ഇടമലയാര്‍ അണക്കെട്ട് തുറന്നു; പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

Thursday 9 August 2018 10:42 am IST
ഷട്ടറുകളിലൂടെ സെക്കന്റില്‍ 164 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്. ഒന്നര മീറ്ററോളം ഉയരത്തില്‍ പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്നാണ് കരുതുന്നത്.

ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 169.56 പിന്നിട്ടതോടെ ഇന്ന് രാവിലെ അഞ്ച് മണിക്കാണ് ഷട്ടറുകള്‍ തുറന്നത്. ആകെയുള്ള നാല് ഷട്ടറുകളില്‍ രണ്ടെണ്ണം 80 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്.

ഷട്ടറുകളിലൂടെ സെക്കന്റില്‍ 164 ഘനമീറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുകുന്നത്. ഒന്നര മീറ്ററോളം ഉയരത്തില്‍ പെരിയാറില്‍ ജലനിരപ്പ് ഉയരുമെന്നാണ് കരുതുന്നത്.രാവിലെ ആറു മണിക്കാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാത്രി ഈ മേഖലയില്‍ ശക്തമായ മഴപെയ്തത് ജലനിരപ്പ് 169.95 മീറ്റര്‍ എത്തിയതോടെ അഞ്ച് മണിക്ക് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. 

കഴിഞ്ഞ ദിവസം ജലനിരപ്പ് 168.20 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന ജലം അഞ്ചു മുതല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് ആലുവയിലെത്തും. 2013 ലാണ് ഇതിന് മുന്‍പ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. പെരിയാറില്‍ ജലനിരപ്പ് കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

ഇടമലയാറിനൊപ്പം ഇടുക്കിയിലും ജലനിരപ്പ് അതിവേഗം ഉയരുന്നത് കണക്കിലെടുത്താണ് ഇടമലയാര്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇടുക്കിയില്‍ നിന്നും പെരിയാറില്‍ നിന്നും ഒരേസമയം വെള്ളം ഒഴുക്കി വിടുന്നത് കനത്ത വെള്ളപ്പൊക്കത്തിന് ഇടയാക്കും. ഇത് ഒഴിവാക്കാനാണ് ഇടമലയാര്‍ വ്യാഴാഴ്ച രാവിലെ തുറന്നത്. ഇതിന് മുന്നോടിയായി ഭൂതത്താന്‍കെട്ടിലെ 15ല്‍ 14 ഷട്ടറുകളും ഉയര്‍ത്തി പരമാവധി ജലം തുറന്നു വിടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.