വിശാല പ്രതിപക്ഷ ഐക്യം തമാശയായി; കോണ്‍ഗ്രസ് വോട്ടുകളും ചോര്‍ന്നു

Friday 10 August 2018 1:16 am IST

ന്യൂദല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് യുവതുര്‍ക്കികള്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ സംഭാവനയാണ് നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം നഷ്ടമാക്കിയ 'രാഷ്ട്രീയ നീക്കം'. പ്രൊഫ. പി.ജെ. കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ച കേരളത്തിലെ രാഷ്ട്രീയ നീക്കത്തിന്റെ ആകെത്തുകയായി എന്‍ഡിഎയ്ക്ക് ലഭിച്ച അപ്രതീക്ഷിത ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം മാറി. 

യുവതുര്‍ക്കികളുടെ ബാലിശമായ രാഷ്ട്രീയ നീക്കത്തെപ്പറ്റി ഇപ്പോള്‍ യാതൊന്നും പ്രതികരിക്കാനില്ലെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.ജെ. കുര്യനാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ അനാവശ്യമായുണ്ടാക്കിയ പ്രായവിവാദത്തില്‍ കുര്യന് രാജ്യസഭയിലേക്ക് അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ്സിന് നഷ്ടമായത് രാജ്യസഭയിലെ ഉപാധ്യക്ഷ പദവിയും.

രാജ്യസഭയിലെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനമാണ് കോണ്‍ഗ്രസ്സിന്റെ കൈവശമുണ്ടായിരുന്ന പ്രധാന ഭരണഘടനാ പദവികളിലൊന്ന്. വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യം കണ്ട് വിട്ടു വീഴ്ചകളുടെ ഭാഗമായി പ്രൊഫ. പി.ജെ കുര്യന് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാസീറ്റ് തട്ടിയെടുത്ത് കേരളാ കോണ്‍ഗ്രസ്സിന് കൊടുത്ത നീക്കം പാളിയപ്പോള്‍ ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിട്ടത്. കോണ്‍ഗ്രസ്സിന്റെ രണ്ട് വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചിരുന്നു.

രാഹുല്‍ഗാന്ധിയുടെ ബുദ്ധിമോശമാണ് പ്രതിപക്ഷ ഐക്യം പരാജയപ്പെടാന്‍ കാരണമെന്ന് വോട്ടെടുപ്പ് പരാജയത്തിന് ശേഷം ആംആദ്മി പാര്‍ട്ടി ആരോപിച്ചു. ടിആര്‍എസ്, ബിജെഡി. എഐഎഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളോട് ചര്‍ച്ച പോലും നടത്താനാവാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചേര്‍ന്നത് രാഹുലിന്റെ പിടിപ്പുകേടാണെന്നാണ് ആപ്പിന്റെ ആരോപണം. പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിക്കാനുള്ള സുപ്രധാന തീരുമാനം എടുത്തതും രാഹുല്‍ഗാന്ധിയായിരുന്നു. തോല്‍വി ഉറപ്പായതോടെ എന്‍സിപി സ്ഥാനാര്‍ത്ഥി പിന്‍മാറിയതും അവസാന നിമിഷം കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ ഇറക്കേണ്ടിവന്നതും രാജ്യസഭയിലെ കോണ്‍ഗ്രസ് ഫ്‌ളോര്‍ മാനേജര്‍മാരുടെ പരാജയമാണ്. 

രാജ്യസഭാ ഉപാധ്യക്ഷതെരഞ്ഞെടുപ്പില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ഥി ജനതാദള്‍ (യു)വിലെ ഹരിവംശ് നാരായണ്‍ സിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ഭരണ-പ്രതിപക്ഷ നേതാക്കളും അഭിനന്ദിച്ചു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ അടുത്ത അനുയായിയായിരുന്ന ഹരിവംശ്ജിയുടെ പൊതുസേവന മേഖലയോടും ധാര്‍മികതയോടുമുള്ള പ്രതിബദ്ധത ഏറെ പ്രസിദ്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.