ദുരിതാശ്വാസ നടപടികള്‍ ഊര്‍ജ്ജിതമാക്കി

Friday 10 August 2018 2:06 am IST

 

കണ്ണൂര്‍:  കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഗതാഗത തടസ്സങ്ങള്‍ നീക്കിത്തുടങ്ങി. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി പഞ്ചായത്ത് റവന്യൂ അധികൃതര്‍ നടപടി തുടങ്ങി. റോഡുകള്‍ അടിന്തിരമായി ഗതാഗത യോഗ്യമാക്കി. ചന്ദനക്കാംപാറ -വഞ്ചിയം റോഡ്, റേഷന്‍ കട-വഞ്ചിയം കോളനി റോഡ്, പാടാംകവല-കാഞ്ഞിരക്കൊല്ലി റോഡ്, ശാന്തിനഗര്‍-കേനംകയം റോഡ് എന്നിവയാണ് ഗതാഗത യോഗ്യമാക്കിയത്. 

ഡെപ്യൂട്ടി തഹസീല്‍ദാര്‍ പി.വിജയന്റെ നേതൃത്വത്തില്‍ റവന്യൂ അധികൃതരും പഞ്ചായത്ത് അധികൃതരും നേതൃത്വം നല്‍കി. പയ്യാവൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് നാശനഷ്ടം ഏറെയുണ്ടായിട്ടുള്ളത്. പത്തോളം പേരുടെ കൃഷിയിടങ്ങള്‍ ഉരുള്‍പൊട്ടലില്‍ നശിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം മേഖലയില്‍ കര്‍ണ്ണാടക വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാ ണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. ശ്രീകണ്ഠപുരം ബസ്സ്റ്റാന്റ്, ടൗണ്‍ എന്നിവിടങ്ങളിലെ 250ലേറെ കടകളില്‍ വെള്ളം കയറി. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 

സാമാബസാര്‍, എംഎം കോംപ്ലക്‌സ് എന്നിവിടങ്ങളിലും സെഞ്ച്വറി ഫാഷന്‍ സിറ്റി, കരിക്കന്‍സ്റ്റീല്‍സ് തുടങ്ങിയ നിരവധി കടകളിലും വെള്ളം കയറിയിരുന്നു. കോട്ടൂര്‍ പെട്രോള്‍ പമ്പിലും മടമ്പം ദേവാലയ പാരീഷ് ഹാളിലും ബസ്സ്റ്റാന്റിലും വെള്ളം കയറി. മടമ്പത്ത് സംസ്ഥാന പാതയില്‍ വെള്ളം കയറിയതിനാല്‍ ഗതാഗത തടസ്സവും ഉണ്ടായി. ഇന്നലെ വൈകിട്ടോടെ മഴ ശക്തികുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിരിക്കുകയാണ്. ഇതോടെ വാഹന ഗതാഗതം ആരംഭിച്ചിട്ടുണ്ട്.

പയ്യാവൂര്‍, ഏരുവേശ്ശി, ചെമ്പന്തൊട്ടി, ഇരിക്കൂര്‍ തുടങ്ങിയ മേഖലകളിലും വെള്ളം കയറിയിരുന്നു. പ്രധാന ജലശ്രോതസ്സുകളായ വളപട്ടണം പുഴ, ഇരിക്കൂര്‍ പുഴ, വെമ്പുവ പുഴ, കോട്ടൂര്‍ പുഴ, നുച്യാട് പുഴ, ആറളം പുഴ എന്നിവ നിറഞ്ഞുകവിയുകയാണ്. കനത്ത മഴയില്‍ പൊറോറ, പെരിയച്ചൂര്‍, മണ്ണൂര്‍ മേഖലയിലെ വീടുകളിലും വെള്ളം കയറി. ഈ മേഖലയില്‍ ചില വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

കക്കാട്-പള്ളിപ്രം-മുണ്ടയാട് റോഡില്‍ വെള്ളംകയറിയതിനാല്‍ ഇതുവഴിയുള്ളവാഹന ഗതാഗതം തടസ്സ്‌പെട്ടു. കക്കാട് പുഴ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. പഴശ്ശി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചാവശ്ശേരി വെളിയമ്പ്ര മേഖലയില്‍ വെള്ളംകയറി. ഏതാനും വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. 

വെളിയമ്പ്ര, കൊട്ടാരം, കാഞ്ഞിരംകരി, അക്കരമ്മല്‍, പറയനാട് പ്രദേശങ്ങളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.