ശക്തമായ മഴ: മലയോരം വിറങ്ങലിച്ചു വ്യാപക നാശനഷ്ടം

Thursday 9 August 2018 1:29 am IST

 

കണ്ണൂര്‍: കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ജില്ലയിലെ മലയോര മേഖലകളിലെ ഇരുപതോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം. ആലക്കോട്, പയ്യാവൂര്‍, ഇരിട്ടി മലയോര മേഖലകളിലാണ് ഉരുള്‍പൊട്ടി നാശനഷ്ടമുണ്ടായിട്ടുള്ളത്. ആലക്കോട് മേഖലയില്‍ ഒറ്റത്തൈ, ഉടുമ്പേരി, കാപ്പിമല, വൈതല്‍കുണ്ട് പ്രദേശങ്ങളിലും കര്‍ണ്ണാടക വനത്തിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലും ഇന്നലെയുമാണ് ഉരുള്‍പൊട്ടലുണ്ടായിട്ടുള്ളത്. ഉടുമ്പേരിയിലെ ഉരുള്‍പൊട്ടലില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചിട്ടുള്ളത്.

 മലമുകളില്‍നിന്നും കൂറ്റന്‍പാറകളും മണ്ണും ഇടിഞ്ഞുവീണ് മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചാണ് കൃഷികള്‍ നശിച്ചത്. ഈ മേഖലയില്‍ നിരവധി വീടുകള്‍ക്കും അപകട ഭീഷണിയുണ്ട്. കാപ്പിമല വൈതല്‍കുണ്ടില്‍ തെക്കേടത്ത് ബിജുവിന്റെ കൃഷിയിടങ്ങള്‍ ഉരുള്‍പൊട്ടലില്‍ നശിച്ചു.

കര്‍ണ്ണാടക വനത്തിലുണ്ടായ ഉരുള്‍പൊട്ടല്‍ മണക്കടവ്, കാര്‍ത്തികപുരം രയരോം മേഖലകളില്‍ കനത്ത നാശം വിതച്ചിട്ടുണ്ട്. ഈ മേഖലയിലെ പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. ഇതുമൂലം പുഴയോരത്തെ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. മുക്കട കമ്പിപ്പാലത്തിന് സമീപത്തെ നിരവധി വീടുകളും വെള്ളത്തിനടിയിലാണ്.

പാത്തന്‍പാറയില്‍ ഏക്കര്‍കണക്കിന് കൃഷികള്‍ നശിച്ചിട്ടുണ്ട്. ചപ്പാരപ്പടവ് ടൗണില്‍ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം നിലച്ചു. പല കടകളിലും വെള്ളം കയറിയിട്ടുണ്ട്. പയ്യാവൂര്‍ ഏരുവേശ്ശി, ശ്രീകണ്ഠപുരം മേഖലകളിലും വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പയ്യാവൂര്‍ പഞ്ചായത്തിലെ ആടാംപാറ, ഒന്നാംപാലം എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടലുണ്ടായത്. കര്‍ണ്ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ആടാംപാറയില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്.

ഒന്നാംപാലം, ഉടുപ്പാന്‍ കവല, ചന്ദനക്കാംപാറ, ശ്രീകണ്ഠപുരം പൊടിക്കളം, പയ്യാവൂര്‍, പൈസക്കരി മേഖലകള്‍ വെള്ളത്തിനടിയിലാണ്. മടമ്പത്ത് സംസ്ഥാനപാതയില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് ഏറെ നേരം ഗതാഗതം നിലച്ചു. ചന്ദനക്കാംപാറ വണ്ണായിക്കടവ് പാലങ്ങള്‍ വെള്ളത്തിനടയിലായി. ഇതേതുടര്‍ന്ന് പയ്യാവൂരില്‍ നിന്നും ഈ പ്രദേശത്തേക്കുള്ള വാഹന ഗതാഗതം നിലച്ചു. കാഞ്ഞിരക്കൊല്ലി പുഴയിലും വെള്ളം കയറിയിട്ടുണ്ട്. 

ഷിമോഗ കോളനി, മുടിക്കയംമല, വഞ്ചിയം, ആടാംപാറ എന്നിവിടങ്ങളിലും വെള്ളംകയറി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശ്രീകണ്ഠപുരം പുഴ, വളപട്ടണം പുഴ, ഇരിക്കൂര്‍ പുഴ, എന്നിവയും നിറഞ്ഞുകവിയുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.