കനത്ത മഴ; വെള്ളപ്പൊക്കം: വയനാട്ടില്‍ റെഡ് അലര്‍ട്ട്

Thursday 9 August 2018 12:10 pm IST
ബാണാസുര അണക്കെട്ടിന്റെ നാല് ഷട്ടറുകളും 10 സെന്റീ മീറ്റര്‍ വീതം കൂടുതല്‍ തുറന്നു. വയനാട്ടിലേക്കുള്ള പാതകളും അടഞ്ഞു. ഇതോടെ വയനാട് ജില്ല ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. 354 മില്ലി മീറ്റര്‍ മഴയാണ് ഇന്ന് വയനാട്ടില്‍ പെയ്തത്. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 11 ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

വൈത്തിരിയില്‍ മണ്ണിടിഞ്ഞ് തൊളിയറത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലി മരിച്ചു. മക്കി മലയില്‍ ഉരുള്‍പൊട്ടി രണ്ട് പേരെ കാണാതായി. കല്‍പ്പറ്റ ടൌണില്‍ സഫാ മര്‍സ അപ്പാര്‍‌ട്ട്മെന്റിലേക്ക് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്. ബാണാസുര അണക്കെട്ടിന്റെ നാല് ഷട്ടറുകളും 10 സെന്റീ മീറ്റര്‍ വീതം കൂടുതല്‍ തുറന്നു. വയനാട്ടിലേക്കുള്ള പാതകളും അടഞ്ഞു. ഇതോടെ വയനാട് ജില്ല ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

താമരശേരി ചുരം, കുറ്റ്യാടി, പാല്‍ച്ചുരം എന്നിവടങ്ങളിലെല്ലാം മരങ്ങള്‍ കടപുഴകി വീണതും മണ്ണിടിഞ്ഞതുമാണ് ജില്ലയിലേക്കുള്ള യാത്രയ്ക്ക് പ്രധാന തടസം. മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ജില്ലാഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ അനുമതിയില്ലാതെ ആസ്ഥാനം വിട്ടുപോകരുതെന്ന് കളക്ടര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

വയനാട് കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ക്ക് 04936 204151 എന്ന നന്പറില്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്. 1077 എന്ന ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി (04936 220296), മാനന്തവാടി (04935 240231), വൈത്തിരി (04936 255229) എന്നിവിടങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.