കര്‍ക്കടകത്തില്‍ മുഹൂര്‍ത്തമില്ല; ചിങ്ങത്തില്‍ ജയരാജന്റെ സത്യപ്രതിജ്ഞ

Thursday 9 August 2018 2:38 pm IST
വ്യവസായവകുപ്പും അമേരിക്കയിലേക്കു പോകുന്നതിനാല്‍ മുഖ്യമന്ത്രി കൈവശം വച്ചിരിക്കുന്ന ചില വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനു ലഭിച്ചേക്കും.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കരാര്‍ ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനം ഉറപ്പായി. 

സിപിഐയ്ക്കു നേരത്തേ നല്‍കാമെന്നു ധാരണയായിരുന്ന സര്‍ക്കാര്‍സ്ഥാനങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാമെന്നു കോടിയേരി കാനത്തിന് ഉറപ്പു നല്‍കി. കര്‍ക്കടകത്തില്‍ മുഹൂര്‍ത്തമില്ലാത്തതിനാല്‍ ജയരാജന്‍ ചിങ്ങം ആദ്യം സത്യപ്രതിജ്ഞ ചെയ്യും.

സത്യപ്രതിജ്ഞയ്ക്കായി ഗവര്‍ണറുടെ സമയം മാത്രം ചോദിച്ച് ചിങ്ങം പതിനേഴിനോ പതിനെട്ടിനോ ഇ.പി. ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത. ജയരാജന്‍ മുമ്പ് വഹിച്ചിരുന്ന വ്യവസായവകുപ്പോ മന്ത്രി ടി.പി. രാമകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന എക്‌സൈസോ നല്‍കും. 

മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള അടിയന്തര സിപിഎം സംസ്ഥാന സമിതി ഇന്നു ചേരും. ജയരാജനെ മന്ത്രിയാക്കാനുള്ള സെക്രട്ടറിയേറ്റ് തീരുമാനം വൈകുന്നേരം മൂന്നു മണിക്കു ചേരുന്ന സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യും.  ചര്‍ച്ചയൊന്നും കൂടാതെ സെക്രട്ടറിയേറ്റ് തീരുമാനം സംസ്ഥാനസമിതി അംഗീകരിക്കാനാണു സാധ്യത. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ഇരുയോഗങ്ങളിലും പങ്കെടുക്കും.  

മന്ത്രിമാരെ കൂട്ടുന്നതില്‍ സിപിഐയ്ക്കു താല്‍പ്പര്യമില്ലാത്തതായിരുന്നു ജയരാജന്റെ മന്ത്രിസഭാ പ്രവേശനം കീറാമുട്ടിയാക്കിയത്. സിപിഐയുടെ എതിര്‍പ്പു മറികടക്കേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് എടുത്തിരുന്നു. 

എന്നാല്‍ സര്‍ക്കാര്‍സ്ഥാനങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് അറിയിച്ചതോടെ സിപിഐ അയഞ്ഞു. ഈ സാഹചര്യത്തിലാണു ആദ്യമുണ്ടായിരുന്ന എതിര്‍പ്പ് സിപിഐ മയപ്പെടുത്തിയത്. തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ കണ്‍വീനര്‍ എ. വിജയരാഘവനു റിപ്പോര്‍ട്ടു ചെയ്യേണ്ട ജോലി മാത്രമേയുള്ളൂ. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.