തോക്കു ചൂണ്ടിയത് നിവേദനത്തില്‍ ഒപ്പിട്ടവര്‍ക്കെതിരെയെന്ന് അലന്‍സിയര്‍

Friday 10 August 2018 1:24 am IST

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ താന്‍ ഭാവാത്മകമായി തോക്കു ചൂണ്ടിയത് മോഹന്‍ലാലിനെതിരെ നിവേദനത്തില്‍ ഒപ്പിട്ടവര്‍ക്കെതിരെയെന്ന് സ്വഭാവനടനുള്ള പുരസ്‌കാരം ലഭിച്ച അലന്‍സിയര്‍ ലെ ലോപ്പസ്. മോഹന്‍ലാലിനെ  ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ടവരില്‍ പലരും ആ വേദിയിലുണ്ടായിരുന്നു. ഈ പൊള്ളത്തരത്തെ ചോദ്യം ചെയ്തതാണ് ഞാന്‍ വിരലുകള്‍ കൊണ്ട് തോക്ക് ചൂണ്ടിയതെന്ന് അലന്‍സിയര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പ്രസംഗിക്കവെ അലന്‍സിയര്‍ തോക്കുചൂണ്ടി വെടിവയ്ക്കുന്ന തരത്തില്‍ ആംഗ്യപ്രകടനം നടത്തിയിരുന്നു. മോഹന്‍ലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തില്‍ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോളും ഒപ്പിട്ടിരുന്നു. എന്നാല്‍ ബീനാപോള്‍ പുരസ്‌കാരദാന ചടങ്ങില്‍ ലാലിനൊപ്പം വേദി പങ്കിട്ടു. 

 നമ്മുടെ സമൂഹത്തിലെ കോമാളിത്തരത്തെയാണ് ഞാന്‍ ചോദ്യം ചെയ്തത്. മോഹന്‍ലാല്‍ താര സംഘടനയുടെ തലപ്പത്ത് വന്നതിനാല്‍ പുരസ്‌ക്കാരദാന ചടങ്ങില്‍ നിന്ന് ഒഴിവാക്കണമെന്ന് പറയുന്നത് ശരിയല്ല. തോക്കു ചൂണ്ടിയ ശേഷം സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ച എന്നെ എന്തുകൊണ്ട് സുരക്ഷാ ജീവനക്കാര്‍ തടഞ്ഞില്ല. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്ന വേദിയാണിത്. 

സുരക്ഷയെ സംബന്ധിച്ചും ഞാന്‍ ആക്ഷേപഹാസ്യത്തിലൂടെ അപഹസിക്കുകയാണ് ചെയ്തത്; അലന്‍സിയര്‍ പറഞ്ഞു. എന്നാല്‍ അലന്‍സിയര്‍ അങ്ങനെ കാട്ടിയതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് നല്ല നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഇന്ദ്രന്‍സ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.