വിജയമുറപ്പിച്ച് മോദിയുടെ ഫോണ്‍ കോള്‍: കാഴ്ചക്കാരനായി രാഹുല്‍

Friday 10 August 2018 1:16 am IST

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരൊറ്റ ഫോണ്‍ വിളി. പ്രതിപക്ഷത്തുള്ള ബിജു ജനതാദള്‍ (ബിജെഡി) നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കിനെ മോദി വിളിച്ചതാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായത്. വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്ന ബിജെഡി ഇതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഒന്‍പത് അംഗങ്ങളാണ്  ബിജെഡിക്കുള്ളത്.

ജെഡിയുവിന് സ്ഥാനാര്‍ഥിത്വം നല്‍കിയതില്‍ ശിരോമണി അകാലിദള്‍ പ്രതിഷേധത്തിലായിരുന്നു. വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. ഏറെക്കാലമായി പ്രതിപക്ഷ പാര്‍ട്ടിയെപ്പോലെ പെരുമാറുന്ന ശിവസേനയുടെ കാര്യത്തിലും എന്‍ഡിഎ ക്യാമ്പില്‍ ആശങ്കയുണ്ടായിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ നിന്നും ശിവസേന വിട്ടുനിന്നിരുന്നു. എന്നാല്‍ രണ്ട് കക്ഷികളെയും മയപ്പെടുത്തി വോട്ട് ഉറപ്പിക്കാന്‍ അമിത് ഷായുടെ രാഷ്ട്രീയ നയതന്ത്രത്തിന് സാധിച്ചു. ടിആര്‍എസ്സിന്റെയും എഐഎഡിഎംകെയുടെയും വോട്ട് ഉറപ്പായതോടെ അനായാസം എന്‍ഡിഎ സ്ഥാനാര്‍ഥി ജയിച്ചുകയറി. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെയും അമിത് ഷാ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് ഉപയോഗിച്ചു. 

വിജയത്തിനായി മോദിയും ഷായും മുന്നിട്ടിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവു പോലെ കാഴ്ചക്കാരനായി. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള സുവര്‍ണാവസരം ഉപയോഗപ്പെടുത്താന്‍ രാഹുലിന് സാധിച്ചില്ല. പ്രതിപക്ഷത്തുള്ള കടുത്ത ബിജെപി വിരുദ്ധരായ ടിആര്‍എസ്സിന്റെയും ബിജെഡിയുടെയും പിന്തുണ അമിത് ഷാ ഉറപ്പാക്കിയതോടെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ വിശാല പ്രതിപക്ഷ ഐക്യവും ചോദ്യചിഹ്നമായി. 

പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ രാഹുല്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനത്തിനിടെ കോണ്‍ഗ്രസ്സിനും അധ്യക്ഷനുമെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച രാഹുല്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് കേജ്‌രിവാളിനോട് അഭ്യര്‍ഥിക്കാതിരുന്നതെന്ന് ആപ്പ് നേതാവ് സഞ്ജയ് സിങ് ചോദിച്ചു. പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ആപ്പ് വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നിരുന്നു. വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ മറ്റൊരു വിജയം കൂടി സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.