വിവാദങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

Thursday 9 August 2018 10:36 am IST
സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും, സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നതു കാണുന്നത് അവകാശവും കടമയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍ ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയിലെത്തി. സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും, സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നതു കാണുന്നത് അവകാശവും കടമയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മോഹന്‍ലാലിന്റെ പ്രസംഗത്തില്‍ നിന്നും:

മുഖ്യാതിഥിയായല്ല, സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നത്. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ ഉണ്ടാകുമെന്നും നിറഞ്ഞ കയ്യടികള്‍ക്കിടെ മോഹന്‍ലാല്‍ പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട എന്റെ മണ്ണിലാണ് ഈ പരിപാടി നടക്കുന്നത്. രാജാവും പ്രജകളും ഒരുപോലെ സ്‌നേഹം പങ്കിട്ട് വളര്‍ന്ന എന്റെ നഗരം. ഞാന്‍ പഠിച്ചത്, വളര്‍ന്നത്, എന്റെ അച്ഛന്‍ ജോലി ചെയ്തത്, എന്റെ അമ്മ ക്ഷേത്രത്തില്‍ പോയിരുന്നത്.. എല്ലാം ഈ വീഥികളിലൂടെയാണ്.

ഈ തിരുവനന്തപുരത്തു നിന്നാണ് എന്റെ 40 വര്‍ഷം നീണ്ട യാത്രയുടെ തുടക്കവും. അത് എന്നുവരെ എന്നറിയില്ല. ഇന്ദ്രന്‍സിനോളം എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ, എത്തിയില്ലല്ലോ എന്ന ആത്മവിമര്‍ശനമാണ് തോന്നിയിട്ടുള്ളത്.

പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ പുരസ്‌കാര മത്സരത്തില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങളും ഉണ്ടാകാറുണ്ട്. ചില സമയത്ത് അവസരങ്ങള്‍ വഴി മാറി പോകാറുമുണ്ട്. എന്നാല്‍ അവാര്‍ഡ് ലഭിച്ചയാളോട് ഇതുവരെ ഒരു അസൂയയും തോന്നിയിട്ടില്ല.

മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന തോന്നലാണ് ഉണ്ടാകാറ്. മറ്റുള്ളവര്‍ക്ക് പുരസ്‌കാരം കിട്ടുമ്പോള്‍ എനിക്ക് ആത്മവിമര്‍ശനത്തിനുള്ള ഒരു അവസരം കൂടിയാണ്. ഇത്തവണ ഇന്ദ്രന്‍സിന് കിട്ടിയപ്പോളും എനിക്ക് തോന്നിയത് അദ്ദേഹത്തോളം എനിക്ക് അഭിനയിച്ച് എത്താന്‍ കഴിഞ്ഞില്ലല്ലോ എന്നാണ്. അത് പുരസ്‌കാരത്തിന് വേണ്ടിയുള്ള മോഹമല്ല മറിച്ച് സാക്ഷാത്കാരത്തിന് വേണ്ടിയുള്ള അഭിനിവേശമാണ്.

നിങ്ങള്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം വേണ്ട. കാരണം നിങ്ങളെയോ സിനിമയെയോ വിട്ടു ഞാനെങ്ങും പോയിട്ടില്ല. നാല്‍പതു വര്‍ഷമായി ഇവിടെ തന്നെയുണ്ട്. സിനിമയില്‍ എനിക്ക് കുറിച്ചുവച്ചിട്ടുള്ള സമയം തീരുന്നിടത്തോളം ഞാന്‍ ഇവിടെ തന്നെയുണ്ട്. വിളിക്കാതെ വന്നു കയറിയാല്‍ എനിക്ക് ഇരിക്കാന്‍ ഒരിരിപ്പിടം നിങ്ങളുടെ മനസിലും എല്ലായിടത്തും ഉണ്ടാകും എന്ന വിശ്വസത്തോടെ നിര്‍ത്തട്ടെ, നന്ദി' മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള ചിലര്‍ പ്രതിഷേധം ഉയര്‍ത്തുകയും മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.