റണ്‍വേയില്‍ വെള്ളം; നെടുമ്പാശ്ശേരിയില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിരോധനം

Thursday 9 August 2018 1:53 pm IST

കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശ്ശേശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒന്നു മുതലാണ് നിരോധനം. എന്നാല്‍ വിമാനങ്ങള്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

നിരോധനത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ എവിടെയിറക്കുമെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിലവില്‍ നിയന്ത്രണമുണ്ട്. തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവടങ്ങളിലാകും നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ഇറങ്ങുക എന്ന സൂചനയാണ് ലഭിക്കുന്നത്. 

ഇടമലയാര്‍ ഡാം പുലര്‍ച്ചെ അഞ്ചിന് തുറന്നു വിട്ടതോടെ പെരിയാറ്റില്‍ കനത്ത തോതില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. നിലവില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും ചുറ്റുമതിലിന് അടുത്തുവരെ വെള്ളം എത്തിയ സ്ഥിതിയുണ്ട്. അതിനാലാണ് വിമാനം ഇറങ്ങുന്ന റണ്‍വേയിലെ പരിശോധനകള്‍ക്ക് ശേഷം നിരോധനം ഏര്‍പ്പെടുത്തിയത്.

2013-ല്‍ ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെള്ളം കയറിയ സ്ഥിതിയുണ്ടായിരുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ് നിരോധനം. ഇടമലയാറിനൊപ്പം ഇടുക്കി കൂടി തുറന്നതോടെ ജാഗ്രതയുടെ ഭാഗമായി വിമാനങ്ങള്‍ ഇറങ്ങുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.