സ്‌കൂള്‍ ബസുകളിലെ ജിപിഎസ് പ്രാവര്‍ത്തികമാക്കണം

Friday 10 August 2018 1:13 am IST

സംസ്ഥാനത്തെ 30,000ത്തോളം സ്‌കൂള്‍ ബസുകളില്‍ സെപ്തംബറിനകം അത്യാധുനിക ജിപിഎസ് ഘടിപ്പിക്കും എന്നുള്ള വാര്‍ത്തകള്‍ അത്യധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജിപിഎസ് കമ്പനികളുടെ ലിസ്റ്റ് പ്രകാരമുള്ള മോഡലുകളിലൊന്ന് സ്‌കൂള്‍ ബസുകള്‍ തിരഞ്ഞെടുക്കുന്നതോടെ വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ തടയാനും വേഗം നിയന്ത്രിക്കാനും കഴിയും. 

അതുവഴി കുട്ടികളുടെ സുരക്ഷ വര്‍ദ്ദിപ്പിക്കുവാനും സാധിക്കും. നേരത്തേ വാഹനങ്ങളില്‍ ജിപിഎസ് നിര്‍മ്മാണത്തിന് വ്യക്തമായ മാനദണ്ഡമില്ലായിരുന്നു. കമ്പനികള്‍ തോന്നുംവിധമാണ് ഇവ നിര്‍മ്മിച്ചിരുന്നത്. കൃത്യതയും സുരക്ഷാ സംവിധാനങ്ങളും കുറവായിരുന്നതുമൂലം നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് ബസ്സുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

സുനില്‍

കൊല്ലം

താറുമാറായ ഇ-പോസ് മെഷീനുകള്‍

ഇ-പോസ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും താറുമാറായിരിക്കുകയാണ്. സെര്‍വര്‍ തകരാര്‍ സ്ഥിരം സംഭവമായി മാറിയതോടെയാണ് പ്രശ്‌നത്തിന് തുടക്കമായത്. നിരവധി കുടുംബങ്ങള്‍ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. 

സംസ്ഥാനത്തെ പതിനാലായിരത്തിലധികം റേഷന്‍ കടകളുടെ പ്രവര്‍ത്തനമാണ് ഇതുമൂലം സ്തംഭിച്ചിരിക്കുന്നത്. കനത്ത മഴമൂലം തൊഴിലുറപ്പും നിര്‍മാണ മേഖലകളിലും അടക്കം പണിയില്ലാത്തെ വിഷമിക്കുന്ന സമയത്ത് ജനങ്ങള്‍ എങ്ങനെയെങ്കിലും റേഷന്‍ വാങ്ങാനെത്തുമ്പോള്‍ ഇവയുടെ തകരാറു കാരണം റേഷന്‍ ലഭിക്കാത്ത അവസ്ഥയാണ്. ഇത് റേഷന്‍ ഷോപ്പ് ഉടമകളും ഉപഭോക്താക്കളും തമ്മില്‍ വലിയ തര്‍ക്കത്തിനും കാരണമാകുന്നുണ്ട്. 

സര്‍ക്കാര്‍ ഇതിനൊരു പരിഹാരം ഉടന്‍ കാണേണ്ടതാണ്. രണ്ടാഴ്ചക്കുള്ളില്‍ ഇത് നാലാം തവണയാണ് മെഷീനുകള്‍ പണിമുടക്കുന്നത് എന്നുള്ള സത്യം അധികാരികള്‍ മനസ്സിലാക്കാത്തത് എന്തേ?.. ഈ ഓണ്‍ലൈന്‍ ഉരുട്ടിപ്പിടുത്തം എന്നെങ്കിലും അവസാനിക്കുമോ?

രാമന്‍ നായര്‍

കോട്ടയം

നിയമനങ്ങളിലെ അഴിമതി തടയണം

സര്‍ക്കാര്‍ നടത്തുന്ന നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളൊന്നും തന്നെ പ്രായോഗിക തലത്തില്‍ എത്തുന്നില്ല. നിയമനങ്ങളെ ചൊല്ലി പല മേഖലകളിലും ഇപ്പോഴും ആക്ഷേപങ്ങള്‍ ശക്തമാണ്. 

മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികകളുള്‍പ്പെടയുള്ള നിയമനങ്ങള്‍ നടത്തുമ്പോള്‍ വിജിലന്‍സിന്റെ ക്ലിയറന്‍സ് നിര്‍ബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് പൂര്‍ണ്ണമായും നടപ്പാക്കുവാന്‍ സര്‍ക്കാരിനായിട്ടില്ല. ഇതുപോലെതന്നെയാണ് പല വകുപ്പുകളിലും ഇപ്പോഴും ഭരണത്തിന്റെ തണലില്‍ സ്വന്തം ആളുകളെ തള്ളിക്കയറ്റുന്നത്. നിയമന അഴിമതിയുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതും ഇത്തരക്കാര്‍ക്ക് ഗുണകരമായി തീരുന്ന അവസ്ഥയാണ് നാം കണ്ടുവരുന്നത്. ഇത്തരക്കാരെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വം കൂടിയാണ്.

വിപിന്‍

എറണാകുളം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.