ധന, മരാമത്ത് വകുപ്പുകള്‍ തമ്മില്‍ പോര്

Friday 10 August 2018 1:05 am IST
മരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികള്‍ ധനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബി ഏറ്റെടുത്തതില്‍ വകുപ്പിനുള്ളില്‍ മുറുമുറുപ്പ് ശക്തമായിരുന്നു. ചെറിയ പ്രവര്‍ത്തികള്‍ മാത്രമാണ് മരാമത്ത് വകുപ്പ് നടത്തുന്നത്. വലിയ പ്രവര്‍ത്തികള്‍ കിഫ്ബിയിലേക്ക് മാറ്റി. തുടര്‍ന്ന് മരാമത്ത് മന്ത്രി തന്നെ കിഫ്ബിയോടുള്ള അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചു. റോഡുകള്‍ തകരുന്നതിന്റെ പഴി കേള്‍ക്കുന്നതിനൊപ്പം നിര്‍മാണത്തിന് പണം കൂടി അനുവദിക്കാതിരിക്കുന്നതാണ് ഇപ്പോള്‍ ഭിന്നത മുറുകാന്‍ കാരണം. ഇതുകൂടാതെ കരാറുകാരുടെ കുടിശിക തീര്‍ക്കാത്തതും വകുപ്പുകള്‍ തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായി.

കോട്ടയം: കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ധന, മരാമത്ത് വകുപ്പുകള്‍ക്കിടയില്‍ ഭിന്നത മുറുകി.  റോഡുകള്‍ പൂര്‍ണമായി തകര്‍ന്നതിനാല്‍ അറ്റകുറ്റപ്പണി പോരാ. റോഡ് പൂര്‍ണമായി പൊളിച്ച് പണിയണമെന്നാണ് മരാമത്ത് വകുപ്പ് പറയുന്നത്. ഇതിന് 3,000 കോടി രൂപയെങ്കിലും വേണ്ടിവരും. സര്‍ക്കാര്‍  സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഇത്രയും തുക അനുവദിക്കാന്‍ കഴിയില്ലെന്നാണ് ധനവകുപ്പ് പറയുന്നത്. ഈ സാഹചര്യത്തില്‍ തകര്‍ന്ന റോഡുകള്‍ പൊളിച്ച് പണിയുന്നത് പ്രതിസന്ധിയിലായി. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 34,000 കിലോമീറ്റര്‍ റോഡാണുള്ളത്. ഇത് ഭൂരിഭാഗവും തകര്‍ന്നു. 

മരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികള്‍ ധനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബി ഏറ്റെടുത്തതില്‍ വകുപ്പിനുള്ളില്‍ മുറുമുറുപ്പ് ശക്തമായിരുന്നു. ചെറിയ പ്രവര്‍ത്തികള്‍ മാത്രമാണ് മരാമത്ത് വകുപ്പ് നടത്തുന്നത്. വലിയ പ്രവര്‍ത്തികള്‍ കിഫ്ബിയിലേക്ക് മാറ്റി. തുടര്‍ന്ന് മരാമത്ത് മന്ത്രി തന്നെ കിഫ്ബിയോടുള്ള അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചു. റോഡുകള്‍ തകരുന്നതിന്റെ പഴി കേള്‍ക്കുന്നതിനൊപ്പം നിര്‍മാണത്തിന് പണം കൂടി അനുവദിക്കാതിരിക്കുന്നതാണ് ഇപ്പോള്‍ ഭിന്നത മുറുകാന്‍ കാരണം. ഇതുകൂടാതെ കരാറുകാരുടെ കുടിശിക തീര്‍ക്കാത്തതും വകുപ്പുകള്‍ തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമായി.

1500 കോടി രൂപയോളം കുടിശികയുണ്ട്. എന്നാല്‍ ഈ തുക ഉടന്‍ കൊടുക്കാന്‍ സാധ്യതയില്ല. ഓണത്തിന് ശമ്പളവും ക്ഷേമപെന്‍ഷനുകളും വരെ കൊടുക്കുന്നത് സര്‍ക്കാര്‍  കടമെടുത്താണ്. അറ്റകുറ്റപ്പണികള്‍ ടെണ്ടര്‍ ചെയ്താല്‍ കരാറുകാര്‍ ഏറ്റെടുക്കുമോ എന്ന ആശങ്കയും ഉണ്ട്. സംസ്ഥാനെത്ത റോഡുകള്‍ കുഴിയടച്ചെങ്കിലും ഗതാഗത യോഗ്യമാകണമെങ്കില്‍ കുറഞ്ഞത് മൂന്ന് മാസമെടുക്കുമെന്നാണ് മരാമത്ത് അധികൃതര്‍ പറയുന്നത്.

ധനവകുപ്പിന്റെ കര്‍ശന നിലപാടിന്റെ പശ്ചാത്തലത്തില്‍ 500 കോടി രൂപയുടെ നിര്‍മാണം മാത്രമേ  നടക്കാന്‍ സാധ്യതയുള്ളു. തകര്‍ന്ന റോഡുകള്‍ പൂര്‍ണമായി പൊളിച്ച് പണിയാതെ കുഴിയടയ്ക്കല്‍ മാത്രമേ ഉണ്ടാവൂ. ഒാരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും റോഡുകള്‍ പുതുക്കിപ്പണിയണം. എന്നാല്‍ പല റോഡുകളും ഏഴ് വര്‍ഷം കഴിഞ്ഞാലും പുതുക്കി പണിയാറില്ല. കിഫ്ബിയില്‍ പദ്ധതിയുടെ പരിശോധനയും ഭരണാനുമതിയും മാത്രമാണ് നടക്കുന്നതെന്നാണ് മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വിമര്‍ശനം. പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നില്ല. തിരുവല്ല - അമ്പലപ്പുഴ റോഡ് മാത്രമാണ് ഇതുവരെ പൂര്‍ത്തിയായ ഏക പദ്ധതി. 

ശബരിമല റോഡുകളുടെ ടെണ്ടര്‍ വൈകും

റോഡ് പുനര്‍നിര്‍മാണത്തിന് പണം അനുവദിക്കുന്നത് സംബന്ധിച്ച് ധന, മരാമത്ത് വകുപ്പുകള്‍ക്കിടയില്‍ ഭിന്നത മൂര്‍ച്ഛിച്ചത് ശബരിമല റോഡുകളുടെ നിര്‍മാണത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ 17 റോഡുകളാണ് ശബരിമല റോഡുകളായി കണക്കാക്കിയിരിക്കുന്നത്. ഇതുകൂടാതെ നിരവധി അനുബന്ധ റോഡുകളുമുണ്ട്. ഇതിന്റെ പുനര്‍നിര്‍മാണത്തിന് തന്നെ 200 കോടി രൂപയെങ്കിലും വേണ്ടിവരും. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാല്‍ ശബരിമല റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ആഗസ്റ്റില്‍ ടെണ്ടര്‍ വിളിച്ചെങ്കില്‍ മാത്രമേ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാവുകയുള്ളു. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ടെണ്ടര്‍ വിളിച്ച് സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണി മാത്രമാണ് നടന്നത്. ഈ വര്‍ഷം റോഡുകള്‍ സഞ്ചാരയോഗ്യമാകണമെങ്കില്‍ പുതുക്കിപ്പണിയണം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.