നരാധമന്മാര്‍ തൂക്കിലേറ്റപ്പെടുമ്പോള്‍

Friday 10 August 2018 1:11 am IST
ദല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് നാടാകെ നടന്ന പ്രക്ഷോഭങ്ങളുടെകൂടി ഫലമായി 2013ല്‍ ക്രിമിനല്‍ നിയമ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. 'നിര്‍ഭയ' നിയമം എന്നറിയപ്പെടുന്ന ഈ നിയമനിര്‍മാണം ലൈംഗികാതിക്രമങ്ങളുടെ നിര്‍വചനം വിപുലമാക്കി കൂടുതല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കി.

ന്ത്യയില്‍ ഒരു ദിവസം മണിക്കൂറില്‍ നാല് സ്ത്രീകള്‍ വീതം ബലാത്സംഗത്തിന് ഇരയാകുന്നു എന്നാണ് കണക്ക്. ഒരു വര്‍ഷം 38000 ബലാത്സംഗക്കേസുകള്‍ ഉണ്ടാകുന്നു. ഇത്തരത്തില്‍ ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ സുപ്രീംകോടതിയും ആശങ്ക അറിയിച്ചിരുന്നു. നീണ്ടുപോകുന്ന അന്വേഷണ-വിചാരണാ നടപടികളും കുറ്റപത്രത്തിലെ വീഴ്ചകള്‍ വഴി കുറ്റവാളികള്‍ രക്ഷപ്പെടുന്നതുമെല്ലാം പൊതുജനരോഷം സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്കു വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വന്നത്്.

ലൈംഗിക പീഡന കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം പാര്‍ലമെന്റ് ഏകകണ്ഠമായാണ് പാസാക്കിയത്. വധശിക്ഷ ഉള്‍പ്പെടെയുള്ള ഒട്ടേറെ വ്യവസ്ഥകള്‍ ഈ ക്രിമിനല്‍ നിയമ ഭേദഗതിയിലുണ്ട്. അതിവേഗം നീതി ഉറപ്പാക്കാന്‍ പുതിയ നിയമ ഭേദഗതികൊണ്ട് സാധ്യമാകും. കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ മാസത്തിലാണ് ഇതിനായി ഓര്‍ഡനന്‍സ് കൊണ്ടുവന്നത്. അത് നേരത്തെ ലോക്‌സഭ പാസാക്കുകയും ചെയ്തിരുന്നു. ശബ്ദ വോട്ടോടെ രാജ്യസഭയും അംഗീകരിച്ചതോടെ ഇത് നിയമമായി. ബില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ചെറിയ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ബില്‍ സിലക്റ്റ് കമ്മിറ്റിക്കു വിടണമെന്നു ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. അംഗങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കാമെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഉറപ്പും നല്‍കി. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള നിയമം നേരത്തെ നടപ്പാക്കിയിരുന്നെന്നും അതിദാരുണമായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവുനിയമം എന്നിവയില്‍ ആവശ്യമായ ഭേദഗതി വരുത്തുകയാണു ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗികാതിക്രമത്തില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്ന പോക്‌സോ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവുനിയമം എന്നിവയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ക്രിമിനല്‍ ഭേദഗതി നിയമം കൊണ്ടുവന്നിരിക്കുന്നത്്.

പന്ത്രണ്ടു വയസ്സില്‍ത്താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ  നിയമം വ്യവസ്ഥചെയ്യുന്നുണ്ട്. പന്ത്രണ്ടിനും പതിനാറിനുമിടയ്ക്ക് പ്രായമുള്ളവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പരമാവധി ജീവപര്യന്തം തടവുശിക്ഷയും നിര്‍ദ്ദേശിക്കുന്നു. കാരുണ്യലേശമില്ലാത്ത നരാധമന്മാര്‍ക്ക് തൂക്കുകയര്‍തന്നെ വിധിക്കുന്ന നിയമശക്തി, ഇത്തരം കുറ്റകൃത്യങ്ങള്‍ തടഞ്ഞ്  ബാലികാസുരക്ഷയ്ക്കു സഹായിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. 

ദല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് നാടാകെ നടന്ന പ്രക്ഷോഭങ്ങളുടെകൂടി ഫലമായി 2013ല്‍ ക്രിമിനല്‍ നിയമ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. 'നിര്‍ഭയ' നിയമം എന്നറിയപ്പെടുന്ന ഈ നിയമനിര്‍മാണം ലൈംഗികാതിക്രമങ്ങളുടെ നിര്‍വചനം വിപുലമാക്കി കൂടുതല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കി. ഇതുവരെ ഇന്ത്യന്‍നിയമങ്ങളില്‍ ഇല്ലാതിരുന്ന ചില കുറ്റങ്ങള്‍ ക്രിമിനല്‍നിയമത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവുനിയമം, ക്രിമിനല്‍ നടപടി നിയമം എന്നീ നിയമങ്ങളില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ഒപ്പം ബലാത്സംഗത്തിന് കൂടുതല്‍ കടുത്ത ശിക്ഷ വ്യവസ്ഥചെയ്യുകയും ചെയ്തു.

