ബിസിസിഐയുടെ പുതിയ ഭരണഘടനയ്ക്ക് ഭേദഗതികളോടെ അംഗീകാരം

Thursday 9 August 2018 2:25 pm IST
പുതിയ ഭരണഘടന സംസ്ഥാന അസോസിയേഷനുകള്‍ 30 ദിവസത്തിനകം അംഗീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ന്യൂദല്‍ഹി: ബിസിസിഐയുടെ പുതിയ ഭരണഘടനയ്ക്ക് ഭേദഗതികളോടെ സുപ്രീംകോടതി അംഗീകാരം നല്‍കി. 'ഒരു സംസ്ഥാനം, ഒരു വോട്ട്' തുടങ്ങിയ ലോധ കമ്മറ്റി ശുപാര്‍ശകളിലെ ചില വ്യവസ്ഥകളില്‍‌ ഭേദഗതി വരുത്തിയാണ് സുപ്രീം കോടതി ഉത്തരവ്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പുതിയ ഭരണഘടന സംസ്ഥാന അസോസിയേഷനുകള്‍ 30 ദിവസത്തിനകം അംഗീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മുംബൈ, സൗരാഷ്ട്ര, വിദര്‍ഭ, വഡോദര ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് സ്ഥിരാംഗത്വം നല്‍കിയാണ് കോടതി ഉത്തരവ്. റെയില്‍വേസ്, സര്‍വീസസ്, സര്‍വകലാശാലാ അസോസിയേഷനുകള്‍ മുഴുവന്‍ സമയ അംഗത്വം തിരികെ നല്‍കി. നേരത്തെ ലോധകമ്മിറ്റി വ്യവസ്ഥകള്‍ പ്രകാരം ഈ അസോസിയേഷനുകളുടെ മുഴുവന്‍ സമയ അംഗത്വം റദ്ദ് ചെയ്തിരുന്നു. 

നിലവില്‍ തമിഴ്നാട് സൊസൈറ്റീസ് റജിസ്ട്രേഷന്‍ ആക്ടിനു കീഴില്‍ ഒരു സ്വകാര്യ സംരംഭമായാണു ബിസിസിഐ പ്രവര്‍ത്തിക്കുന്നത്. ബിസിസിഐയുടെ പുതിയ ഭരണഘടന ഭേദഗതികളോടെ രജിസ്റ്റര്‍ ചെയ്തതിന്‍റെ രേഖകള്‍ നാലാഴ്ച്ചയ്ക്കകം സമര്‍പ്പിക്കാന്‍ തമിഴ്നാട് സൊസൈറ്റീസ് റജിസ്ട്രാറിന് കോടതി നിര്‍ദ്ദേശം നല്‍കി. 

ജൂലൈ അഞ്ചിന്, പുതിയ ഭരണഘടന സംബന്ധിച്ച വിധി വരുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ തെരെഞ്ഞെടുപ്പ് നടത്തുന്നതിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2016 ജൂലൈ 18 ന് ആണ് ബിസിസിഐ പരിഷ്‌കരണത്തിന് ഉള്ള ജസ്റ്റിസ് ആര്‍.എം.ലോധ സമിതി ശുപാര്‍ശ സുപ്രീം കോടതി അംഗീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.