കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിന് സജ്ജമാകും; കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി

Thursday 9 August 2018 8:11 pm IST
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുനസ്ഥാപിച്ചതായി സുരേഷ് പ്രഭു പറഞ്ഞു. സൗദിയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും ആദ്യം സര്‍വ്വീസ് തുടങ്ങുക.

ന്യൂദല്‍ഹി: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട മുഴുവന്‍ അനുമതികളും ഒക്ടോബര്‍ ഒന്നിന് മുന്‍പ് നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. ഇതിന് ശേഷം എപ്പോള്‍ വേണമെങ്കിലും സര്‍വ്വീസ് ആരംഭിക്കാം. ഇത്  തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കണ്ണൂരില്‍ നിന്ന് അബുദാബി, ദമാം, ദോഹ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഇന്‍ഡിഗോ, ജെറ്റ്, എയര്‍ ഇന്ത്യ കമ്പനികള്‍ക്കാണ് നിലവില്‍ അനുമതിയുള്ളത്. വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇതിന് മറ്റു രാജ്യങ്ങളുടെ അനുമതിയും ആവശ്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുനസ്ഥാപിച്ചതായി സുരേഷ് പ്രഭു പറഞ്ഞു. സൗദിയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും ആദ്യം സര്‍വ്വീസ് തുടങ്ങുക. സുരക്ഷാ പരിശോധകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സപ്തംബര്‍ 20നുള്ളില്‍ മറ്റ് നടപടികളും പൂര്‍ത്തിയാക്കും. ഇന്ത്യയിലേക്ക് പണമയക്കുന്നതില്‍ മലയാളികള്‍ മുന്നിലാണെന്ന് മന്ത്രി പ്രശംസിച്ചു. കേരളീയര്‍ കഠിനാധ്വാനികളാണ്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്ക് നല്ല പേരുണ്ടാക്കുന്നതില്‍ കേരളീയളുടെ പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.  

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടുത്തവര്‍ഷം മുതല്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം പുനസ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. വിഷയം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മുക്താര്‍ അബാസ് നഖ്വിയുമായി ചര്‍ച്ച ചെയ്തിരുന്നു. നെടുമ്പാശ്ശേരിയില്‍ താല്‍ക്കാലികമായി ആരംഭിച്ച പുറപ്പെടല്‍ കേന്ദ്രം നിലനിര്‍ത്തും. പത്രസമ്മേളനത്തില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, വി. മുരളീധരന്‍ എംപി എന്നിവരും പങ്കെടുത്തു. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ വിഷയങ്ങള്‍ നിരവധി തവണ ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധിയില്‍ കൊണ്ടുവന്നിരുന്നു.  മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന്‍ എംപി, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവര്‍ നേരത്തെ വ്യോമയാന മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.