കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന കാനംവയലില്‍ ഉരുള്‍പൊട്ടി

Thursday 9 August 2018 1:27 am IST

 

ചെറുപുഴ: മലയോര പ്രദേശങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കാര്യങ്കോട് പുഴയില്‍ നീരൊഴുക്ക് കൂടി ജലപ്രളയമായി. പുഴയുടെ ഇരുകരകളിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ സമീപത്തെ വീടുകളിലും വെള്ളം കയറി. കാനംവയല്‍ കോളനിയിലേക്കുള്ള മുളപ്പാലം ഏത് നിമിഷവും തകര്‍ന്ന് പോകാവുന്ന നിലയിലാണ്. 

കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന കാനംവയലില്‍ ഉരുള്‍പൊട്ടിയതാണ് പുഴയില്‍ കുത്തൊഴുത്തിന് കാരണമായത്. പുഴയില്‍ വെള്ളം കൂടിയതോടെ പുളിങ്ങോം ചെറുപുഴ മേഖലകളില്‍ റോഡില്‍ വെള്ളം കയറി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കോലുവള്ളി, മുനയംകുന്ന്, ചെറുപുഴ, ഭാഗങ്ങളിലാണ് റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടത്. ചെറുപുഴ ചെക്ക്ഡാം പരിസരത്തും കുത്തൊഴുക്കും, നീളവും കൂടി. 

മഴയ്ക്ക് പിന്നാലെ പല ഭാഗങ്ങളിലും വീശിയടിച്ച കാറ്റിലും, നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞുണ്ടായ മഴയില്‍ ചെറുപുഴ പഞ്ചായത്തിലെ കക്കോട് ചപ്പാരം തട്ടില്‍ കരേള ജാനകിയുടെ വീടിന്റെ മേലെ കവുങ്ങ് ഒടിഞ്ഞ് വീണ് മേല്‍ക്കൂരയുടെ ഓട് തകര്‍ന്നു. ഈ സമയത്ത് വീട്ടില്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മലയോരത്ത് ശക്തമായി പെയ്യുന്ന മഴയ്‌ക്കൊപ്പം വീശിയടിക്കുന്ന കാറ്റും ജനങ്ങളില്‍ ആശങ്കയും ഭയവും ഉണ്ടാക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.