വിറങ്ങലിച്ച് വയനാട്

Friday 10 August 2018 1:26 am IST

കല്‍പ്പറ്റ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് വയനാട്. തുടര്‍ച്ചയായ രണ്ടാംദിവസവും കനത്ത മഴ പെയ്തതോടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയില്‍. ജില്ലയില്‍ 11 ഇടത്ത് ഉരുള്‍പൊട്ടി. വൈത്തിരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട്ടമ്മയും മാനന്തവാടി മക്കിമലയിലെ ഉരുള്‍പൊട്ടലില്‍ ദമ്പതികളും മരിച്ചു. സുരക്ഷാ മുന്‍കരുതലായി ജില്ലയില്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്ത്. നേവിയുടെ രണ്ട് ഹെലിക്കോപ്ടറുകള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരിച്ചുപോയി. ജില്ലയിലേക്കുള്ള അഞ്ച് ചുരം റോഡുകളിലും ഗതാഗതതടസ്സമാണ്. താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം വൈകുന്നേരത്തോടെ ഭാഗികമായി പുനഃസ്ഥാപിച്ചു.  

ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. കാരാപ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബീച്ചനഹള്ളി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് 71100 ക്യുബിക് അടി ജലം പുറത്തേക്കൊഴുക്കിവിട്ടുകൊണ്ടിരിക്കുകയാണ്. വൈത്തിരി പോലീസ് സ്റ്റേഷന്‍ മണ്ണിടിഞ്ഞ് വീണ്  ഭാഗികമായി തകര്‍ന്നു. ലക്ഷം വീട് കോളനിയിലെ രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 

കഴിഞ്ഞ 24 മണിക്കൂറില്‍ 354 മി. മീറ്റര്‍ മഴ വയനാട്ടില്‍ ലഭിച്ചു. ഈ മണ്‍സൂണില്‍ 2632.67 എംഎം മഴയാണ് ഇതുവരെ ലഭിച്ചത്. ഈ മണ്‍സൂണിലല്‍ 530  വീടുകള്‍ ജില്ലയില്‍ ഭാഗികമായി തകര്‍ന്നു. ഇന്നലെമാത്രം 18 വീടുകളാണ് തകര്‍ന്നത്. പഞ്ചാരക്കൊല്ലി വാളാട്ട്ക്കുന്നില്‍ ഉരുള്‍പൊട്ടി പാലം ഒലിച്ചുപോയി. ചുണ്ടക്കടുത്ത് ഓടത്തോടും ഉരുള്‍പൊട്ടി. ചുണ്ടപക്കാളിപ്പള്ളം പാലം ഒലിച്ചുപോയി. വരടിമൂല റോഡ് തകര്‍ന്നു. കരാപ്പുഴ കനാലിന്റെ 40 മീറ്റര്‍ ഭാഗം ഒലിച്ചുപോയി. ജില്ലയില്‍ 51 ദുരിതാശ്വാസ ക്യാമ്പുകളിലായി 3306 പേര്‍. അയ്യായിരത്തിലധികം പേര്‍ ബന്ധു വീടുകളില്‍പോയി. ചിത്രമൂലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊട്ടത്തോണി മറിഞ്ഞു. നാലുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

വെള്ളമുണ്ടയില്‍ നിന്നും കല്‍പ്പറ്റയ്ക്ക് പോയ നാലംഗ സംഘത്തിന്റെ കാര്‍ കാവുംമന്ദത്ത് ഒലിച്ചുപോയി. ആളപായമില്ല. കനത്തമഴയില്‍ ജില്ലയില്‍ വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.