കപ്പല്‍ അപകടം: കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

Thursday 9 August 2018 4:49 pm IST

കൊച്ചി: കപ്പലിടിച്ച് തകര്‍ന്ന ഓഷ്യാനിക് ബോട്ടില്‍ നിന്ന് കാണാതായ ഒന്‍പത് മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി നേവിയും കോസ്റ്റ്ഗാര്‍ഡും. നേവിയുടെ യമുന കപ്പലും കോസ്റ്റ്ഗാര്‍ഡിന്റെ വിക്രം, സാവിത്രി ഭായി ഫൂലേ, അഭിനവ്  കപ്പലുകളും ഡ്രോണിയര്‍ വിമാനവുമാണ് പരിശോധന നടത്തുന്നത്. ഇതിന് പുറമേ മത്സ്യത്തൊഴിലാളികളും ബോട്ടുകളില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം നേവിയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എം.വി. ദേശ ശക്തി കപ്പലും അപകടസമയം ഇതേ ചാലിലൂടെ സഞ്ചരിച്ച മറ്റ് രണ്ട് കപ്പലുകളും മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ടിട്ടുണ്ട്. കപ്പലുകള്‍ കൊച്ചിയില്‍ നിന്നുള്ള സംഘം പരിശോധിച്ചു. അപകടസമയം ബോട്ട് നിയന്ത്രിച്ചിരുന്ന എഡ്വിന്‍ നല്‍കിയിരിക്കുന്ന മൊഴി, കപ്പലിന്റെ മുന്‍ഭാഗം ഇടിച്ചാണ് ബോട്ട് തകര്‍ന്നതെന്നാണ്. ബോട്ട് രണ്ടായി ഒടിയുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. 

മൊഴിയുടെ അടിസ്ഥാനത്തില്‍ കപ്പലിന്റെ മുന്‍ഭാഗത്തെ പരിശോധനകളാണ് ആദ്യം നടത്തിയത്. തുടര്‍ന്ന് കപ്പലിന്റെ സഞ്ചാരം സംബന്ധിക്കുന്ന ലോഗ്ബുക്കും മറ്റും എംഎംഡി അധികൃതര്‍ പരിശോധിച്ചിട്ടുണ്ട്. സംഘം തയാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

മാല്യങ്കര സ്വദേശി സിജു (45), തമിഴ്‌നാട് രാമന്‍തുറ സ്വദേശികളായ രാജേഷ് കുമാര്‍ (32), ആരോഗ്യ ദിനേശ് (25), യേശുപാലന്‍ (38), ഷാലു (24), പോള്‍സണ്‍ (25), അരുണ്‍കുമാര്‍ (25), സഹായരാജ് (32), ബംഗാള്‍ സ്വദേശി ബിപുല്‍ (28) എന്നിവര്‍ക്കുവേണ്ടിയുള്ള തെരച്ചിലാണ് നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.