നിയമത്തിന്റെ പരിധിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം ബലാത്സംഗം മാത്രമല്ല. 'ലൈംഗികാതിക്രമം'എന്ന വാക്കാണ്് നിയമത്തില്‍ ഉപയോഗിക്കുന്നത്. അതിക്രമത്തിനെതിരെ ശാരീരികമായ ചെറുത്തുനില്‍പ്പ് ഉണ്ടായോ ഇല്ലയോ എന്നത് പ്രസക്തമല്ല.  18ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായി സമ്മതത്തോടെയുള്ള ലൈംഗികവേഴ്ച നടത്തിയാലും അത് ബലാത്സംഗമാകും.

പിന്തുടര്‍ന്ന് ശല്യംചെയ്യലിന് വിപുലമായ നിര്‍വചനമാണ് നിയമം നല്‍കുന്നത്. ഒരു വ്യക്തിയുടെ പ്രകടമായ അനിഷ്ടം അവഗണിച്ച്് വ്യക്തിബന്ധം സ്ഥാപിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെ തുടര്‍ച്ചയായി പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്താല്‍ അത് നിയമപരിധിയില്‍ വരും. ഇത്തരം നീക്കം ഇരയാകുന്ന വ്യക്തിയില്‍ അതിക്രമത്തെക്കുറിച്ചുള്ള ഭയാശങ്കയും അസ്വസ്ഥതയും സൃഷ്ടിച്ചാല്‍ കുറ്റംചെയ്തതായി കണക്കാക്കും. നടന്നും വാഹനത്തിലും മറ്റുമുള്ള പിന്തുടരല്‍ മാത്രമല്ല നിയമത്തിന്റെ പരിധിയില്‍വരിക. ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയുള്ള പിന്തുടരലും നിയമത്തിലെ നിര്‍വചനത്തില്‍ വരുമെന്നും വ്യവസ്ഥ ചെയ്യുന്നു.

ലൈംഗിക ഉദ്ദേശ്യത്തോടെ നടത്തുന്ന സ്പര്‍ശം, ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചുള്ള അഭ്യര്‍ഥന, ലൈംഗികച്ചുവയോടെയുള്ള സംസാരം, അശ്ലീലദൃശ്യങ്ങള്‍ നിര്‍ബന്ധിച്ചു കാണിക്കല്‍ തുടങ്ങിയവയൊക്കെ ലൈംഗികാതിക്രമങ്ങളുടെ പട്ടികയില്‍ വന്നിട്ടുണ്ട്. ഒരുകൊല്ലംമുതല്‍ മുകളിലേക്ക് തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവയില്‍ പലതും. നിര്‍ഭയ നിയമം ഉണ്ടായിരുന്നിട്ടും സ്ത്രീകള്‍ക്കു നേരം അതിക്രമങ്ങല്‍ കൂടി വരുന്ന സാഹചര്യത്തിലാണ് വധശിക്ഷ വരെ  നല്‍കാവുന്ന നിയമ ഭേദഗതി. പുതിയ ഭേദഗതികള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ തെളിവു നിയമത്തില്‍ വരുത്താനുള്ള വ്യവസ്ഥകളും ഭേദഗതിനിയമത്തിലുണ്ട്.

വധശിക്ഷ വിരുദ്ധരും ചില ആശങ്ക വാദികളും  പുതിയ നിയമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നു. മിക്കപ്പോഴും ഇത്തരം ബലാത്സംഗങ്ങള്‍ നടത്തുന്നത് പരിചയക്കാരോ ബന്ധുക്കളോ ആണെന്നതിനാല്‍, വധശിക്ഷ ഏര്‍പ്പെടുത്തുന്നത്  ഇരകളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുമെന്നാണ്  ചിലരുടെ വാദവും. പരാതിപ്പെടാന്‍ ആളുകള്‍ മുന്നോട്ടുവരാതിരുന്നാല്‍ നിയമംകൊണ്ടുള്ള പ്രയോജനം ഇല്ലാതാകുമെന്നാണ് അവരുടെ അഭിപ്രായം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം ദുരുപയോഗം ചെയ്ത് വൈരനിര്യാതനത്തിനുള്ള വഴിയാക്കി മാറ്റുമെന്ന് ആശങ്കപ്പെടുന്നരുമുണ്ട്.  

വാദപ്രതിവാദങ്ങള്‍ എന്തായാലും പെണ്‍കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷയും അവരെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷയുമാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. നിയമഭേദഗതിയുടെ സന്ദേശം യഥാര്‍ഥ കുറ്റവാളികളെ പിന്തിരിപ്പിക്കാനും നിയമശക്തിക്കുമുന്നില്‍ കൊണ്ടുവരാനുമുള്ളതായിത്തീരും എന്നാണ് പ്രതീക്ഷിക്കുന്നത്...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.