ഇടുക്കിയില്‍ ജലനിരപ്പ് കൂടുന്നു; കൂടുതല്‍ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും

Friday 10 August 2018 1:41 am IST

ഇടുക്കി: നൂറ്റാണ്ടിലെ തന്നെ ചരിത്രനിമിഷത്തെ സാക്ഷിയാക്കി ഇടുക്കി സംഭരണിയുടെ ഷട്ടര്‍ ഇന്നലെ ഉച്ചയോടെ തുറന്നു. ഉച്ചയ്ക്ക് 12.32ന് ജലനിരപ്പ് 2399.09 അടിയെത്തിയതോടെയാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാംനമ്പര്‍ ഷട്ടര്‍ 50 സെ.മീ. ഉയര്‍ത്തിയത്. കാലവര്‍ഷത്തില്‍ ആദ്യമായും നിര്‍മാണത്തിന് ശേഷം ഇത് മൂന്നാം തവണയുമാണ് ഷട്ടര്‍ തുറക്കുന്നത്. 

ആദ്യം നാല് മണിക്കൂറിന് ശേഷം ഷട്ടര്‍ അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജലനിരപ്പ് കൂടിയതിനാല്‍ ഇത് ഇന്ന് രാവിലെ വരെ നീട്ടി. രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ മറ്റ് തീരുമാനങ്ങള്‍ എടുക്കൂ എന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു വ്യക്തമാക്കി. അതേസമയം ജലനിരപ്പ് കൂടുന്നതിനാല്‍ നിലവിലെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുകയോ മറ്റ് ഷട്ടറുകള്‍ ഉയര്‍ത്തുകയോ ചെയ്യാനുള്ള സാധ്യത ഏറുകയാണ്. ഇന്നലെ രാത്രി ഒമ്പതിന് അവസാനം വിവരം ലഭിക്കുമ്പോള്‍ 2400.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 

26 വര്‍ഷത്തിന് ശേഷമാണ് നിയന്ത്രണവിധേയമായി ഷട്ടര്‍ ഉയര്‍ത്തുന്നത്. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഇതുവഴി ചെറുതോണി പുഴയിലേക്ക് ഒഴുകിയത്. 12.50ഓടെയാണ് വെള്ളം ചെറുതോണി ടൗണിലെത്തിയത്. ഇവിടെ നിന്ന് കരിമ്പന്‍, കീരിത്തോട് വഴി ലോവര്‍ പെരിയാര്‍ സംഭരണിയിലെത്തി. ഇവിടെയുള്ള അഞ്ച് ഷട്ടറുകളും നേരത്തെ തുറന്ന് വച്ചിരുന്നു. അവിടെ നിന്ന് ജില്ലയുടെ അതിര്‍ത്തി വിട്ട് ഭൂതത്താന്‍കെട്ടില്‍ എത്തിയ വെള്ളം വൈകിട്ട് ഏഴരയോടെ ആലുവയിലും എത്തി. കൂടുതല്‍ വെള്ളം എത്തിയതോടെ മൂന്ന് മണിയോടെ ഭൂതത്താന്‍കെട്ടിലെ 14 ഷട്ടറുകളും ഉയര്‍ത്തി.

ഇതിന് മുമ്പ് 1981 ഒക്ടോബര്‍ 29നും, 1992ല്‍ ഒക്ടോബര്‍ 12നുമാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.