ആര്‍എസ്എസ് അച്ചടക്കമുള്ള സംഘടന: ജസ്റ്റിസ് ബി. കെമാല്‍ പാഷ

Thursday 9 August 2018 11:28 pm IST
ഹിന്ദു സംസ്‌കാരം എന്നത് ആര്‍ഷഭാരത സംസ്‌കാരമാണ്. അത് ഈ രാജ്യത്തെ എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണ്. നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം എന്ന് ഇസ്ലാം മതത്തില്‍ പറയുന്നുണ്ട്. അത് രാജ്യത്തെ മുസ്ലിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇതിലെ സത്യാവസ്ഥ മനസ്സിലാക്കിയിരുന്നുവെങ്കില്‍ മുസ്ലിങ്ങള്‍ മുഖ്യധാരയില്‍ നിന്ന് അകലില്ലായിരുന്നു എന്നും കെമാല്‍ പാഷ പറഞ്ഞു.

കൊച്ചി: ആര്‍എസ്എസ് അച്ചടക്കമുള്ള സംഘടനയെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. ഇതുപോലെ അച്ചടക്കമുള്ള മറ്റൊരു സംഘടനയില്ല. ഭാരതത്തിന്റെ മതനിരപേക്ഷത, ഐക്യം, അഖണ്ഡത ഇതെല്ലാം കാത്തുസൂക്ഷിക്കുന്നതിന് ഈ അച്ചടക്കം ആവശ്യമാണ്. 

എളമക്കര ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ആര്‍എസ്എസ് കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗുരുപൂജ-ഗുരുദക്ഷിണ മഹോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശസ്‌നേഹമാണ് ആര്‍എസ്എസിന്റെ മുഖമുദ്ര. അത് തെറ്റാണെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന തരത്തില്‍ ആര്‍എസ്എസ് അക്രമം ചെയ്യുമെന്നും വിശ്വസിക്കുന്നില്ല. 

ഹിന്ദു സംസ്‌കാരം എന്നത് ആര്‍ഷഭാരത സംസ്‌കാരമാണ്. അത് ഈ രാജ്യത്തെ എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണ്. നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം എന്ന് ഇസ്ലാം മതത്തില്‍ പറയുന്നുണ്ട്. അത് രാജ്യത്തെ മുസ്ലിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇതിലെ സത്യാവസ്ഥ മനസ്സിലാക്കിയിരുന്നുവെങ്കില്‍ മുസ്ലിങ്ങള്‍ മുഖ്യധാരയില്‍ നിന്ന് അകലില്ലായിരുന്നു എന്നും കെമാല്‍ പാഷ പറഞ്ഞു. ഒരു മതത്തേയും അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ലെന്നും കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. 

കാവി സമര്‍പ്പണത്തിന്റെ പ്രതീകമാണെന്ന് ചടങ്ങില്‍ പ്രഭാഷണം നടത്തിക്കൊണ്ട് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് വി. ഭാഗയ്യ പറഞ്ഞു. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഹിന്ദുവിന്റെ കര്‍ത്തവ്യം. അതിനായി എല്ലാ ഗുണങ്ങളുമുള്ളവര്‍ ഒന്നിക്കണം. ആര്‍ജിക്കുന്ന ധനവും ശക്തിയും അറിവും സമൂഹത്തിനായി പ്രയോജനപ്പെടുത്തണം. 

സനാതന ധര്‍മം സംരക്ഷിക്കപ്പെടണമെങ്കില്‍ ഹിന്ദുക്കള്‍ സംഘടിതരാകണമെന്നും ഭാഗയ്യ പറഞ്ഞു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. എറണാകുളം വിഭാഗ് സഹസംഘചാലക് എം. ശിവദാസ് ചടങ്ങില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.