പോലീസുകാരെ തുടര്‍ഡ്യൂട്ടി നല്‍കി ശിക്ഷിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Friday 10 August 2018 1:55 am IST

 

കണ്ണൂര്‍: ഉയര്‍ന്ന പോലീസുദേ്യാഗസ്ഥര്‍ ശിക്ഷയുടെ ഭാഗമായി കീഴുദേ്യാഗസ്ഥരെ വിശ്രമത്തിന് അവസരം നല്‍കാതെ തുടര്‍ച്ചയായി ജോലിക്ക് നിയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അടിയന്തിരമായി നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. 

പരാതിയെക്കുറിച്ച് സംസ്ഥാനത്തുടനീളം അനേ്വഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. 

നാലുദിവസം തുടര്‍ച്ചയായി കണ്ണൂര്‍ എ.ആര്‍ ക്യാമ്പില്‍ ഗാര്‍ഡ് ഡ്യൂട്ടി നല്‍കിയതിനെ തുടല്‍ന്ന് പോലീസുകാരന്‍ കുഴഞ്ഞ് വീണ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി അനേ്വഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഇരിട്ടി സ്വദേശിയായ ഷഫീറാണ് തളര്‍ന്നു വീണത്. ശിക്ഷയായാണ് ഷഫീറിന് അധിക ഡ്യൂട്ടി നല്‍കിയത്. നാലുദിവസം ബുധനാഴ്ചയാണ് പൂര്‍ത്തിയാകേണ്ടിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാത്രി ഇദ്ദേഹം തളര്‍ന്നു വീഴുകയാണുണ്ടായത്. ജോലിക്ക് വീഴ്ച വരുത്തിയതിനാണ് ശിക്ഷ നല്‍കിയെതന്ന് പത്രവാര്‍ത്തകളില്‍ പറയുന്നു. പരമാവധി രണ്ട് ദിവസത്തെ ഡ്യൂട്ടിയാണ് ശിക്ഷയായി നല്‍കാറുള്ളത്. ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതു കാരണമാണ് ഷഫീര്‍ തളര്‍ന്നു വീണെതന്ന് മനസിലായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.