ദുരിതം വിതച്ച് കണ്ണൂരില്‍ കനത്ത മഴ; സൈന്യം രംഗത്ത്

Thursday 9 August 2018 11:47 pm IST
കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള ദുരന്തങ്ങള്‍ ഉണ്ടായത്. നെല്ലിയോടി, അമ്പായത്തോട് മേഖലയില്‍ ഉരുള്‍പൊട്ടി വീടുകളടക്കം തകര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായി.

കണ്ണൂര്‍: ദുരന്തം വിതച്ച് കണ്ണൂരിന്റെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടാളവും രംഗത്തിറങ്ങി. 30 അംഗ ടെറിട്ടോറിയല്‍ ആര്‍മിയും 50 അംഗ ഡിഎസ്‌സി സേനയുമാണ് ഇന്നലെ രാവിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. കളക്ടറുടെ അഭ്യര്‍ഥന പ്രകാരമാണ് കണ്ണൂരില്‍ നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മി രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തമേഖലയിലിറങ്ങിയത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴയില്‍ ബുധനാഴ്ച ഉരുള്‍പൊട്ടലില്‍ വീടുതകര്‍ന്ന് രണ്ടുപേര്‍ മരിച്ചിരുന്നു. മലയോരമാകെ പ്രകൃതിക്ഷോഭം സൃഷ്ടിച്ച അപകടഭീഷണിയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലുള്‍പ്പെടെ മലയോര ഗ്രാമീണ മേഖലയില്‍ വെളളം കയറി ഗതാഗതം സ്തംഭിച്ചു. 

കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള ദുരന്തങ്ങള്‍ ഉണ്ടായത്. നെല്ലിയോടി, അമ്പായത്തോട് മേഖലയില്‍ ഉരുള്‍പൊട്ടി വീടുകളടക്കം തകര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായി. പാല്‍ച്ചുരം റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിര്‍ത്തി. കണിച്ചാര്‍ ടൗണില്‍ വെള്ളം കയറിയ നിലയിലാണ്. കൊട്ടിയൂര്‍ മേഖലയിലെ വാഹന ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകളും പാലങ്ങളും തകര്‍ന്നതിനെ തുടര്‍ന്നാണിത്. ഈ മേഖലയില്‍ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ മലയോര മേഖലകളില്‍ ഇരുന്നൂറോളം വീടുകളില്‍ വെള്ളം കയറി. കോടിക്കണക്കിന് രൂപയുടെ കൃഷികള്‍ നശിച്ചു. നിരവധി കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറ്റിപ്പാര്‍പ്പിച്ചു.

അയ്യംകുന്ന് പഞ്ചായത്തില്‍ ഇരുപതോളം പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നൂറിലേറെ കുടുംബങ്ങളാണ് ഇവിടെ ഒറ്റപ്പെട്ടത്. ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. റോഡുകളും പാലങ്ങളും മിക്കയിടത്തും തകര്‍ന്നു. ഇതുമൂലം പല പ്രദേശങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്.

ചതിരൂര്‍ 110 കോളനിയിലെ കുടുംബങ്ങളെ മാങ്കോട് എല്‍പി സ്‌കൂളില്‍ മാറ്റിപ്പാര്‍പ്പിച്ചു. വിയറ്റ്‌നാം പ്രദേശത്തുള്ള കുടുംബങ്ങളെ പുതിയങ്ങാടി മദ്രസ്സയിലേക്കു മാറ്റി. പരിപ്പുതോട് പാലം തകര്‍ന്നു. ആറളം പുനരധിവാസ മേഖലയില്‍ പതിമൂന്നാം നമ്പര്‍ ബ്ലോക്കിലെ 200 കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം പുനര്‍നിര്‍മിച്ച വളയംചാല്‍ പാലം വീണ്ടും ഒലിച്ചുപോയി.

ദുരന്തബാധിതരെ മാറ്റിപാര്‍പ്പിക്കാനായി തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. നിലയ്ക്കാതെ പെയ്തിറങ്ങുന്ന മഴയില്‍ ജനം കടുത്ത ആശങ്കയിലാണ്. എപ്പോഴും എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് മലയോര മേഖല മുഴുവന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.