ഉരുള്‍പൊട്ടല്‍ എടപ്പുഴയില്‍ ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു

Thursday 9 August 2018 1:30 am IST

 

ഇരിട്ടി (കണ്ണൂര്‍): കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ ജില്ലയിലെ മലയോര മേഖലകളിലെ ഇരുപതോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം. ഇരിട്ടിക്കടുത്ത് അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ ഉരുള്‍പൊട്ടി വീട് തകര്‍ന്ന് ഒരുകുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. ആലക്കോട്, പയ്യാവൂര്‍, ഇരിട്ടി മലയോര മേഖലകളിലാണ് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടമുണ്ടായിട്ടുള്ളത്. 

 എടപ്പുഴ സ്വദേശി ഇമ്മുട്ടിയില്‍ തോമസ് (70), ഇദ്ദേഹത്തിന്റെ മകന്‍ ജെയ്‌സന്റെ ഭാര്യ ഷൈനി (40) എന്നിവരാണ് മരിച്ചത്. ഇന്നലെ സന്ധ്യക്ക് 6 മണിയോടെയായിരുന്നു അപകടം. എടപ്പുഴ കിഴക്കാണം മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കല്ലും മണ്ണും ചെളിയുമടക്കം ജയ്‌സന്റെ വാര്‍പ്പ് വീടിന്റെ മുകളില്‍ പതിക്കുകയായിരുന്നു. ഇരിട്ടിയില്‍ നിന്നും മറ്റും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ജെസിബിയും മറ്റും ഇവിടേയ്ക്ക് എത്തിക്കാന്‍ കഴിയാതായതോടെ മണ്ണും കല്ലും മറ്റും മാറ്റി ഇവരെ പുറത്തെടുക്കുക ദുഷ്‌കരമായി. ഒടുവില്‍ രണ്ടു മണിക്കൂറിലധികം നേരത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. അപ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. മൃതദേഹം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.