണിയപ്പാറ, വട്ടിയാംതോട്, മാട്ടറ, മണിക്കടവ് ടൗണുകളും വെള്ളത്തിനടിയിലായി. വാണിയപ്പാറ, ആനപ്പാറ, തൊട്ടിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. വട്ടിയാംതോട്  കാഞ്ഞിരക്കൊല്ലി റോഡിലെ വിവിധ ഭാഗങ്ങള്‍, ഉളിക്കല്‍  പയ്യാവൂര്‍ മലയോര പാതയില്‍ തോണിക്കടവ്, ഉളിക്കല്‍  കോക്കാട്  കണിയാര്‍ വയല്‍ റോഡിലെ പരിക്കളം, തേര്‍മല, തിരൂര്‍, കാഞ്ഞിലേരി, പേരട്ട  തൊട്ടില്‍പ്പാലം റോഡിലെ കുണ്ടേരി പാലം, റോഡ് എന്നിവ വെള്ളത്തിനടിയിലായി. വയത്തൂര്‍, വട്ടിയാംതോട് പാലങ്ങളും വെള്ളം കയറി മുങ്ങി. 

പാറക്കാമല, പരിപ്പുതോട് എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കക്കുവപ്പുഴ കരകവിഞ്ഞൊഴുകി. ആറളം ഫാമിലെ ആദിവാസി പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിന്റെ പല ഭാഗങ്ങളും വെള്ളം കയറി മുങ്ങി. പരിപ്പുതോട് പാറക്കാമല കോണ്‍ക്രീറ്റ് പാലം മലവെള്ളത്തില്‍ ഒഴുകിപ്പോയി. വെളിമാനം, മാങ്ങോട് സ്‌കൂളുകളിലെ വിയറ്റ്‌നാം കോളനിയിലേക്ക് പോകേണ്ട നിരവധി വിദ്യാര്‍ത്ഥികള്‍ റോഡില്‍ വെള്ളം കയറിയതുമൂലം വീട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയിലായി. ഇരിട്ടിയില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനയും ആറളം പോലീസും ചേര്‍ന്ന് ഇവരെ ഇവിടെ നിന്നും സാഹസികമായി മാറ്റി ആറളം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. 

വീടിന് പിറകുവശത്തെ കുന്നിടിഞ്ഞുവീണ് തൊട്ടിപ്പാലം ഉപദേശിക്കുന്നിലെ ആമേരി വനജയും കുടുംബവും താമസിക്കുന്ന വീടിന്റെ പുറകുവശവും അടുക്കളയും തകര്‍ന്നു. ബുധനാഴ്ച രാവിലെ 7മണിയോടെ ആയിരുന്നു സംഭവം. ഈ സമയത്തു ഈ ഭാഗത്ത് ആരും ഇല്ലാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായി. ഇവിടെത്തന്നെ കുറുപ്പശ്ശേരി ക്ഷമയാക്ഷിയുടെ വീട്ടുകിണറും വീടിന്റെ പിന്‍ഭാഗവും ഇടിഞ്ഞു വീണു. ആനപ്പാറയില്‍ പുന്നത്താനം ഷാജിയുടേയും, തെക്കേ മഠത്തില്‍ തങ്കപ്പനെയും വീടുകള്‍ വെള്ളം കയറി ഒറ്റപ്പെട്ടു. ഇവരുടെ കുടുംബങ്ങളെ ഇരിട്ടി അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് വടംകെട്ടി പുറത്തെത്തിക്കുകയായിരുന്നു. 

മാക്കൂട്ടംപെരുമ്പാടി ചുരം പാതയിലെ മെതിയടിപ്പാറയില്‍ മരം റോഡിനു കുറുകെ കടപുഴകി വീണതിനെ തുടര്‍ന്ന് തലശ്ശേരി കുടക് സംസ്ഥാനാന്തര പാതയില്‍ ആറു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കക്കുവ ആറളം പുഴകള്‍ നിറഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് പാലപ്പുഴ പാലം കരകവിഞ്ഞ് കാക്കയങ്ങാട്ആറളം ഫാംകിഴ്പ്പള്ളി റൂട്ടിലും ചേന്തോട് കലുങ്ക് കരകവിഞ്ഞ് ആറളം മണത്തണ മലയോര ഹൈവേയിലും ഗതാഗതം തടസപ്പെട്ടു.

രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുടിക്കയത്താണ് ആദ്യം ഉരുള്‍പൊട്ടിയത്. മങ്കര ദേവസ്യ, ഇടശേരി ജോസഫ് എന്നിവരുടെ സ്ഥലത്താണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത് . ഇവിടെനിന്നും കല്ലും മണ്ണും മരങ്ങളും അടക്കം കുത്തിയൊലിച്ച് മുടിക്കയം പുല്ലന്‍പാറതട്ട് റോഡ് ഒഴുകിപോയി. മലവെള്ളം ഒഴുകിയെത്തി ചെളി നിറഞ്ഞതിനെ തുടര്‍ന്ന് മുടിക്കയം  തുടിമരം കൊല്ലി റോഡ് തകര്‍ന്നതുമൂലമാണ് 30 കുടുംബങ്ങള്‍ ഒറ്റപ്പെട്ടത്. നിരവധി വാഹനങ്ങളും മേഖലയില്‍ കുടുങ്ങി. 

ബാരാപോളില്‍ കനാലില്‍ നിന്നും ചോര്‍ച്ചയുള്ളതായും ഇത് വീടുകള്‍ക്കും കൃഷി സ്ഥലത്തിനും ഭീഷണി ഉയര്‍ത്തുന്നതായും പ്രദേശവാസികള്‍ നേരത്തെ പരാതി ഉന്നയിച്ച മേഖലയിലുള്ള പല്ലാട്ട് ജോസിന്റെ സ്ഥലത്താണ് ഉരുള്‍പൊട്ടിയത്. പ്രദേശത്തു കനത്ത ഉറവയും കണ്ടെത്തി. ഉരുപ്പുംകുറ്റിയിലും കളിതട്ടുംപാറയിലും തുടിമരത്തും വനത്തിലടക്കം ഉരുള്‍പൊട്ടി. വെമ്പുഴ, കൊണ്ടൂര്‍ പുഴ, വാണിയപ്പാറ, ഈന്തുംകരി, കളിതട്ടുംപാറ എന്നീ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. ആറളം വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ബാവലി പുഴ കരകവിഞ്ഞാണ് പാലപ്പുഴ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകിയത്. വൈകിയും മഴയ്ക്ക് ശമനമില്ല. നിര്‍ത്താതെ തുടരുന്ന മഴയില്‍ മലയോരത്തെങ്ങും ജനങ്ങള്‍ ഭീതിയിലാണ്. 

അതേസമയം മേഖലയിലെ ജനങ്ങള്‍ അതീവ ജാഗ്രതയോടെ ഇരിക്കണമെന്ന് ഇരിട്ടി തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുന്നിന്‍പ്രദേശങ്ങളിലും ഇതിന്റെ താഴ്‌വാരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇരിട്ടി താലൂക്കിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.