ഇടുക്കിയില്‍ ഒന്‍പതിടത്ത് ഉരുള്‍പൊട്ടല്‍; 11 പേര്‍ മരിച്ചു

Friday 10 August 2018 1:26 am IST
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന് പിന്‍വശത്തുള്ള മലയടിവാരത്ത് നിന്ന് പൊട്ടിയെത്തിയ ഉരുള്‍ ഉറങ്ങിക്കിടന്നവരുടെ ജീവനെടുത്തു. കൊരങ്ങാട്ടി വനവാസിക്കുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദമ്പതികള്‍ മരിച്ചു.

ഇടുക്കി: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം 11 പേര്‍ മരിച്ചു. ഇടുക്കി താലൂക്കില്‍ നാല് പേരും ദേവികുളത്ത് ഏഴ് പേരുമാണ് മരിച്ചത്. ഇടുക്കി താലൂക്കില്‍ രണ്ട് പേരെ കാണാതായി. അടിമാലി, കൊരങ്ങാട്ടി, പെരിയാര്‍വാലി, രാജപുരം, കമ്പിളികണ്ടം, മങ്കുവ, ഈട്ടിത്തോപ്പ്, മാവടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. 

അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം എട്ട് പേര്‍ക്ക് ദാരുണാന്ത്യം. അടിമാലി ലക്ഷം വീടിന് സമീപം പുതിയകുന്നേല്‍ ഫാത്തിമ (65), മകന്‍ മുജീബ് (35), ഭാര്യ ഷമീന (32), മക്കളായ നിയ (നാല്), ദിയ (ആറ്) എന്നിവരാണ് മരിച്ചത്. ഗൃഹനാഥന്‍ ഹസന്‍കുട്ടി (70), ഷെമീനയുടെ ബന്ധു കൊല്ലം കല്ലുവെട്ടിക്കുഴി സൈനുദ്ദീന്‍ (50) എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീടിന് പിന്‍വശത്തുള്ള മലയടിവാരത്ത് നിന്ന് പൊട്ടിയെത്തിയ ഉരുള്‍ ഉറങ്ങിക്കിടന്നവരുടെ ജീവനെടുത്തു. കൊരങ്ങാട്ടി വനവാസിക്കുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദമ്പതികള്‍ മരിച്ചു. കറുമ്പനാനിക്കല്‍ മോഹനന്‍ (52), ഭാര്യ ശോഭ (46) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിയോടെ അയല്‍വാസികളായ ബന്ധുക്കളാണ് വീട് തകര്‍ന്നത് കണ്ടത്. കമ്പിളികണ്ടം കുരിശുകുത്തി മലയില്‍ ഉരുള്‍പൊട്ടിയാണ് പന്തപ്പിള്ളില്‍ മാണിയുടെ ഭാര്യ തങ്കമ്മ (46) മരിച്ചത്. വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് മകന്‍ ഓടി മാറി. ഭര്‍ത്താവ് മാണി പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

കീരിത്തോട് പെരിയാര്‍വാലിയില്‍ കൂട്ടാക്കല്‍ ആഗസ്തി (70), ഭാര്യ ഏലിക്കുട്ടി (65), രാജപുരം കരികുളത്തില്‍ പരേതനായ കുമാരന്റെ ഭാര്യ മീനാക്ഷി (93), മീനാക്ഷിയുടെ മക്കളായ ഉഷ (57), രാജന്‍ (55) എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ പ്രതികൂല കാലാവസ്ഥ തടസ്സപ്പെടുത്തിയിരിക്കുകയാണ്. ദേവികുളത്ത് 35 വീടുകള്‍ ഭാഗികമായും 12 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 

ഇടുക്കി താലൂക്കില്‍ രണ്ടും ഉടുമ്പന്‍ചോലയില്‍ നാലും വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിലാകെ 213 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൊന്നത്തടി വില്ലേജില്‍ 63, കഞ്ഞിക്കുഴി-90, വാത്തിക്കുടി-60 എന്നിങ്ങനെയാണ് ആളുകളെ മാറ്റിയിരിക്കുന്നത്. മങ്കുവയില്‍ രണ്ടിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. ഈട്ടിത്തോപ്പില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അരയേക്കറോളം കൃഷിയിടം നശിച്ചു. 

മാവടി കാരിത്തോട് ഭാഗത്ത് ഉണ്ടായ ഉരുള്‍പൊട്ടലില്‍ അരയേക്കറോളം കൃഷി നശിക്കുകയും കുന്നേല്‍ അജീഷ് ചാക്കോയുടെ വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. വണ്ടിപ്പെരിയാറില്‍ ദേശീയ പാതയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.