കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണശുചിത്വ സര്‍വേ 10 മുതല്‍ 31 വരെ

Thursday 9 August 2018 1:36 am IST

 

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ കുടിവെള്ള- ശുചിത്വ മന്ത്രാലയം ഗ്രാമീണശുചിത്വം വിലയിരുത്തല്‍ ആഗസ്ത് 10 മുതല്‍ 31 വരെ നടത്തുന്ന സ്വച്ഛ്‌സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ സര്‍വേക്കായി ഒരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി തദ്ദേശ സ്ഥാപനങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ഥിച്ചു. ദേശവ്യാപകമായി നടക്കുന്ന ശുചിത്വ സര്‍വേയില്‍ കേരളത്തെയും ഒപ്പം കണ്ണൂര്‍ ജില്ലയെയും ഒന്നാമതെത്തിക്കുവാന്‍ വേണ്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ നേതൃത്വം നല്‍കണം. 

പൊതു ഇടങ്ങളുടെ സര്‍വ്വെ (30%) നേരിട്ടും, ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങളുടേയും ഗ്രാമ പ്രദേശങ്ങളില്‍ സ്വാധീനമുള്ളവരുടേയും പ്രതികരണം (35%), ശുചിത്വവുമായി ബന്ധപ്പെട്ട സേവന മാനദണ്ഡങ്ങളുടെ പുരോഗതി (35%) എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തന മികവ് കണക്കാക്കുന്നത്. 

സ്‌കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ചന്തകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, ബസ്സ്റ്റാന്റുകള്‍, പൊതുഓഫീസുകള്‍, റോഡുകളുടെ വശങ്ങള്‍ എന്നിവയാണ് പൊതുയിടങ്ങളായി കണക്കാക്കി നേരിട്ടുള്ള നിരീക്ഷണത്തിന്റെ ഭാഗമായി സര്‍വ്വെ ഏജന്‍സി സന്ദര്‍ശിക്കുക. ഇവിടങ്ങളിലെ ശൗചാലയങ്ങളുടെ ലഭ്യത, വൃത്തി, ഉപയോഗം, പൊതു ഇടങ്ങളിലെ മാലിന്യം, മലിനജലം കെട്ടികിടക്കുന്ന സാഹചര്യം തുടങ്ങിയവ വിലയിരുത്തപ്പെടും. സമൂഹ യോഗങ്ങളിലൂടെയും വ്യക്തിഗത അഭിമുഖങ്ങളിലൂടേയും ഓണ്‍ലൈന്‍ വഴിയും പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കും. 

ജില്ലയിലെ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനായി പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ ആ ഗണത്തിലുള്ള പരമാവധി മാര്‍ക്ക് ലഭിക്കുകയുള്ളൂ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ലഭിക്കുന്ന എസ്എസ്ജി 18’ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പരമാവധി ആളുകള്‍ അഭിപ്രായം രേഖപ്പെടുത്തണം. എല്ലാ പഞ്ചായത്തുകളിലും വിവിധ സംഘനകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, എന്‍എസ്എസ്, ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെ പൊതുശുചീകരണം നടത്തണം. പഞ്ചായത്തിലെ എല്ലാ ഓഫീസുകളിലും സ്‌കൂള്‍-അങ്കണവാടികളിലും ശുചീകരണം നടത്തണം. 

സര്‍വ്വേയ്ക്ക് മുന്നൊരുക്കമെന്ന നിലയില്‍ പഞ്ചായത്തുകളില്‍ രൂപീകരിക്കുന്ന പരിശോധനാ സംഘം ഈ കാര്യങ്ങള്‍ അന്വേഷിച്ച് ഉറപ്പുവരുത്തണം. ഈ കാര്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഏകോപിപ്പിക്കും. ശുചിത്വ പ്രവര്‍ത്തനങ്ങളിലും ഓണ്‍ലൈന്‍ പ്രതികരണം രേഖപ്പെടുത്തുന്നതിലും ജില്ലയിലെ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ ജില്ലാ കളകടര്‍ അഭ്യര്‍ത്ഥിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.