പി.നാരായണന്‍ മാസ്റ്റര്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: അഡ്വ.കെ.കെ.ബാലറാം

Friday 10 August 2018 1:48 am IST

 

കണ്ണൂര്‍: ജില്ലയിലെ പ്രതികൂല സാഹചര്യങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു എളയാവൂര്‍ പി.നാരായണന്‍ മാസ്റ്റര്‍. പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം പറഞ്ഞു. കണ്ണൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ പ്രമുഖ ആധ്യാത്മികനും ബിജെപി നേതാവുമായിരുന്ന പി.നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 നാരായണന്‍ മാസ്റ്ററെ പോലുളളവരുടേയും ജീവന്‍പോലും നല്‍കി പ്രസ്ഥാനത്തിനു വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്തവരുടേയും പ്രവര്‍ത്തനമാണ് ഇന്ന് സംഘപ്രസ്ഥാനങ്ങള്‍ക്കുണ്ടായിട്ടുളള അനുകൂല സാഹചര്യങ്ങള്‍ക്ക് പിന്നിലുളളത്. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ജനസമതിയുളള പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയ്ക്ക് വന്നുപെട്ടിരിക്കുന്ന മൂല്യശോഷണം നമ്മുടെ നാടിനെ സംബന്ധിച്ച കാന്‍സറാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്‍ പറഞ്ഞു. ഇതിന് മരുന്ന് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. മൂല്യച്യുതിക്ക് മാറ്റം വരണം. മാറ്റത്തിനായി പ്രവര്‍ത്തിക്കാന്‍ പി.നാരായണന്‍ മാസ്റ്ററുടെ ജീവിതം മാതൃകയാക്കാവുന്നതാണ്. നാം ഓരോരുത്തരും മൂല്യച്യുതിയെ അതിജീവിക്കാന്‍ പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ സംഘടനയ്ക്കും സമാജത്തിനും സ്ഥായിയായ നിലനില്‍പ്പുളളൂ. നഷ്ടപ്പെട്ട മൂല്യങ്ങളെ കുറിച്ച് പുതിയ തലമുറ ബോധവാന്മാരല്ല. യോഗ്യതയുളള വ്യക്തിത്വങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുളളത്. വ്യക്തിത്വ രൂപീകരണം നടക്കുന്നില്ല. അപചയത്തില്‍ നിന്നും പുതിയ തലമുറയെ മുക്തമാക്കാന്‍ പ്രയത്‌നിക്കാന്‍ തയ്യാറാവാതിരുന്നാല്‍ അത് ത്യാഗ പൂര്‍ണ്ണമായ ജീവിതം നയിച്ച മാതൃകാ പുരുഷന്മാരോട് ചെയ്യുന്ന മഹാ അപരാധമാകുമത്. നാരായണന്‍ മാസ്റ്ററെ പോലുളള മഹത് വ്യക്തിത്വങ്ങളുടെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും ഫലമാണ് നാമിന്ന് കാണുന്ന മാറ്റമെന്നും അടിത്തറ ബലമില്ലെങ്കില്‍ ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ജന്മഭൂമി മുന്‍ റസിഡന്റ് എഡിറ്ററും ബിജെപി സംസ്ഥാന സമിതിയംഗവുമായ എ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മറ്റിയംഗം കെ.കെ.ശശിധരന്‍ സ്വാഗതവും എം.വി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.